പ്രണവ് മോഹൻലാലിന്റെ സാഹസം വൈറൽ
യാത്രകളെ ഏറെ ഇഷ്ടപ്പെടുകയും നിരവധി യാത്രകൾ നടത്തുകയും ചെയ്യുന്ന യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പലപ്പോഴും വൈറലാണ്. ഇപ്പോഴിതാ പ്രണവ് നടത്തിയ സാഹസികത സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നടുക്കടലിൽ അകപ്പെട്ടുപോയ തെരുവുനായയെ നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. രണ്ടു മിനിറ്റോളം ദൈർഘ്യമുള്ളതാണ് വീഡിയോ. കരയോടടുക്കുമ്പോഴാണ് പ്രണവിന്റെ കൈയിലൊരു നായയുണ്ടെന്ന് മനസിലാകുന്നത്. രക്ഷപ്പടുത്തിയ നായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ നടന്നു പോകുന്ന പ്രണവിനെയും വീഡിയോയിൽ കാണാനാകും. മോഹൻലാലിന്റെ ചെന്നൈയിലെ മഹാബലിപുരത്തുള്ള വീടിന്റെ മട്ടുപ്പാവിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. വിനീത് ശ്രിനിവാസൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'ഹൃദയം' ആണ് പ്രദർശനത്തിന് എത്താനുള്ള പ്രണവ് മോഹൻലാലിന്റെ അടുത്ത ചിത്രം. ഈ ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനാണ്. 'റിയൽ ലൈഫ് നരൻ' എന്നാണ് താരത്തെ ആരാധകർ വിശേഷിപ്പിച്ചത്.
ബിക്കിനി ലുക്കിൽ തിളങ്ങി അമലാ പോൾ
തന്റെ വിശേഷങ്ങളൊക്കെ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരങ്ങളിലൊരാളാണ് അമല പോൾ. ഇപ്പോൾ അമല ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ബീച്ചിൽ ബിക്കിനി ലുക്കിൽ തിളങ്ങി നിൽക്കുന്ന ചിത്രങ്ങളാണ് തരംഗമായത്. 'ആരാണ് ദേവത?" എന്ന ചോദ്യവുമായാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. അതിനുള്ള ഉത്തരവും അടിക്കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.
'മനസും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവത. വ്യക്തിപരമായ വളർച്ചയിലും സ്വയം ബോധത്തിലും സമാധാനം, സ്നേഹം, സന്തോഷം, അഭിനിവേശം, തമാശ എന്നിവ നിറഞ്ഞു നിൽക്കുന്ന ഒരു ജീവിതം അനുഭവിക്കുന്നതിൽ ശ്രദ്ധയൂന്നുന്ന സ്ത്രീ. തന്റെ ജീവിതത്തിൽ ആഗ്രഹിക്കുന്നതെന്തും നേടാനുള്ള പരിധിയില്ലാത്ത ശേഷി തനിക്കുണ്ടെന്ന് മനസിലാക്കുന്ന സ്ത്രീ. അവളുടെ നന്ദിയും സമൃദ്ധിയും ചുറ്റും ജീവിക്കുന്നവർക്ക് നൽകുന്ന പ്രചോദനമാകുന്ന ഒരു സ്ത്രീ" ഇതാണ് അമലയുടെ കാഴ്ചപ്പാടിലെ ദേവത. ഞാൻ ദേവത, ആധുനിക കാലത്തെ ദേവത തുടങ്ങിയ ഹാഷ്ടാഗുകളും ചിത്രത്തോടൊപ്പം അമല നൽകിയിട്ടുണ്ട്.
കല്യാണിയുടെ ജിപ്സി റൈഡ്
സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടേയും മകൾ കല്യാണി പ്രിയദർശൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. കല്യാണി പ്രിയദർശന്റെ ഫോട്ടോകൾ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപോഴിതാ കല്യാണി പ്രിയദർശൻ പങ്കുവെച്ച പുതിയ ഫോട്ടോകൾ ചർച്ചയാകുകയാണ്. കൂർഗിലെ ഒരു എസ്റ്റേറ്റിൽ നിന്നും എടുത്ത ചിത്രങ്ങളാണ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. 'ഏറ്റവും മികച്ച ഗൈഡിനോടൊപ്പം ജിപ്സി റൈഡും എസ്റ്റേറ്റിലൂടെ നടത്തവും" എന്ന അടിക്കുറിപ്പോടെ ആണ് കല്യാണി സുഹൃത്തുമൊത്തുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് കല്യാണിയുടെ ഫോട്ടോകൾക്ക് കമന്റുമായി എത്തിയിരിക്കുന്നത്. സത്യൻ അന്തിക്കാടിന്റെ മകനായ അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കല്യാണി പ്രിയദർശൻ കടന്നുവരുന്നത്. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന 'ഹൃദയം" ആണ് കല്യാണിയുടെ റിലീസിനൊരുങ്ങുന്ന അടുത്ത ചിത്രം.