ഭർത്താവ് മരിച്ച സ്ത്രീകൾക്ക് അദൃശ്യമായ അതിർവരമ്പുകൾ തീർക്കുന്ന ഒരു സമൂഹം ഇന്നും നമുക്ക് ചുറ്റിലുമുണ്ട്. ഭാര്യ നഷ്ടപ്പെട്ട പുരുഷൻ പുതിയ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ഭർത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീക്ക് അത്തരമൊരു തിരഞ്ഞെടുക്കൽ ഇന്നത്തെ കാലത്തും പ്രയാസകരമാണ്. സാമ്പത്തിക അരക്ഷിതത്വം, ശാരീരിക പരിമിതികൾ, ആരോഗ്യപ്രശ്നങ്ങൾ, ഏകാന്തത, അനാഥത്വം, പരിമിതമായ സഞ്ചാരസ്വാതന്ത്ര്യം എന്നീ പ്രതിസന്ധികളിലേക്ക് തള്ളപ്പെടുന്ന അവരെ ചേർത്തു നിറുത്തേണ്ട സമൂഹം പലപ്പോഴും അവരെ ഒറ്റപ്പെടുത്തുന്നുവെന്നതാണ് വാസ്തവം.
വിധവകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും അത് അർഹതപ്പെട്ടവരുടെ കൈകളിലെത്തുന്നുണ്ടോ എന്നത് സംശയമാണ്. വിധവകൾക്ക് വീട് വയ്ക്കുന്നതിനും സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിയമസഹായങ്ങളും കൗൺസലിംഗും നൽകുന്നതിനും സർക്കാർ തലത്തിൽ നിരവധി സംവിധാനങ്ങളുണ്ട്. തൊഴിൽവകുപ്പിന്റെയും കുടുംബശ്രീയുടെയും പദ്ധതികൾ അവയിൽ ചിലത് മാത്രം. എന്നാൽ പലർക്കും ഇത്തരം പദ്ധതികളെ കുറിച്ചുള്ള അവബോധവും കുറവാണ്.
സംസ്ഥാന സർക്കാർ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നടപ്പിലാക്കുന്ന ശരണ്യ പദ്ധതിയാണ് ഇതിൽ പ്രധാനം. എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വിധവകൾ, നിയമാനുസൃതം വിവാഹബന്ധം വേർപെടുത്തിയവർ, ഭർത്താവ് ഉപേക്ഷിക്കുകയോ ഭർത്താവിനെ കാണാതാവുകയോ ചെയ്തവർ, 30 വയസ് കഴിഞ്ഞ അവിവാഹിതർ, പട്ടികവർഗത്തിലെ അവിവാഹിതരായ അമ്മമാർ എന്നീ വിഭാഗം വനിതകൾക്ക് മാത്രമായുളള സ്വയംതൊഴിൽ വായ്പാ പദ്ധതിയാണിത്. പദ്ധതിയോടൊപ്പം സമർപ്പിക്കുന്ന പ്രൊജക്ടിന്റെ അടിസ്ഥാനത്തിൽ 50,000 രൂപ വരെ വായ്പ അനുവദിക്കും. വായ്പാതുകയുടെ 50 ശതമാനം പരമാവധി 25,000 രൂപ വരെ സബ്സിഡിയായി അനുവദിക്കും.
ഏകദേശം പതിനയ്യായിരത്തോളം സ്ത്രീകൾ ഇന്ന് ഈ പദ്ധതിയുടെ ഭാഗമാണ്.കണ്ണൂർ ഇരിട്ടി കരിക്കോട്ടരിയിലെ ഒരു സ്ത്രീ കഴിഞ്ഞ മൂന്ന് വർഷമായി ശരണ്യ പദ്ധതി വഴി ആടിനെ വളർത്തുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ആത്മഹത്യ ചെയ്തപ്പോൾ പറക്കമുറ്റാത്ത മൂന്ന് മക്കളും മുന്നിൽ ശൂന്യതയും മാത്രമായിരുന്നു കൂട്ടിന്. മക്കളെ പഠിപ്പിച്ച് ഒരു നിലയിലെത്തിക്കണമെന്ന വാശിയാണ് അവരെ മുന്നോട്ട് നയിച്ചത്. അഞ്ച് ആടുകളെയാണ് വളർത്തുന്നത്. സാമാന്യം ഭേദപ്പെട്ട വരുമാനം ഇന്ന് ലഭിക്കുന്നുണ്ട്.തലശേരി കതിരൂർ സ്വദേശിനി കഴിഞ്ഞ അഞ്ച് വർഷമായി ശരണ്യയുടെ തണലിലാണ്. ഭർത്താവ് മരിച്ച ഇവർ മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തമായി ഒരു ഫ്ലോർ മിൽ നടത്തുകയാണിപ്പോൾ.
