അവൽ പനിയാരം
ചേരുവകൾ
അവൽ.........ഒരു കപ്പ്
ഉരുളക്കിഴങ്ങ്..........ഒന്ന്
ഇഞ്ചി...........കാൽ ടീ സ്പൂൺ
പച്ചമുളക്..........കാൽ ടീ സ്പൂൺ
കടലമാവ് അല്ലെങ്കിൽ അരിപ്പൊടി.......അരക്കപ്പ്
മഞ്ഞൾപ്പൊടി........കാൽ ടീസ്പൂൺ
മുളകുപൊടി.........കാൽ ടീസ്പൂൺ
സവാള (ചെറുതായി അരിഞ്ഞത്).......ഒന്ന്
ഓയിൽ...............ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
അവൽ അഞ്ചു മിനിട്ട് കുതിർത്തതിനുശേഷം വെള്ളം പിഴിഞ്ഞ് ഒരു ബൗളിലേക്ക് മാറ്റുക. അതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ഉടച്ചുചേർക്കുക. അതിനുശേഷം ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും പച്ചമുളകും സവാളയും ചേർക്കുക. പിന്നീട് ഇതിലേക്ക് കടലമാവും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് കുഴയ്ക്കുക. ആവശ്യാനുസരണം കടലമാവ് കുറെശ്ശെയായി ചേർത്ത് വെള്ളം കൊണ്ട് കുഴച്ച് കൈവെള്ളയിൽ വച്ച് ഇഷ്ടമുള്ള ആകൃതിയിൽ ചൂടായ എണ്ണയിലിട്ട് ഷാഡോ ഫ്രൈ ചെയ്യുക. ഗോൾഡൻ നിറമായിവരുമ്പോൾ കോരി മാറ്റുക. (ഉള്ളി ചട്നി ഇതിന് നല്ല കോമ്പിനേഷനാണ്).
അവൽ ലഡു
ചേരുവകൾ
നെയ്യ്..............4 ടേ.സ്പൂൺ
തേങ്ങ...........അര മുറി
അവൾ.............2 കപ്പ്
ഏലയ്ക്ക........അഞ്ചെണ്ണം
കശു അണ്ടി, പിസ്ത...........ആവശ്യത്തിന്
ശർക്കര..................250 ഗ്രാം
തയ്യാറാക്കുന്നവിധം
അഞ്ചു മിനിട്ട് ഒരു ചൂടായ ചീനച്ചട്ടിയിൽ അവൽ വറുക്കുക. അവൽ ഡ്രൈ ആവുമ്പോൾ അതിലേക്ക് ചിരകിവച്ചിരിക്കുന്ന അരമുറി തേങ്ങ ചേർത്ത് കൊടുക്കുക. രണ്ട് മിനിട്ട് വഴറ്റിയതിനുശേഷം ഏലക്കയും ചേർത്ത് അടുപ്പിൽ നിന്ന് മാറ്റുക. ചൂട് മാറിയശേഷം മിക്സിയിൽ തരിതരിയായി പൊടിച്ചെടുക്കുക. ശർക്കര അര ഗ്ലാസ് വെള്ളത്തിൽ ഉരുക്കി പാനിയാക്കി അതിൽ പൊടിച്ച അവൽ ചേർത്ത് ഇളക്കി വെള്ളം വറ്റിയതിനുശേഷം കശു അണ്ടിയും പിസ്തയും നെയ്യും ചേർത്ത് ഉരുളകളാക്കി ഉപയോഗിക്കാം. (ലഡു കൈയിൽ പിടിച്ചുരുട്ടുന്നതിനുമുമ്പ് കൈയിൽ നെയ്യ് തടവുക.)
