കബന്ധൻ എന്ന് പേരായ രാക്ഷസേന്ദ്രന്റെ കൈകളിൽ പെട്ടിരിക്കുകയാണ് രാമലക്ഷ്മണന്മാർ. അവന്റെ കൈകൾ യമദേവന്റെ ദണ്ഡം പോലെ. ആ ഹസ്തപാശക്കുരുക്കിൽ അവശരായി നിൽക്കുന്ന രാമലക്ഷ്മണന്മാരോട് കഠിനമായും പരിഹാസസ്വരത്തിലും കബന്ധൻ ഇപ്രകാരം ചോദിച്ചു: ''ഞാൻ കഠിനമായി വിശപ്പുകൊണ്ട് പാരവശ്യത്തിലാണ്. അധികസമയം അതു സഹിക്കാനാകില്ല. നിങ്ങൾ എന്നെ ഇമവെട്ടാതെ നോക്കിനിൽക്കുകയാണല്ലോ. ദൈവം നിങ്ങളെ എന്റെ അടുത്തേക്ക് അയച്ചതാകണം. വിശപ്പടക്കാനുള്ള അന്നമാണ് നിങ്ങൾ.""
കബന്ധന്റെ കഠോരമായ വാക്കുകൾ ലക്ഷ്മണന്റെ കോപവും ദുഃഖവും വർദ്ധിപ്പിച്ചു. എങ്കിലും അത് കാര്യമായെടുക്കാതെ നിസാരഭാവത്തിൽ ജ്യേഷ്ഠനോട് ആശ്വാസവാക്കുകൾ തുടർന്നു: ''ജ്യേഷ്ഠാ... നമ്മൾ ഇരുവരെയും ഈ ദുഷ്ടരാക്ഷസൻ ഭക്ഷിക്കാനിടയുണ്ട്. ഇവന്റെ ദീർഘമായ ബാഹുക്കൾ അങ്ങ് വാളെടുത്ത് വെട്ടണം. ഇവന്റെ കരുത്ത് മുഴുവൻ കരങ്ങളിലാണ്. എന്തിനെയും ഹസ്തബലം കൊണ്ട് ഇവൻ കീഴടക്കും. നമ്മെയും അനായാസം നിഗ്രഹിക്കാമെന്നാണ് ഇവന്റെ വിചാരം. ഇവൻ ഭീരുവാണ്. ചേഷ്ടകളൊന്നുമില്ലാതെ വെറുതെ നിൽക്കുകയാണിവൻ. അങ്ങനെ നിൽക്കുമ്പോൾ ഉപദ്രവിക്കുന്നതും ശരിയല്ല. അത് ധർമ്മത്തിന് നിരക്കുന്നതുമല്ല. യാഗമദ്ധ്യത്തിൽ നിൽക്കുന്ന പശുവിനെപ്പോലെയാണ് ഇവന്റെ നിൽപ്പ്.""
ലക്ഷ്മണന്റെ ദൃഢമായ വാക്കുകൾകേട്ടപ്പോൾ രാക്ഷസേന്ദ്രന്റെ ക്രോധം ആളിക്കത്തി. വായ പിളർന്നപ്പോൾ കൂറ്റൻ ഗുഹപോലെയായി. രാമലക്ഷ്മണന്മാരെ അവൻ വായ്ക്കുള്ളിലാക്കാൻ ശ്രമിച്ചു. കബന്ധന്റെ തന്ത്രം മനസിലാക്കിയ കുമാരന്മാർ തോളത്തുനിന്നുകൊണ്ട് അവന്റെ കരങ്ങളിൽ ആഞ്ഞുവെട്ടി. ശ്രീരാമൻ വലം കൈയും ലക്ഷ്മണൻ ഇടം കൈയും മുറിച്ചിട്ടു. വൈകാതെ അലറിക്കൊണ്ട് ദുഷ്ടരാക്ഷസൻ നിലം പതിച്ചു. ഇടിവെട്ടുംപോലുള്ള അലർച്ചകേട്ട് കാടും മലയും അന്തരീക്ഷവും ഞെട്ടിവിറച്ചു. നിലത്ത് മുറിഞ്ഞുകിടക്കുന്ന കൈകളിൽ നിന്ന് രക്തം വാർന്നൊഴുകുന്നതുകണ്ട കബന്ധൻ കുമാരന്മാരെ നോക്കി പതുക്കെ ചോദിച്ചു: ''നിങ്ങളാരാണെന്ന് പറഞ്ഞാലും.""
തങ്ങളെപ്പറ്റി പറയാൻ ഇതുതന്നെ തക്കം എന്ന് മനസിലാക്കിയ ലക്ഷ്മണൻ സന്തോഷത്തോടെ ഇപ്രകാരം പറഞ്ഞു: ''ദശരഥ മഹാരാജാവിന്റെ മൂത്തപുത്രനായ ശ്രീരാമനാണിത്. ധർമ്മിഷ്ഠനും വീരശൂരപരാക്രമിയുമാണ്. അദ്ദേഹത്തിന്റെ അനുജനായ ലക്ഷ്മണനാണ് ഞാൻ. ആളൊഴിഞ്ഞ കൊടുംകാട്ടിൽ ഞങ്ങൾ ആശ്രമം നിർമ്മിച്ച് താമസിക്കുകയായിരുന്നു. ജ്യേഷ്ഠന്റെ ധർമ്മപത്നിയായ സീതാദേവിയും ഉണ്ടായിരുന്നു. ഇതിനിടയിൽ ഏതോ പാപിയായ രാക്ഷസൻ ദേവിയെ അപഹരിച്ചു. ജ്യേഷ്ഠത്തിയെ കണ്ടെത്താൻ ഞങ്ങൾ അന്വേഷണം തുടരുകയാണ്. നീ ആരാണെന്ന് പറയുക. നീ എങ്ങനെ കബന്ധാകൃതിയായി? ഉദരത്തിലാണല്ലോ നിന്റെ ശിരസ്. ഈ കാട്ടിലിങ്ങനെ ഇഴഞ്ഞു നടക്കുന്നതെന്തിനാണ്?""
ലക്ഷ്മണന്റെ മൃദുവായ വാക്കുകൾ കബന്ധനെ സന്തോഷിപ്പിച്ചു. അവന്റെ മുഖം വിടർന്നു. ദേവേന്ദ്രൻ മുമ്പ് പറഞ്ഞ വാക്കുകൾ അവന് ഓർമവന്നു. കുമാരന്മാരെ നോക്കി വിനയപൂർവം അവൻ പറഞ്ഞു: ''ഇതെന്റെ പൂർവപുണ്യമാണ്. നിങ്ങൾക്ക് സ്വാഗതം. നിങ്ങളെ കാണാൻ സാധിച്ചത് പരമഭാഗ്യമാണ്. നിങ്ങൾ എന്റെ കൈകളാണ് മുറിച്ചത്. അങ്ങനെ തോന്നിയതും എന്റെ ഭാഗ്യമാണ്. അവിവേകവും ധാർഷ്ട്യവും കൊണ്ടാണ് ഈ വൈരൂപ്യം എനിക്ക് കിട്ടിയത്. അതിന്റെ കാരണം ഞാൻ പറഞ്ഞുതരാം."" കബന്ധന്റെ വാക്കുകൾക്ക് രാമലക്ഷ്മണന്മാർ ആകാംക്ഷയോടെ കാത്തുനിന്നു.
(ഫോൺ: 9946108220)