ചുറ്റിലുമുള്ള സഹായങ്ങൾ
സുപ്രീംകോടതി വിധിയെ തുടർന്ന് വിധവകൾക്ക് നിയമ സഹായങ്ങളും കൗൺസിലിംഗും നൽകുന്നതിന് എല്ലാ ജില്ലകളിലും വിധവാസെൽ രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. വനിതാശിശുവികസന വകുപ്പിന്റെ കീഴിൽ നടപ്പിലാക്കുന്ന വിധവാസെൽ നിലവിൽ ആദ്യമായി കണ്ണൂർ ജില്ലയിലാണ് പ്രവർത്തനം ആരംഭിച്ചത്. ഇതുവരെയായി 40 വിധവകൾ സെല്ലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വയംതൊഴിൽ പരിശീലനം, സൗജന്യ നിയമ സഹായം, കൗൺസലിംഗ്, പൊലീസ് സഹായം, പുനർവിവാഹം, പുനരധിവാസം എന്നിവയും സെൽ വിഭാവനം ചെയ്യുന്നുണ്ട്. സെൽ ചെയർമാൻ ജില്ല കളക്ടറാണ്. സിറ്റി പൊലീസ് കമ്മിഷണർ, സബ് കളക്ടർമാർ, എ.ഡി.എം, ഡെപ്യൂട്ടി ഡി.എം.ഒ തുടങ്ങിയവരടങ്ങുന്ന സമിതിയാണ് സെല്ലിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത്. എല്ലാ സംസ്ഥാനത്തും വിധവകളുടെ പുനരധിവാസം ലക്ഷ്യമിട്ട് വിഡോ ഹെൽപ്ഡെസ്ക് തുടങ്ങണമെന്നായിരുന്നു കോടതി നിർദേശം. 24 മണിക്കൂറും ഹെൽപ് ഡെസ്ക്ക് പ്രവർത്തിക്കും. ഗാർഹിക അതിക്രമം, സ്ത്രീധന പ്രശ്നങ്ങൾ എന്നിവയിലെല്ലാം സൗജന്യനിയമസഹായവും കൗൺസലിംഗും ലഭ്യമാക്കും. കണ്ണൂർ സിവിൽ സ്റ്റേഷനിലെ വനിത ശിശു വികസന വകുപ്പ് വുമൺ പ്രൊട്ടക്ഷൻ ഓഫീസിനോട് ചേർന്നാണ് ഹെൽപ് ഡെസ്ക് പ്രവർത്തിക്കുക. സഹായം ആവശ്യമുള്ള വിധവകൾ രാവിലെ ഒമ്പതിനും അഞ്ചിനുമിടയിൽ ഒരു മിസ്ഡ് കോൾ ചെയ്താൽ തിരിച്ചുവിളിച്ച് വേണ്ട സഹായങ്ങൾ ചെയ്തുതരുമെന്ന് വനിതാ പ്രൊട്ടക്ഷൻ ഓഫീസർ പി. സുലജ പറഞ്ഞു.
വിധവകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുന്നതിനും വിധവക്ഷേമ സംഘം എന്ന സംഘടന തന്നെ കേരളത്തിൽ ആദ്യമായി 2007 ൽ കണ്ണൂരിൽ രൂപം കൊണ്ടിട്ടുണ്ട്. മറ്റു ജില്ലകളിലേക്കും സംഘടനയുടെ പ്രവർത്തനം വ്യാപിക്കുകയുണ്ടായി. അർഹതപ്പെട്ട എല്ലാ ക്ഷേമ പദ്ധതികളും പെൻഷനുകളും കൃത്യമായി വിധവകൾക്ക് ഉറപ്പ് വരുത്തി അവർക്ക് മികച്ച സാമ്പത്തിക ഭദ്രതയും സാമൂഹിക ഉന്നമനവും നേടിക്കൊടുക്കുകയാണ് സംഘടനയുടെ ലക്ഷ്യം. നിലവിൽ കേരളത്തിൽ 1,17,000 പേർ സംഘടനയിൽ അംഗങ്ങളാണ്.