നടൻ പ്രേംകുമാറിന്റെ ചിന്തകൾ...
സംസ്കാരപഠനം ഇന്ന് ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു മേഖലയായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. മനുഷ്യജീവിതത്തിന്റെ ആകെത്തുകയാണ് സംസ്കാരമെന്ന് റെയ്മണ്ട് വില്യംസും പോരാട്ടത്തിന്റെ സമഗ്രശൈലിയെന്ന് ഇ.പി. തോംസണും സംസ്കാരത്തെ നിർവചിക്കുന്നു. മനുഷ്യവംശം ഇന്നുവരെ നടത്തിയ എല്ലാ മുന്നേറ്റങ്ങളുടെയും ഫലമായി നമ്മുടെ ജീവിതത്തിൽ വന്നുചേർന്നിട്ടുള്ള നന്മകളുടെയും മൂല്യങ്ങളുടെയും പ്രതിഫലനമായാണ് സംസ്കാരത്തെ വ്യാഖ്യാനിക്കാവുന്നത്.
വർത്തമാനപത്രങ്ങളും പുസ്തകങ്ങളും ദൃശ്യമാദ്ധ്യമങ്ങളുമെല്ലാം സാംസ്കാരിക പരിവർത്തനത്തിന് സഹായിച്ച ഘടകങ്ങളാണ്. ചുറ്റുപാടും നടക്കുന്ന സംഭവങ്ങളോടുള്ള നമ്മുടെ പ്രതികരണം നാം ഇതുവരെ ആർജ്ജിച്ച സംസ്കാരത്തിന്റെ പശ്ചാത്തലത്തിലാണ് വ്യാഖ്യാനിക്കപ്പെടുക. മറ്റെല്ലാ മാദ്ധ്യമങ്ങളെയും അപേക്ഷിച്ച് ദൃശ്യമാദ്ധ്യമത്തിന് ഇന്ന് വലിയ പ്രാധാന്യമുണ്ട്. എല്ലാ ചാനലുകളിലും തുടർച്ചയായി പ്രത്യക്ഷപ്പെടുന്ന പരിപാടികളെ സംബന്ധിച്ച് നാം ചില പുനർവായനകൾ നടത്തേണ്ടത് അത്യാവശ്യമാണ്.
പല ചലച്ചിത്രങ്ങളും നാടകങ്ങളും സാഹിത്യകൃതികളും ടെലിവിഷൻ പരിപാടികളുമൊക്കെ മാരകമായ എൻഡോസൾഫാനെ പോലെ സമൂഹത്തിന് അപകടകരമാണ്. എൻഡോസൾഫാൻ ജനിതകപരമായ ശാരീരികവൈകല്യങ്ങളാണുണ്ടാക്കുന്നതെങ്കിൽ, മേല്പറഞ്ഞവ മനുഷ്യനിൽ മാനസികവൈകല്യമുണ്ടാക്കുന്നു. തലമുറകളുടെ ബുദ്ധിയെയും ചിന്തയെയും ഭാവനയെയുമെല്ലാം വികലമാക്കുകയും മുരടിപ്പിക്കുകയും മനസ്സുകളെ വിഷലിപ്തമാക്കുകയും ചെയ്യുന്ന അതീവ ഗുരുതരമായ അവസ്ഥയാണിവ സൃഷ്ടിക്കുന്നത്. മലയാളിയുടെ സാംസ്കാരിക ജീവിതത്തിനുമേൽ ദയാരഹിതമായി പടരുന്ന വിഷാണുക്കളായി ഇവ, പ്രത്യേകിച്ചും ചില ടെലിവിഷൻ പരിപാടികൾ നമ്മുടെ സ്വീകരണമുറികളിലേക്ക് അതിക്രമിച്ച് കടക്കുകയാണ്. അഭ്യസ്തവിദ്യരായ ആൾക്കാർ പോലും അത്തരം ചാനൽ പരിപാടികളുടെ ചതിക്കുഴിയിൽ കുടുങ്ങിപ്പോകുന്നു. ഈ സാംസ്കാരിക ജീർണതയ്ക്ക് അറുതിയില്ലാതെ വരുന്നത് അത്യന്തം ഗൗരവത്തോടെ നാം കാണേണ്ടതുണ്ട്.
