തിരുവനന്തപുരം: ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജർ സ്ഥാനത്ത് ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് തനിക്കെതിരായുള്ള ലോകായുക്ത വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മന്ത്രി കെ ടി ജലീൽ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി. ജലീലിന്റെ വാദങ്ങൾ പൂർണമായും തള്ളിയ കോടതി, ലോകായുക്ത റിപ്പോർട്ടിൽ ഇടപെടാനാകില്ലെന്നും അപേക്ഷ ക്ഷണിക്കാതെയുള്ള ബന്ധു നിയമനം ഭരണഘടനാ വിരുദ്ധമാണെന്നും വ്യക്തമാക്കി. ലോകായുക്തയുടെ കണ്ടെത്തലുകളെ പൂർണമായും ശരിവച്ച കോടതി ജലീലിന്റെ ഹർജി തള്ളുകയാണെന്ന് അറിയിച്ചു. ജസ്റ്റിസ് എൽ നാഗേശ്വര റാവു അദ്ധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജി തള്ളുകയാണെങ്കിൽ അത് പിൻവലിക്കാൻ അനുവദിക്കണമെന്ന് കെ ടി ജലീലിന്റെ അഭിഭാഷകൻ അറിയിച്ചതനുസരിച്ച് ഹർജി പിൻവലിക്കാൻ കോടതി അനുവദിച്ചു.
ലോകായുക്ത വിധിയിൽ തനിക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നും തന്നെ കേൾക്കാൻ ലോകായുക്ത തയ്യാറായില്ലെന്നും ജലീൽ ഹർജിയിൽ പറഞ്ഞിരുന്നു. കൂടാതെ നടപടിക്രമങ്ങൾ പാലിക്കാതെയും പ്രാഥമിക അന്വേഷണം പോലും നടത്താതെയുമാണ് ലോകായുക്ത വിധി പ്രസ്താവിച്ചതെന്നും ജലീൽ കോടതിയെ അറിയിച്ചു. തനിക്കെതിരായ വാദങ്ങളില്‍ കൃത്യതയില്ലെന്നും ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഒരു തരത്തിലുമുള്ള അധികാര ദുര്‍വിനിയോഗം ഇല്ലെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ ന്യൂനപക്ഷ വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് ജലീല്‍ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയിരുന്നു. ഈ നിരീക്ഷണങ്ങള്‍ ഹൈക്കോടതിയും ശരിവച്ചിരുന്നു