വിധവകളുടെ പുനർവിവാഹത്തിലും സംഘടന മുൻകൈയെടുക്കുന്നുണ്ട്. വിധവകൾക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന ഒരു പദ്ധതിയുമായി മുന്നോട്ട് പോവുകയാണിപ്പോൾ. പഴയങ്ങാടിയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിലേക്ക് മൊത്തം ചകിരി സംഭരിച്ച് നൽകുകയെന്നതാണ് പദ്ധതി. പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. (വിധവാസെൽ: 8129469393)
ശാക്തീകരണം എടക്കാട് മാതൃക
വിധവകളോടുള്ള അവഗണനയ്ക്കും സ്ത്രീധനത്തിനുമെതിരെ സ്ത്രീകളെ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിൽ ആദ്യമായി എടക്കാട് ബ്ളോക്ക് വ്യത്യസ്ത പദ്ധതിയുമായി മുന്നിട്ടിറങ്ങി. ‘സ്വാഭിമാൻ’ എന്നു പേരിട്ട പദ്ധതിയുടെ ലക്ഷ്യം മാനുഷിക മൂല്യങ്ങൾ കുടുംബാന്തരീക്ഷത്തിലൂടെ വീണ്ടെടുക്കുക എന്നതാണ്. ബ്ലോക്കിന് കീഴിൽ കൊളച്ചേരി, മുണ്ടേരി, ചെമ്പിലോട്, കടമ്പൂർ, പെരളശ്ശേരി എന്നിങ്ങനെ അഞ്ച് പഞ്ചായത്തുകളാണുള്ളത്. ഇവിടങ്ങളിലുള്ള 22 വയസിന് മുകളിലുള്ളവരെയാണ് പദ്ധതിക്ക് കീഴിൽ അണിനിരത്തുന്നത്. വിവാഹ പ്രായമെത്തിയവർ, വീട്ടമ്മമാർ എന്നിവർക്ക് വിവിധ ക്ലാസുകളിലൂടെയുള്ള ബോധവത്കരണം നൽകും. ആവശ്യമുള്ളവർക്ക് കൗൺസലിംഗും നൽകും. പഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ വീതം അനുവദിക്കുന്നുണ്ട്.
പുനർവിവാഹത്തിനും തടസം
ഭൂരിഭാഗം വിധവകളും പുനർ വിവാഹിതരാവാതെ ജീവിക്കുന്നത് നാട്ടുകാരെയും വീട്ടുകാരെയും മക്കളെയും ഒക്കെ ഭയന്നിട്ടാണ്. ആദ്യ വിവാഹത്തിൽ സന്തോഷകരമായ ജീവിതമായിരുന്നെങ്കിൽ മരിക്കും വരെ മനസിലുണ്ടാവും ആ ജീവിതം. ഒരു കൂട്ട് വേണമെന്ന് അവർ ആഗ്രഹിക്കുന്നത് മരിച്ചുപോയ ഭർത്താവിനെ മറന്നു പോയതുകൊണ്ടല്ല. മറിച്ചു തങ്ങൾ അനുഭവിക്കുന്ന അസഹനീയമായ ഏകാന്തതയിൽ നിന്നും അരക്ഷിതാവസ്ഥയിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ്. എട്ടു വർഷം മുമ്പെ ഭർത്താവ് മരിച്ച കൂട്ടുകാരിയോട് ഒരു പുനർ വിവാഹത്തെ കുറിച്ചാലോചിച്ചുകൂടെ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് വീട്ടിൽ ആരും അതേകുറിച്ച് ആലോചിക്കുന്നു പോലുമില്ല എന്നാണ്. ഈ അവസ്ഥ ഒരു പുരുഷന് ഒരിക്കലും ഉണ്ടായിട്ടുണ്ടാവില്ല. അവനെ മറ്റൊരു വിവാഹത്തിനായി നാട്ടുകാരും വീട്ടുകാരും കൂട്ടുകാരും നിരന്തരം നിർബന്ധിച്ചുകൊണ്ടിരിക്കും.
