വൈരൂപ്യത്തിന്റെ പ്രതിരൂപമായി താൻ മാറിയതെങ്ങനെയെന്ന വൃത്താന്തം കബന്ധനിൽ നിന്നറിയാൻ രാമലക്ഷ്മണന്മാർ താത്പര്യം പ്രകടിപ്പിച്ചു. കബന്ധനെ അത് സന്തോഷിപ്പിച്ചു. സ്വജീവിത പരിണാമം കബന്ധൻ പറയാൻ തുടങ്ങി: അല്ലയോ ശ്രീരാമചന്ദ്ര, എന്റെ ശരീരം മൂന്നുലോകങ്ങളിലും കീർത്തിപരക്കുന്ന നിലയിൽ അതീവ സുന്ദരമായിരുന്നു. ഇന്ദ്രൻ, ചന്ദ്രൻ, സൂര്യൻ എന്നിവരുടെ മേനി പോലെ പറഞ്ഞറിയിക്കാനാകാത്ത കാന്തിയായിരുന്നു എനിക്ക്.
സൗന്ദര്യത്തിൽ മതിമറന്ന ഞാൻ നേരമ്പോക്കിനായി മറ്റുള്ളവരെ ഭയപ്പെടുത്തണമെന്ന് തോന്നി. അതിനായി ഒരു വികൃതരൂപത്തോടെ ഞാൻ സഞ്ചരിച്ചു. കാട്ടിൽ തപസിരിക്കുന്ന മഹർഷിമാരെ ഭയപ്പെടുത്താൻ ശ്രമിച്ചു. വ്രതാനുഷ്ഠാനങ്ങളിൽ മുഴുകിയ മുനിമാരെ പേടിപ്പിച്ചു രസിച്ചു നടക്കുമ്പോൾ സ്ഥൂലശിരസ് എന്ന് പേരുള്ള മുനീശ്വരനെ കാണാനിടയായി. കാട്ടിലെ ഫലവർഗങ്ങൾ പറിച്ചുകൊണ്ടു നിൽക്കുകയായിരുന്നു അദ്ദേഹം. ഭീമാകാരനായി ചെന്ന് മുനിയെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം കോപിച്ചുകൊണ്ട് എന്നെ ശപിച്ചു: ക്രൂരവും നിന്ദ്യവുമായ ഈ ശരീരം എന്നും നിലനിൽക്കട്ടെ. അതുകേട്ട് തളർന്നുപോയി. അവിവേകം കൊണ്ട് പറ്റിയ അപരാധമാണ്. ശാപമോചനം തന്നാലും എന്ന് കേണപേക്ഷിച്ചപ്പോഴും അദ്ദേഹത്തിന് മനം മാറ്റമുണ്ടായില്ല. ഒടുവിൽ കാൽക്കൽ വീണ് മാപ്പിരന്നു. എന്നിട്ടും മുനികോപം വിട്ടുമാറിയില്ല. എങ്കിലും എന്റെ ക്ഷമായാചനകേട്ട് അദ്ദേഹം പറഞ്ഞു: ദശരഥ പുത്രനായ ശ്രീരാമൻ നിന്റെ കൈ എന്ന് മുറിക്കുമോ, ഈ ശൂന്യമായ കാട്ടിൽ നിന്റെ ജഡം എന്നാണോ പതിക്കുന്നത് അപ്പോൾ നീ നിന്റെ പഴയ നല്ല ദേഹം നേടും.
അല്ലയോ ലക്ഷ്മണാ, എന്റെ പിതാവിന്റെ പേര് ശ്രീ എന്നാണ്. എന്റെ പേരാകട്ടെ ദനു എന്നും. പൊതുവേ പേടിപ്പിക്കുന്ന ശരീരമുണ്ടായിരുന്ന ഞാൻ ഇന്ദ്രകോപം കൊണ്ടാണ് ഇങ്ങനെയായത്. രാമലക്ഷ്മണന്മാരെ ഭക്തിപൂർവം വണങ്ങിക്കൊണ്ട് അക്കാര്യവും കബന്ധൻ പറയാൻ തുടങ്ങി.