ഓരോ ദിവസവും ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന പരിപാടികളുടെ നിലവാരം വിലയിരുത്തുമ്പോൾ ജനപ്രിയ ഇനമായ സീരിയലുകളാണ് ഏറ്റവും പിന്നിൽ. പ്രേക്ഷകർക്ക് ആ കാലയളവിൽ ശാരീരികവും മാനസികവും സാംസ്കാരികവുമായ വളർച്ചയുണ്ടാകുമെങ്കിലും സീരിയലിലെ കഥാപാത്രങ്ങൾക്ക് കാലമെത്ര കഴിഞ്ഞാലും ഒരു വളർച്ചയുമുണ്ടാകുന്നില്ല. ആവർത്തനവിരസങ്ങളായ സന്ദർഭങ്ങളും സംഭാഷണങ്ങളും അനുദിനം അരോചകമായി തുടരുന്നു. അഭിനയം എന്നത് നടീനടന്മാർ നിരന്നുനിന്ന് നിറുത്താതെ പറയുന്ന കുറെ വർത്തമാനം മാത്രമായി മാറുന്നു. ചതുർവിധാഭിനയത്തിന്റെ സാദ്ധ്യതകളൊന്നും സീരിയലുകളിൽ പ്രതീക്ഷിക്കേണ്ടതില്ല.
ഇതുവരെയും പറയാത്ത ഒരു കഥ എന്നൊന്നില്ല. എല്ലാ കഥയും പറഞ്ഞുകഴിഞ്ഞതാണ്. ഓരോ കഥയും പുതിയ പുതിയ രീതികളിൽ ആവിഷ്കരിക്കുന്നു എന്നു മാത്രമേയുള്ളു. എങ്കിലും ഒരു യഥാർത്ഥ (റിയലിസ്റ്റിക്) ജീവിതകഥ ദൃശ്യവത്കരിക്കുമ്പോൾ അത് ജീവിതത്തിന്റെ നേർക്കാഴ്ചയാകണം. ജീവിതത്തിന്റെ കലാപരമായ പുനഃസൃഷ്ടിയുമാകണം. യഥാർത്ഥ ജീവിതത്തിന്റെ ഏറ്റവും മികച്ച അനുഭവം നൽകാൻ അതിനു കഴിയണം. ആവിഷ്കൃതമാവുന്ന ജീവിതത്തിന്റെ മാതൃകകൾ ഭൂമിയിൽ എവിടെയെങ്കിലുമുണ്ടാവണം. പക്ഷേ ജീവിതത്തിന്റെ യാതൊരു സ്വാഭാവികതയുമില്ലാത്ത കഥകളും കഥാപാത്രങ്ങളും അശ്ലീലവും ദ്വയാർത്ഥവും നിറഞ്ഞ സംസ്കാരരഹിതമായ സംഭാഷണങ്ങളും കൃത്രിമമായ ആവിഷ്കരണങ്ങളുമായുള്ള വെറും കെട്ടുകാഴ്ചകളായാണ് പ്രേക്ഷകനിലേക്കെത്തുന്നത്.