വെള്ളസാരി വലിച്ചെറിഞ്ഞ സുശീല വേലായുധൻ
''ഇന്നത്തെ സാമ്പത്തിക സ്ഥിതി വച്ച് വെള്ള സാരി വാങ്ങാൻ പണമില്ല, ഭർത്താവ് തന്നെ വാങ്ങിത്തന്ന കളർ സാരി ധാരാളമുണ്ട്,അത് ഉടുത്തോളാം."" 2004ൽ ഭർത്താവ് മരണപ്പെട്ടപ്പോൾ കമ്മലും മാലയും അഴിച്ചിട്ട് വെള്ള വസ്ത്രം ധരിച്ച് അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാൻ ഉപദേശിച്ചവർക്ക് കണ്ണൂർ കല്യാശേരി സ്വദേശിയായ എഴുത്തുകാരി സുശീല വേലായുധന്റെ മറുപടി ഇതായിരുന്നു. മൂന്ന് മക്കളെയും കൊണ്ട് ബന്ധുക്കളുടെ സഹതാപത്തിൽ ജീവിക്കാനും അവർ തയ്യാറായില്ല.വിധവയാകേണ്ടി വന്നപ്പോൾ നേരിടേണ്ടി വന്ന എല്ലാ കരിനിഴലുകളും പുറത്ത് കാട്ടികൊണ്ട് വർത്തമാനം എന്ന പുസ്തകമെഴുതി. വിധവകളുടെ ജീവിതം അനാവരണം ചെയ്യുന്ന ഈ കൃതി വിൽപ്പന നടത്തുന്നതും വിധവകളാണ്. റോയൽറ്റി തുകയും വിധവകളുടെ ക്ഷേമത്തിന് തന്നെ. ഓഡിയോളജി സെന്ററിൽ സ്പീച്ച് തെറാപ്പി ട്രെയിനറായതോടെയായിരുന്നു അതിജീവനം. പിന്നീട് എഴുത്തിലേക്ക് ചുവടു വച്ചു. അഞ്ച് നോവലുകൾ, 64 ചെറുകഥകൾ എന്നിവ സുശീലയുടേതായുണ്ട്. വിധവാക്ഷേമസംഘം ജില്ലാ പ്രസിഡന്റ് കൂടിയായ സുശീലയുടെ 'ഇനിയാണ് തുടക്കം" എന്ന നോവൽ തമിഴിലും വിവർത്തനം ചെയ്തു. ഭർത്താവ് മരിച്ച 23 വയസുള്ള ഒരു പെൺകുട്ടി തന്റെ ക്ലാസ് കേട്ടതിനു ശേഷം ഓടി വന്ന് കെട്ടിപ്പിടിച്ച് കരഞ്ഞത് സുശീല ഇന്നും ഓർക്കുന്നു. അർദ്ധരാത്രിയിൽ വയറുവേദന കാരണം മകൻ കരഞ്ഞപ്പോൾ മുറിയിലെ ലൈറ്റ് ഇടാൻ പോലും പറ്റാത്ത ദുരവസ്ഥയായിരുന്നു ആ പെൺകുട്ടിക്ക്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ മുറിയിൽ വെളിച്ചം കണ്ടാൽ തെറ്റിദ്ധരിക്കുമോ എന്നായിരുന്നു പെൺകുട്ടിയുടെ ഭയം. അത്രയും ഒളികണ്ണുകൾ ആ സ്ത്രീക്കു ചുറ്റുമുണ്ടായിരുന്നു. ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ വേദനയോടെ സഞ്ചരിക്കുന്ന നിരവധി സ്ത്രീകൾക്ക് തന്റെ എഴുത്തിലൂടെയും സാമൂഹ്യ പ്രവർത്തനത്തിലൂടെയും സ്വന്തമായി ആരംഭിച്ച ബിസിനസ് സംരംഭങ്ങളിലൂടെയും ആത്മവിശ്വാസം പകരുകയാണ് സുശീല.
ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവർക്കും വേണം കരുതൽ
വിധവകൾക്കൊപ്പം ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവർക്കും കരുതലും കാവലുമായി മാറുന്ന നിരവധി പദ്ധതികളുണ്ട്. പാലക്കാട് മംഗലപ്പാലയിലെ സിഫിയയ്ക്ക് പ്ലസ് വണ്ണിന് പഠിക്കമ്പോഴായിരുന്നു വിവാഹം. പതിനേഴാം വയസിൽ ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഇരുപതാമത്തെ വയസിൽ ഭർത്താവിന്റെ വീട്ടിൽ നിന്ന് നാട്ടിലേക്ക്. കുറ്റപ്പെടുത്തലുകളിലൊന്നും സിഫിയ തകർന്നില്ല. ഇപ്പോൾ മാതാപിതാക്കൾക്ക് മാത്രമല്ല, നാടിനൊന്നാകെ അഭിമാനമാണ്. 60 കുടുംബങ്ങളെ ഏറ്റെടുത്ത് സംരക്ഷിച്ചും 40 വിധവകൾക്ക് മാസം തോറും പെൻഷൻ നൽകിയും വീടില്ലാത്ത നിരവധിയാളുകൾക്ക് വീട് നിർമ്മിച്ചു നൽകിയുമൊക്കെ ആരോരുമില്ലാത്തവർക്ക് തണലാകുകയാണ് സിഫിയ. തനിക്ക് കിട്ടുന്ന ചെറിയ ശമ്പളത്തിൽ നിന്നു മിച്ചം പിടിച്ചാണ് തന്റെ സ്വപ്നങ്ങൾക്ക് സിഫിയ നിറം പകരുന്നത്. ചിതൽ എന്ന പേരിൽ ബംഗളൂരിലാണ് ഇപ്പോൾ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തിക്കുന്നത്.സാമൂഹ്യ പ്രവർത്തനത്തിന് 2019ലെ നീർജ ഭനോട്ട് പുരസ്കാരവും സിഫിയയെ തേടിയെത്തി.