വസുദേവ,ദേവകിമാരുടെ ഓമനപുത്രിയായിരുന്നു സുഭദ്ര. ശ്രീകൃഷ്ണനും സാരണനുമായിരുന്നു സുഭദ്രയുടെ സഹോദരന്മാർ. സാരണൻ ശ്രീകൃഷ്ണന്റെ സഹോദരൻ ആയിരുന്നെങ്കിലും പുരാണങ്ങളിൽ സാരാണനെക്കുറിച്ചുള്ള പരാമർശങ്ങൾ താരതമ്യേന കുറവാണ്. സുഭദ്രയെ ആർജുനൻ വിവാഹം കഴിക്കാൻ (അപഹരിക്കാൻ) ഇടയായ സംഭവമാണ് ഈ കഥയിലെ പ്രമേയം.
പാണ്ഡവന്മാരുടെ ആസ്ഥാനം ഹസ്തിനപുരി ആയിരുന്നതിനാൽ ദ്വാരകയിൽ കഴിഞ്ഞിരുന്ന സ്വന്തം അമ്മാമനായ വസുദേവരുടെ മകളെ ചെറുപ്പത്തിൽ കാണാനൊന്നും പാണ്ഡവർക്കോ വിശിഷ്യാ അർജുനനോ കഴിഞ്ഞിരുന്നില്ല. കൗരവന്മാരിൽ നിന്നും നിരന്തരം പലവിധ ഉപദ്രവങ്ങൾ നേരിടാനിടയായതിനാൽ അർജുനൻ ഒരുവർഷത്തേക്ക് ഒരു തീർത്ഥയാത്ര പോകാൻ തീരുമാനിച്ചു. പല പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളും മഹർഷിമാരുടെ ആശ്രമങ്ങളും സന്ദർശിച്ചശേഷം അർജ്ജുനൻ ഭാരതത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള സമുദ്രതീരത്തെത്തിച്ചേർന്നു. സമുദ്രതീരത്തുള്ള ഒരു പാറമേൽ ആയിരുന്നു അർജുനന്റെ താത്ക്കാലിക താവളം. ഇവിടെ വസിക്കുന്നതിനിടയിൽ ഒരു ദിവസം യാദവനായ ഗദൻ എന്നൊരാളെ അർജുനൻ പരിചയപ്പെട്ടു. താൻ വസുദേവരുടെ പെങ്ങളായ കുന്തിയുടെ മകനാണെന്ന സത്യം അർജുനൻ ഗദനെ അറിയിച്ചു. ഉടനെ ഗദൻ വസുദേവരുടെ പുത്രിയായ സുഭദ്രയെക്കുറിച്ചുള്ള വിശേഷങ്ങൾ പൊലിമയോടെ പറഞ്ഞുകേൾപ്പിച്ചു. ഈ സംഭാഷണം കഴിഞ്ഞതോടുകൂടി അർജുനന്റെ മനസിൽ സുഭദ്രയുടെ ബിംബം പ്രതിഷ്ഠിക്കപ്പെട്ടു. ഏതു വിധേനയും സുഭദ്രയെ കാണണമെന്നും അവളെ വിവാഹം കഴിക്കണമെന്നുമായി തീർത്ഥയാത്രക്കാരന്റെ ചിന്ത.
സുഭദ്രയെ കാണാനെന്തു മാർഗം എന്നതായി അർജുനന്റെ ആലോചന. പല മാർഗങ്ങളും അയാൾ ചിന്തിച്ചു. ഒടുവിൽ ഒരു ഭിക്ഷുവിന്റെ രൂപത്തിൽ ദ്വാരകയിലെ വീടുകൾ തോറും ഭിക്ഷ യാചിച്ച് നടന്ന് സുഭദ്രയെ കണ്ടെത്താൻ ഒരു പദ്ധതി തയ്യാറാക്കി. ഭിക്ഷുവിന്റെ വേഷവും കെട്ടി പലദിവസങ്ങൾ അലഞ്ഞെങ്കിലും ഒരു വീട്ടിൽ പോലും സുഭദ്രയെ കാണാൻ കഴിയാതായതോടെ ഭിക്ഷുവിന്റെ ഹൃദയം നീറാൻ തുടങ്ങി. ദ്വാരകക്കടുത്തുള്ള ഒരു വഴിയമ്പലത്തിലേക്ക് ഭിക്ഷു താവളം മാറ്റി. ഒരുദിവസം ശ്രീകൃഷ്ണ പുത്രനായ സാംബന്റെ നേതൃത്വത്തിൽ ഏതാനും യാദവ യുവാക്കൾ ഈ സത്രത്തിൽ വരികയും സന്യാസി വേഷധാരിയായ അർജുനനെ കാണാനും ഇടയായി. യുവാക്കളെല്ലാം ഭക്തിപൂർവം സന്യാസിയെ വന്ദിച്ചു. ഭിക്ഷുവും വിട്ടില്ല. എല്ലാവരോടും സ്നേഹപൂർവം വിശേഷങ്ങൾ ചോദിച്ചും ചില കഥകൾ പറഞ്ഞുകൊടുത്തും യുവാക്കളെ കൈയിലെടുത്തു. ഭിക്ഷുവിനെ തങ്ങളോടൊപ്പം പോരാൻ ക്ഷണിച്ചു. ക്ഷണം കേട്ട മാത്രയിൽ ഭിക്ഷുവിന്റെ ഹൃദയത്തിൽ മഞ്ഞുകോരിയിട്ട പ്രതീതിയായി. യാദവന്മാർ വസുദേവരുടെ കൊട്ടാരത്തിനുസമീപം ഭിക്ഷുവിന് താമസസൗകര്യം ഒരുക്കിക്കൊടുത്തു.
സുഭദ്ര ശ്രീകൃഷ്ണന്റെ സ്വന്തം സഹോദരിയായതിനാൽ കൃഷ്ണന്റെ സമ്മതമില്ലാതെ സുഭദ്രയെ സ്വന്തമാക്കാൻ കഴിയുകയില്ലെന്നു ബോദ്ധ്യമായ ഭിക്ഷു ശ്രീകൃഷ്ണനെ ഉള്ളുരുകി സ്മരിച്ചു. ഈ സമയം കൃഷ്ണൻ സത്യഭാമയുടെ കൊട്ടാരത്തിൽ അവൾക്കൊപ്പം സല്ലപിക്കുകയായിരുന്നു. അർജുനൻ തന്നെ സ്മരിക്കുന്നതിന്റെ ഉദ്ദേശം മനസിലാക്കിയ കൃഷ്ണൻ അറിയാതെ ഒന്നു ചിരിച്ചുപോയി. ഉടനെ കൃഷ്ണൻ ചിരിച്ചതെന്തിനെന്നായി സത്യഭാമ. കൃഷ്ണൻ ഒന്നും മറച്ചു വയ്ക്കാതെ അർജുനന്റെ ആഗ്രഹവും അവന്റെ വേഷം കെട്ടലുമെല്ലാം സത്യഭാമയോടു പറഞ്ഞു.
(തുടരും )
(ലേഖകന്റെ ഫോൺ: 9447750159)