കഠിനമായതപസുകൊണ്ട് ബ്രഹ്മാവിനെ ഞാൻ പ്രത്യക്ഷനാക്കി. ചതുർമുഖൻ എനിക്ക് ദീർഘായുസേകി. അതോടെ എനിക്ക് അഹങ്കാരവും കൂടി. ദേവേന്ദ്രന് പോലും എന്നോട് ഒന്നും ചെയ്യാനാകില്ലെന്ന് ധരിച്ചുപോയി. അഹന്ത തലയ്ക്ക് പിടിച്ച ഞാൻ ഇന്ദ്രനെ വെല്ലുവിളിച്ചു. യുദ്ധത്തിന് വരാൻ. കോപിഷ്ഠനായ ഇന്ദ്രൻ നൂറു മുനകളുള്ള വജ്രായുധം എന്റെ നേർക്ക് പ്രയോഗിച്ചു. എന്റെ തുടകളും തലയും ഉടലിൽ ലയിച്ചു. ഞാൻ താണുവീണപേക്ഷിച്ചിട്ടും എന്നെ കാലപുരിക്കയച്ചതുമില്ല. ബ്രഹ്മാവിന്റെ വാക്ക് ഒരിക്കലും പിഴക്കില്ല. നിനക്ക് ഉടൻ മരണമില്ലെന്നായിരുന്നു ഇന്ദ്രന്റെ കല്പന. വീണ്ടും തൊഴുകൈകളോടെ ഞാൻ ഇന്ദ്രനോട് അപേക്ഷിച്ചു. അങ്ങയുടെ വജ്രായുധം തട്ടി തുടകളും വായും തലയും മുറിഞ്ഞ എനിക്ക് ആഹാരം കഴിക്കാതെ എത്രനാൾ ജീവിച്ചിക്കാൻ പറ്റും? അതുകേട്ട് ഇന്ദ്രൻ എന്റെ കൈകൾക്ക് ഓരോ യോജന നീളം തന്നു. വയറിൽ പല്ലുകൂർത്ത വായവച്ചു. ലക്ഷ്മണസമേതനായ ശ്രീരാമൻ നിന്റെ മുന്നിലെത്തി കൈകൾ വെട്ടും. അപ്പോൾ നിനക്ക് സ്വദേഹത്തിൽ സ്വർഗത്തിലേക്ക് വരാം എന്ന് അനുഗ്രഹിച്ചു. അന്നുമുതൽ കാട്ടിലെ സിംഹം കടുവ, ആനകൾ തുടങ്ങിയവയെ പിടിച്ച് ഞാൻ ആഹാരമാക്കുന്നു. രഘുവംശനാഥനായ ശ്രീരാമാ, ഈ രൂപവുമായി ഞാൻ വന്യമൃഗങ്ങളെ പിടിച്ചു ഭക്ഷിക്കുന്നത് എന്നെങ്കിലും ശ്രീരാമൻ എന്റെ കൈകളിൽ പെടാതിരിക്കില്ലെന്ന വിശ്വാസം കൊണ്ടാണ്. ഈ ദേഹം നശിക്കാതെ ജീവിക്കുന്നതും അതുകൊണ്ടുതന്നെ. അന്ന് മുനീശ്വരൻ പറഞ്ഞ രാമനെത്തിയിരിക്കുന്നു. മറ്റൊരാൾക്കും എന്റെ ഈ കരങ്ങൾ ഛേദിക്കുവാനും കൊല്ലുവാനും കഴിയില്ലെന്ന് മുനി സൂചിപ്പിച്ചിരുന്നു. എന്റെ ബുദ്ധിയിൽ തോന്നുന്ന രീതിയിൽ ഞാൻ സഹായിക്കാം. അതിനുള്ള സുഹൃത്തിനെയും പറഞ്ഞുതരാം. അങ്ങ് എന്റെ ഭീമാകാരമായ ശരീരം അഗ്നിക്ക് ഇരയാക്കണം.
