haritham

ആര്യവേപ്പിന്റെ കൂടുതൽ വിശേഷങ്ങളിലേക്ക്

ഇന്ത്യൻ സ്വദേശിയായ ഒരു ഔഷധവൃക്ഷമാണ് വേപ്പ്. ചെറിയ വെളുത്തപൂക്കൾ കുലകളായി കാണപ്പെടുന്നു. കായ്‌കൾക്ക് പച്ച കലർന്ന മഞ്ഞ നിറമാണുള്ളത്. വിത്ത് വഴിയാണ് വംശവർദ്ധനവ്. ഇവ അധികകാലം ശേഖരിച്ചു വച്ചിരുന്നാൽ മുളക്കുകയില്ല. മിലിയേസിയേ കുടുംബത്തിൽപ്പെട്ട വേപ്പിന്റെ ശാസ്ത്രനാമം അസാഡിറാക്ട ഇൻഡിക്ക എന്നാണ്. ത്വക് രോഗങ്ങൾ,​ വിഷ ചികിത്സ,​ മസൂരി,​ മലേറിയ എന്നിവയുടെ ചികിത്സയിൽ വേപ്പിന് പ്രത്യേകം പ്രാധാന്യമുണ്ട്. വിത്ത് പൊടിച്ചു കഴിച്ചാൽ വയറ്റിലെ കൃമികൾ നശിക്കും. വേപ്പെണ്ണയും ആവണക്കെണ്ണയും ചേർത്ത് വെറും വയറ്റിൽ കഴിക്കുന്നത് വിരശല്യത്തിന് നല്ലതാണ്. സോപ്പ് നിർമ്മാണത്തിൽ വേപ്പ് വ്യാപകമായി ഉപയോഗിച്ചുവരുന്നു. വിശ്വാചി എന്ന രോഗത്തിന് വേപ്പില നീര് നല്ലൊരു സിദ്ധൗഷധമാണ്. വിഷ ജന്തുക്കൾ കടിച്ച മുറിവിൽ വേപ്പിലയും മഞ്ഞളും കൂടി അരച്ച് പുരട്ടിയാൽ വേദനയും നീരും മാറിക്കിട്ടും.

കന്നുകാലി രോഗ ചികിത്സയിൽ വേപ്പെണ്ണയ്‌ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വേപ്പിൻ പിണ്ണാക്ക് നല്ലൊരു ജൈവവളമാണ്. വേപ്പിൻകുരു മിശ്രിതവും വേപ്പിൽ നിന്നുണ്ടാക്കുന്ന മറ്റ് വിവിധ ജൈവകീടനാശിനികളും ഇപ്പോൾ കൃഷിയിൽ സർവ്വസാധാരണമായി ഉപയോഗിച്ചുവരുന്നു. മണ്ഡരി നിയന്ത്രണത്തിന് വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് വളരെ ഫലപ്രദമാണ്.