നുറുക്ക് ഗോതമ്പ് കട്ലറ്റ്
ചേരുവകൾ
നുറുക്ക് ഗോതമ്പ്...........അരക്കപ്പ്
ഗോതമ്പുപൊടി..........4 ടേ.സ്പൂൺ
ബീറ്റ്റൂട്ട്.................ഒന്ന് (ചെറുത്)
പച്ചമുളക്.............നാലെണ്ണം
സവാള.................ഒന്ന് (ചെറുത്)
കറിവേപ്പില............ആവശ്യത്തിന്
ഉപ്പ്...............ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
നുറുക്കുഗോതമ്പ് കുതിർത്ത് കുക്കറിൽ വേവിച്ചെടുക്കുക. ചൂടായ ചീനച്ചട്ടിയിൽ കടുക് പൊട്ടിച്ച് ചെറുരീതിയിൽ അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും സവാളയും ബീറ്റ്റൂട്ടും വഴറ്റുക. അതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന നുറുക്കുഗോതമ്പ് വെള്ളം മാറ്റിയശേഷം ഇട്ട് യോജിപ്പിച്ച് അടുപ്പിൽ നിന്നും വാങ്ങുക. തണുത്തതിനുശേഷം അതിലേക്ക് ഗോതമ്പുപൊടികൂടി ചേർത്ത് ചെറിയ കട്ലറ്റ് ആകൃതിയിൽ തിളച്ച എണ്ണയിൽ മുക്കി വറുത്തെടുക്കാം.
നുറുക്ക് ഗോതമ്പ് കുക്കർ പായസം
ചേരുവകൾ
നുറുക്ക് ഗോതമ്പ്.............ഒരുകപ്പ്
പശുവിൻപാൽ..............1/3 ലിറ്റർ
പഞ്ചസാര...................ആവശ്യത്തിന്
നെയ്യ്......................3 ടേ.സ്പൂൺ
അണ്ടിപ്പരിപ്പ്, കിസ്മിസ്............കുറച്ച്
തയ്യാറാക്കുന്നവിധം
നുറുക്കുഗോതമ്പ് കഴുകി വൃത്തിയാക്കി ഒരു മണിക്കൂർ കുതിർത്ത് വയ്ക്കുക. കുക്കറിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ച് കുതിർത്തു ഊറ്റിവച്ചിരിക്കുന്ന ഗോതമ്പ് രണ്ടുമിനിറ്റ് വഴറ്റിയശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പ് ചേർത്ത് വേവിക്കാൻ വയ്ക്കുക. മൂന്നുവിസിൽ കേട്ടശേഷം മുക്കാൽ ലിറ്റർ പാൽ ഒഴിച്ച് 5-7 മിനിട്ട് ചെറുതീയിൽ വേവിക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർക്കുക. തുടർന്ന് കുറച്ച് പഞ്ചസാര ഉരുക്കി (കാരമൽസ് ചെയ്തത്) കൂടി പായസത്തിൽ ചേർക്കുക. അണ്ടിപ്പരിപ്പും കിസ്മിസും കൂടി നെയ്യിൽ വറുത്തിടുക.
നുറുക്കുഗോതമ്പ് ലഡു
ചേരുവകൾ
നുറുക്കുഗോതമ്പ്..............ഒരു കപ്പ് (ചൂടാക്കി തരിയായി പൊടിച്ചത് )
തേങ്ങ.................കാൽക്കപ്പ്
ശർക്കര...........ആവശ്യത്തിന്
ഏലയ്ക്കൊപ്പൊടി...........കാൽ ടീ.സ്പൂൺ
തയ്യാറാക്കുന്നവിധം
തരിതരിയായി പൊടിച്ചുവച്ചിരിക്കുന്ന നുറുക്കുഗോതമ്പിലേക്ക് ശർക്കര ചീകി ചേർക്കുക. തുടർന്ന് ചിരകിവച്ചിരിക്കുന്ന തേങ്ങയും ഏലയ്ക്കാപ്പൊടിയും ജീരകപ്പൊടിയും തിരുമ്മിച്ചേർക്കുക. അതിനുശേഷം കൈ ചെറുതായി നനച്ച് നന്നായി തിരുമ്മുക. വേണമെങ്കിൽ അര ടീസ്പൂൺ നെയ്യും ചേർക്കാം. തുടർന്ന് ചെറിയ ഉരുളകളായി ഉപയോഗിക്കുക.
നുറുക്ക് ഗോതമ്പ് കുക്കർ ഉപ്പുമാവ്
ചേരുവകൾ
ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന കാരറ്റ്........ഒന്ന്
സവാള...................ഒന്ന് (ചെറുതായരിഞ്ഞത്)
വറ്റൽ മുളക്...........നാലെണ്ണം
കടുക്, ഉഴുന്നുപരിപ്പ്............കാൽ ടീ.സ്പൂൺ വീതം
തയ്യാറാക്കുന്നവിധം
ചൂടായ കുക്കറിൽ ഒരു ടേ.സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉഴുന്നുപരിപ്പും വറ്റൽമുളകും ചെറുതായി മുറിച്ചുവച്ചിരിക്കുന്ന സവാളയും ചേർത്ത് കടുക് പൊട്ടിച്ച് കാരറ്റിട്ട് വഴറ്റുക. അതിലേക്ക് രണ്ട് കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിന് ഉപ്പുമിട്ട് കുതിർത്ത് വച്ചിരിക്കുന്ന നുറുക്ക് ഗോതമ്പുമിട്ട് രണ്ട് വിസിൽ കേൾപ്പിക്കുക. രണ്ട് വിസിലിനുശേഷം കുക്കർ തുറന്ന് മറ്റൊരു പാത്രത്തിലാക്കി ചൂടോടെ വിളമ്പാം.