അവൽ- ഏത്തപ്പഴം ഫ്രൈ
ചേരുവകൾ
അവൽ..........ഒരുകപ്പ് (പൊടിച്ചത്)
ഏത്തപ്പഴം........രണ്ടെണ്ണം (ചെറുതായി അരിഞ്ഞത്)
തേങ്ങ.................അര മുറി ചിരകിയത്
പഞ്ചസാര.............ആവശ്യത്തിന്
നെയ്യ്..........ആവശ്യത്തിന്
തയ്യാറാക്കുന്നവിധം
ചൂടായ ചീനച്ചട്ടിയിൽ കുറച്ച് നെയ്യ് ഒഴിച്ച് ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന പഴം വഴറ്റുക. അതിലേക്ക് മധുരത്തിനാവശ്യമായ പഞ്ചസാരയും ചേർക്കുക. പഴം വെന്തുവരുമ്പോൾ തേങ്ങയും ചേർത്തിളക്കുക. ബ്രൗൺ നിറമായിവരുന്നതുവരെ ഇളക്കുക. തണുത്തശേഷം പൊടിച്ചുവച്ചിരിക്കുന്ന അവലും ഈ കൂട്ടും ചേർത്ത് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴയ്ക്കുക. തുടർന്ന് ഇഷ്ടമുള്ള ആകൃതിയിലാക്കി ചൂടായ എണ്ണയിൽ ഷാലോ ഫ്രൈ ചെയ്യുക. (എണ്ണയിൽ വറുക്കാതെയും കഴിക്കാവുന്നതാണ്)
അവൽ മിൽക്ക്
ചേരുവകൾ
അവൽ...........അരക്കപ്പ്
(ചെറുതായി വറുത്തത്)
പാൽ......... അര ലിറ്റർ (തിളപ്പിച്ചതിനുശേഷം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ചത്)
ചെറുപഴം.............മൂന്നെണ്ണം
പഞ്ചസാര............ആവശ്യത്തിന്
നിലക്കടല വറുത്തത്...2 ടേ.സ്പൂൺ
തയ്യാറാക്കുന്നവിധം
ഒരു ഗ്ലാസിൽ പഴം ഉടച്ചത് രണ്ടു ടേ. സ്പൂൺ ഇടുക. അതിനുമീതെ വറുത്തുവച്ച് അവൽ ഇടുക. മുകളിൽ നിലക്കടല വറുത്തതും അതിനുമീതെ വീണ്ടും പഴം, അവൽ , നിലക്കടല. ഗ്ലാസിന്റെ മുക്കാൽ ഭാഗം നിറയുമ്പോൾ തണുത്തപാൽ ഒഴിച്ച് സെർവ് ചെയ്യാം.
അവൽ പായസം
ചേരുവകൾ
അവൽ.............മൂന്നുകപ്പ്
ചൗവരി...........2 ടീ.സ്പൂൺ (വേവിച്ചത്)
പശുവിൻപാൽ.............ഒരുലിറ്റർ
ശർക്കര.................അര കിലോ (പാനിയാക്കിയത്)
നെയ്യ്...............ആവശ്യത്തിന്
അണ്ടിപ്പരിപ്പ്, കിസ്മിസ്.................ആവശ്യത്തിന്
ചുക്ക് പൊടി, ഏലയ്ക്കാ പൊടി ............ആവശ്യത്തിന്
തേങ്ങ ചെറുതായി അരിഞ്ഞത്............കുറച്ച്
തയ്യാറാക്കുന്നവിധം
അവൽ കുതിർത്ത് വെള്ളം ഊറ്റിക്കളഞ്ഞതിനുശേഷം ചുവട് കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് ചെറുതായി വറുക്കുക. അതിലേക്ക് ശർക്കര പാനി ഒഴിച്ച് അഞ്ച് മിനിട്ട് ചെറുതീയിൽ അടച്ചുവച്ച് വേവിക്കുക. തുടർന്ന് പശുവിൻ പാൽ ഒഴിക്കുക. പാൽ തിളച്ചുവരുമ്പോൾ ചൗവ്വരി വേവിച്ചത് ചേർക്കുക. കുറുകി വരുമ്പോൾ ഏലയ്ക്കാപൊടിയും ചുക്കുപൊടിയും വിതറുക. മൂപ്പിച്ച് വച്ചിരിക്കുന്ന തേങ്ങയും അണ്ടിപ്പരിപ്പും കിസ്മിസും ചേർത്ത് വാങ്ങാം.
അവൽ ഉപ്പുമാവ്
ചേരുവകൾ
അവൽ.........ഒന്നര കപ്പ്
പച്ചമുളക് നുറുക്കിയത്.........3 എണ്ണം
സവാള നുറുക്കിയത്.........ഒന്ന്
ഗ്രീൻപീസ്, ബീൻസ്, കാരറ്റ്, കോളിഫ്ലവർ വേവിച്ചത്..........ഒരു കപ്പ്
മഞ്ഞൾപ്പൊടി..........കാൽ ടീസ്പൂൺ
തക്കാളി നുറുക്കിയത്..........അര കപ്പ്
എണ്ണ.........ഒന്നര ടേ. സ്പൂൺ
ഉപ്പ്..........ആവശ്യത്തിന്
മല്ലിയില.........ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അവൽ നന്നായി കഴുകി മാറ്റി വെയ്ക്കുക. ചീനച്ചട്ടിയിൽ എണ്ണ ചൂടാകുമ്പോൾ പച്ചമുളക്, സവാള, മഞ്ഞൾപ്പൊടി എന്നിവയിട്ട് വഴറ്റുക. അതിലേക്ക് തക്കാളി ചേർത്ത് നാലുമിനിട്ട് വഴറ്റണം. ശേഷം പച്ചക്കറികളിട്ട് രണ്ടുമിനിട്ട് വഴറ്റാം. ചെറുതീയിൽ അവൽ, ഉപ്പ് എന്നിവയിട്ട് നാലുമിനിട്ട് വേവിക്കാം. മല്ലിയില കൊണ്ട് അലങ്കരിച്ച് ഉപയോഗിക്കാം.