കബന്ധന്റെ വാക്കുകൾ ശ്രീരാമൻ സാകൂതം കേട്ടുനിന്നു. പിന്നെ ലക്ഷ്മണനോടായി പറഞ്ഞു: എന്റെ പ്രിയതമയായ സീതയെ നാമില്ലാത്ത നേരത്ത് ദുഷ്ടനായ രാവണൻ അപഹരിച്ചെന്ന് കേട്ടു. രാക്ഷസ ചക്രവർത്തിയെക്കുറിച്ച് കേട്ടിട്ടുള്ളതല്ലാതെ ആകൃതിയോ പ്രകൃതിയോ നിശ്ചയമില്ല. എവിടെയാണെന്നോ എങ്ങനെയാണെന്നോ അറിയില്ല. ദുഃഖിതരായി കൂട്ടാരുമില്ലാതെ അനാഥരായി ഇങ്ങനെ നടക്കുന്നവരെ സഹായിക്കാൻ ആരുമുണ്ടാവില്ല. അവരെ സഹായിക്കുന്നത് പുണ്യകർമ്മമാണ്. ഗുണശീലർക്കേ മറ്റുള്ളവരുടെ ദുഃഖത്തിൽ അലിവ് തോന്നൂ. അങ്ങനെയുള്ളവരാണല്ലോ ഉത്തമന്മാർ. നീ അക്കൂട്ടത്തിൽപ്പെടും. ആനകൾ സഞ്ചാരത്തിനിടയിൽ ഒടിച്ചിട്ട മരക്കൊമ്പുകളെടുത്ത് കുഴിയിലിട്ട് നിന്നെ ദഹിപ്പിക്കും. പകരം ഒരു സഹായം മാത്രം മതി. സീതയെ ആരാണ് എങ്ങോട്ടാണ് കൊണ്ടുപോയത്. അതറിയാമെങ്കിലോ അറിയാനുള്ള വഴി എന്താണെന്നോ പറഞ്ഞുതന്നാലും.
ശ്രീരാമവാക്യങ്ങൾ കേട്ട കബന്ധൻ ഇപ്രകാരം മറുപടി നൽകി. എനിക്ക് ദിവ്യദൃഷ്ടിയില്ല. ജ്ഞാനവുമില്ല. ഈ ദേഹം അഗ്നിക്കിരയാക്കിയാൽ പഴയരൂപം തിരിച്ചുകിട്ടും. അപ്പോൾ ആരാണ് അങ്ങയുടെ ധർമ്മപത്നിയെ അപഹരിച്ചതെന്ന് എനിക്ക് പറഞ്ഞുതരാൻ കഴിഞ്ഞേക്കും. എന്റെ കർമ്മദോഷം കൊണ്ടാണ് ലോകം നിന്ദിക്കത്തക്ക ഒരു രൂപം എനിക്ക് കിട്ടിയത്. ഇപ്പോൾ സൂര്യദേവന്റെ കുതിരകൾ തളർന്നതുപോലെ അസ്തമയമെത്തിയിരിക്കുന്നു. സന്ധ്യയാകും മുമ്പേ ഒരു കുഴിയിൽ എന്നെ ദഹിപ്പിച്ചാലും. അതിനുശേഷം സീതയെ കണ്ടുപിടിക്കാനുള്ള പോംവഴി പറഞ്ഞുതരാം. അതിന് സഹായകമായ ഒരു മഹാനുഭാവനുണ്ട്. അദ്ദേഹം ധർമ്മിഷ്ഠനും പരാക്രമിയുമാണ്. അങ്ങ് അദ്ദേഹവുമായി സഖ്യമുണ്ടാക്കണം. അങ്ങനെ വന്നാൽ ആ സുഹൃത്ത് സന്തോഷത്തോടെ വേണ്ടസഹായം ചെയ്യും. മൂന്നുലോകങ്ങളിലുമുള്ള സകലകാര്യങ്ങളും അദ്ദേഹത്തിനറിയാം.
ത്രിലോകങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. അതിനാൽ ഏതുലോകത്ത് എന്തു നടക്കുന്നു എന്ന് വ്യക്തമായി അറിയാം. അതെല്ലാം ഗ്രഹിക്കുവാനുള്ള സിദ്ധി അദ്ദേഹത്തിനുണ്ട്. കബന്ധന്റെ വാക്കുകൾ പ്രതീക്ഷയോടെ രാമലക്ഷ്മണൻ കേട്ടുനിന്നു. അവരുടെ മുഖങ്ങളിൽ നേർത്ത പുഞ്ചിരി വിരിഞ്ഞുവന്നു.
(ഫോൺ:9946108220)