പ്രണവ് മോഹൻലാലിന്റെ സാഹസം വൈറൽ
യാത്രകളെ ഏറെ ഇഷ്ടപ്പെടുകയും നിരവധി യാത്രകൾ നടത്തുകയും ചെയ്യുന്ന യുവതാരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ പലപ്പോഴും വൈറലാണ്. ഇപ്പോഴിതാ പ്രണവ് നടത്തിയ സാഹസികത സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. നടുക്കടലിൽ അകപ്പെട്ടുപോയ തെരുവുനായയെ നീന്തിച്ചെന്ന് രക്ഷപ്പെടുത്തുന്ന വീഡിയോയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. രണ്ടു മിനിറ്റോളം ദൈർഘ്യമുള്ളതാണ് വീഡിയോ. കരയോടടുക്കുമ്പോഴാണ് പ്രണവിന്റെ കൈയിലൊരു നായയുണ്ടെന്ന് മനസിലാകുന്നത്. രക്ഷപ്പടുത്തിയ നായയെ മറ്റു നായ്ക്കൾക്കൊപ്പം വിട്ടതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ നടന്നു പോകുന്ന പ്രണവിനെയും വീഡിയോയിൽ കാണാനാകും. മോഹൻലാലിന്റെ ചെന്നൈയിലെ മഹാബലിപുരത്തുള്ള വീടിന്റെ മട്ടുപ്പാവിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേർ താരത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. വിനീത് ശ്രിനിവാസൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന 'ഹൃദയം' ആണ് പ്രദർശനത്തിന് എത്താനുള്ള പ്രണവ് മോഹൻലാലിന്റെ അടുത്ത ചിത്രം. ഈ ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത് കല്യാണി പ്രിയദർശനാണ്. 'റിയൽ ലൈഫ് നരൻ' എന്നാണ് താരത്തെ ആരാധകർ വിശേഷിപ്പിച്ചത്.