ഒരു സാധുപെൺകുട്ടിയോ കുരുന്നു കുഞ്ഞോ അനുഭവിക്കേണ്ടിവരുന്ന ക്രൂരതകളാണ് പ്രമേയമെങ്കിൽ ആ ക്രൂരതയുടെ ഏറ്റവും പാരമ്യവും കടന്ന് എപ്പിസോഡുകൾ മുന്നോട്ടുപോകും. സാമാന്യജനത്തിന്റെ സകല യുക്തിയെയും പരിഹസിച്ചുകൊണ്ട് അവിശ്വസനീയ തലങ്ങളിലേക്ക് ആ ക്രൂരതയെ വളർത്തി എങ്ങനെയും പ്രേക്ഷകരെ കണ്ണീരണിയിച്ച് റേറ്റിംഗിലേക്ക് കുതിക്കുന്നതിനാണ് ശ്രമം. അതിനായി കഥാപാത്രങ്ങളെക്കൊണ്ട് എന്തും ചെയ്യിക്കും. അഹങ്കാരികളും തന്റേടികളുമൊക്കെയാണ് മിക്ക സ്ത്രീകഥാപാത്രങ്ങളും. സ്വന്തം ഭർത്താവിനെയും മറ്റു പുരുഷന്മാരെയുമൊക്കെ അവർ അഭിസംബോധന ചെയ്യുന്ന ഭാഷയും വാക്കുകളും ധാർഷ്ട്യം നിറഞ്ഞ അവരുടെ പെരുമാറ്റവും ഭാവപ്രകടനങ്ങളുമൊക്കെ ഭാരതീയ സ്ത്രീസങ്കല്പത്തിന്റെ സർവ മഹനീയതകളും അപ്പാടെ തകർക്കുന്നതാണ്. സ്ത്രീവിരുദ്ധ നിലപാടുകളാണ് ഒട്ടുമിക്ക സീരിയലുകളിലും ആവിഷ്കരിക്കപ്പെടുന്നത്. ഇതൊക്കെ നിരന്തരം കാണുന്ന സാധാരണ പ്രേക്ഷകർ ഇതാണ്, ഇങ്ങനെയാണ്, യഥാർത്ഥ ജീവിതം എന്ന് തെറ്റിദ്ധരിക്കുന്നു.
സീരിയലുകളിൽ കാട്ടുന്ന കുതന്ത്രവും കുത്തുവാക്കും കുത്തിത്തിരിപ്പും പാരവയ്പും പരദൂഷണവും പീഡനങ്ങളും തുടങ്ങി സർവ അസാന്മാർഗിക സംഗതികളും സാന്മാർഗികമാണെന്നു ചിന്തിക്കുന്നു. ജീവിതത്തോടുള്ള മനോഭാവവും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളുമൊക്കെ ഈ കാഴ്ചകളുടെ ശീലത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്നു. പുരുഷന്മാരെല്ലാം അവിഹിതക്കാരാണെന്ന് ധരിച്ച് സംശയരോഗികളായി മാറുന്ന സ്ത്രീകളും, സ്ത്രീകളെല്ലാം വഴിപിഴച്ചവരാണെന്ന് വിശ്വസിക്കുന്ന പുരുഷന്മാരും, എല്ലാം ഇങ്ങനെയാണെന്ന് ജീവിതത്തിന്റെ ബാലപാഠങ്ങളായി പഠിക്കുന്ന കുട്ടികളും സമൂഹത്തിൽ വളരെയേറെ വർദ്ധിച്ചിരിക്കുന്നു. ടെലിവിഷന്റെ അതിപ്രസരം മൂലം ആളുകൾ അക്ഷരങ്ങളിൽ നിന്ന് അകലുന്നു. വായനാശീലമൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. വീടിനുള്ളിലെ മനുഷ്യർ തമ്മിൽ പോലും ആശയവിനിമയവും കൂടിച്ചേരലുമൊക്കെ അനാവശ്യമായി മാറുന്നു. കുടുംബബന്ധങ്ങൾ പോലും ശിഥിലമാകുന്നു. കലാമൂല്യമുള്ള മികച്ച കലാസൃഷ്ടികൾ ആസ്വദിക്കാനുള്ള ഉയർന്ന തലത്തിലുള്ള ആസ്വാദനശേഷി തന്നെ നഷ്ടമാകുന്നു.
ഞാൻ ഒരു സീരിയൽ വിരുദ്ധനല്ല. സീരിയലുകൾ പാടേ നിരോധിക്കണം എന്ന അഭിപ്രായവും എനിക്കില്ല. അങ്ങനെയെങ്കിൽ ചില സാമൂഹ്യ സാംസ്കാരിക മത സാമുദായിക രാഷ്ട്രീയ രാജവെമ്പാലകളുടെ വിഷം വമിക്കുന്ന വാക്കുകളുടെ ചീറ്റലുകളും നിരോധിക്കേണ്ടിവരും. അത് പ്രായോഗികമല്ല. ഒരുപാടുപേർക്ക് ഉപജീവനമായ തൊഴിൽ മേഖലയുമാണ്. സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെ ഭൂരിപക്ഷം പേരും കാണാൻ ഇഷ്ടപ്പെടുന്ന അത്തരം പരിപാടികൾ ഒഴിവാക്കാൻ ചാനലുകൾക്കും കഴിയുകയില്ല. ഈ അവസ്ഥയിൽ അങ്ങനെയുള്ള കലാസൃഷ്ടികൾ നിർമ്മിക്കുന്നവർക്ക് കൂടുതൽ ഉത്തരവാദിത്വവും സമൂഹത്തോട് ഉന്നതമായ പ്രതിബദ്ധതയുമാണ് ഉണ്ടാകേണ്ടത്. തങ്ങൾ കൈകാര്യം ചെയ്യുന്നത് കലയാണെന്നും, കല കൈകാര്യം ചെയ്യുന്നത് വലിയൊരു ജനസമൂഹത്തെയാണെന്നും, അല്പമൊരു പിഴവ് പറ്റിയാൽ ഒരു ജനതയെ മുഴുവൻ അത് അധഃപതിപ്പിക്കുമെന്നുമുള്ള തിരിച്ചറിവ് ആദ്യമുണ്ടാകണം. ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട ഒന്നല്ല കല എന്ന തിരിച്ചറിവ് അത് ദൈവികവും പവിത്രവുമാണ്. തെറ്റായ സന്ദേശം ഒരു കലാസൃഷ്ടിയും സമൂഹത്തിന് നൽകരുത്. ഇനിയിപ്പോൾ സന്ദേശമൊന്നും നൽകിയില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ സന്ദേശം നൽകുന്നെങ്കിൽ അത് ശരിയുടെയും നന്മയുടെയും പക്ഷത്തു നിൽക്കുന്നതാകണം. ചാനൽ അധികാരികൾ, നിർമ്മാതാക്കൾ, സംവിധായകർ, തിരക്കഥാകൃത്തുക്കൾ തുടങ്ങിയവർക്കാണ് ഇക്കാര്യത്തിൽ കാര്യമായി ഇടപെടാൻ കഴിയുന്നത്.
ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ ഇതിന്റെയൊക്കെ ഉത്തരവാദിത്വത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞുമാറുന്നില്ല. പക്ഷേ ഒരു അഭിനേതാവിന് തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾക്കോ ആശയങ്ങൾക്കോ ചിന്തകൾക്കോ നിലപാടുകൾക്കോ ഒന്നും അഭിനയത്തിൽ യാതൊരു പ്രസക്തിയുമില്ല. ഒരു നടന്റെ ആവിഷ്കാരസ്വാതന്ത്ര്യമെന്നത് ലഭിക്കുന്ന കഥാപാത്രത്തെ ആവിഷ്കരിക്കുവാനുള്ള സ്വാതന്ത്ര്യം മാത്രമാണ്. ആകെ കഴിയുന്നത് അത്തരം പരിപാടികളിൽ അഭിനയിക്കേണ്ട എന്ന തീരുമാനമെടുക്കാൻ മാത്രമാണ്. പലപ്പോഴും ഞാൻ അങ്ങനെ ചെയ്തിട്ടുമുണ്ട്. അങ്ങനെ അഭിനയിക്കാതിരിക്കുന്നത് വരും തലമുറകളോട് ഞാൻ ചെയ്യുന്ന ഒരു നന്മയായിട്ടാണ് കരുതുന്നത്. ഈ മേഖലയിൽ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണ്. അതിനായുള്ള ചർച്ചകളും സംവാദങ്ങളും എല്ലായിടത്തുനിന്നും ഉയർന്നുവരണം. സർവസന്നാഹങ്ങളോടും കൂടി ഇതിനെ പ്രതിരോധിക്കുകതന്നെ വേണം. ഇല്ലെങ്കിൽ ഒരു തോറ്റ ജനതയായി ചരിത്രത്തിൽ നമ്മൾ അടയാളപ്പെട്ടുപോകും.
പ്രേംകുമാർ (ചലച്ചിത്രനടൻ, ഫോൺ: 9447499449)