black-rice

തീൻമേശ നിറയെ കറുത്ത ഭക്ഷണങ്ങൾ നിറഞ്ഞാലോ? .ചുവപ്പ്, മഞ്ഞ, പച്ച, വെള്ള എന്നീ നിറങ്ങളാണ് ഇന്ത്യൻ ഭക്ഷണങ്ങളെ അടക്കി ഭരിക്കുന്നത്.എന്നാൽ ഇവയെ വെല്ലാനൊരുങ്ങുകയാണ് ബ്‌ളാക്ക് ഫുഡ്‌സ് അഥവാ കറുത്ത ഭക്ഷണങ്ങൾ.നിറത്തിൽ മാത്രമല്ല, പോഷകഗുണത്തിലും ഇവർ വമ്പൻമാരാണ്.എന്താണീ കറുത്ത ഭക്ഷണങ്ങൾ? ഇവയുടെ പ്രത്യേകതകൾ? അറിയാം തീൻമേശയിലെ പുതിയ താരങ്ങളെ.


ആന്തോസിയാനിൻ എന്ന പിഗ്‌മെന്റ് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങളാണ് ബ്‌ളാക്ക് ഫുഡ്‌സ് എന്നറിയപ്പെടുന്നത്. കറുപ്പിന് പുറമേ നീല, പർപ്പിൾ മുതലായ നിറങ്ങളിലെ ആഹാരപദാർത്ഥങ്ങളിലും ഈ പിഗ്‌മെന്റ് അടങ്ങിയിട്ടുണ്ട്.ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായ ഇവയ്ക്ക് ക്യാൻസർ,ഹൃദ്രോഗം, സ്‌ട്രോക്ക് പോലുള്ള മാരകരോഗങ്ങളെ തടയാനുള്ള കഴിവുണ്ട്. കൂടാതെ ആരോഗ്യ സംരക്ഷണത്തിനും,ഇമ്മ്യൂണിറ്റി വർദ്ധിപ്പിക്കുന്നതിനും ഇവ വലിയ പങ്കു വഹിക്കുന്നു. ബ്‌ളാക്ക് റൈസ് അഥവാ കറുത്ത അരി, ബ്‌ളാക്ക് ഗാർലിക്ക് അഥവാ കറുത്ത വെളുത്തുള്ളി എന്നിവയാണ് ബ്‌ളാക്ക് ഫുഡിലെ രാജാക്കൻമാർ. രോഗപ്രതിരോധത്തിലും ഇവർ മുന്നിൽ തന്നെ.


ബ്‌ളാക്ക് റൈസ്
തെക്കുകിഴക്കൻ ഏഷ്യയിലാണ് ഇവ കൂടുതലായി കൃഷി ചെയ്യുന്നത്. കിഴക്കേ ഇന്ത്യയിലെ ചില ഭാഗങ്ങളിലും ഇവ കൃഷിചെയ്ത് വരുന്നുണ്ട്. നേത്ര സംരക്ഷണത്തിന് സഹായിക്കുന്ന ലൂട്ടിയൻ,സീസാന്തിൻ എന്നിവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉയർന്ന തോതിൽ ആന്റിഓക്‌സിഡന്റും ഫൈബറും അടങ്ങിയിട്ടുള്ളതിനാൽ ഇവക്ക് ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷിയുണ്ട്. പുഡ്ഡിങ്, റിസോത്തോ, ബ്രഡ്, തുടങ്ങി നമ്മുടെ നാടൻ പായസത്തിന് വരെ വ്യത്യസ്ത രുചി പകരാൻ ഇവയ്ക്ക് സാധിക്കും.

black-garlic

ബ്‌ളാക്ക് ഗാർലിക്ക്

നല്ല വെളു വെളുത്ത വെളുത്തുള്ളികൾ നമ്മുടെ ഭക്ഷണത്തിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാൽ ഇവ കറുത്താലോ? ഇന്ത്യൻ ഭക്ഷണത്തിൽ വരവറിയിച്ച് കറുത്ത വെളുത്തുള്ളികൾ എത്തിക്കഴിഞ്ഞു. വെളുത്തുള്ളികൾ പുളിപ്പിക്കുകയോ രൂപമാറ്റം വരുത്തുകയോ ചെയ്താണ് കറുത്ത വെളുത്തുള്ളികൾ നിർമ്മിക്കുന്നത്. കോശങ്ങൾ നശിക്കുന്നത് തടയാനുള്ള പദാർതഥങ്ങൾ ഇവയിലുള്ളതിനാൽ ക്യാൻസറിനെ തടയാനുള്ള കഴിവ് ഇവയ്ക്കുണ്ട്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമായതിനാൽ രോഗപ്രതിരോധവും ഇവ പ്രദാനം ചെയ്യുന്നു.ഇവയ്ക്ക് പ്രത്യേക വാസനയുള്ളതിനാൽ ഇറച്ചി, ന്യൂഡിൽസ് തുടങ്ങിയ ഭക്ഷണങ്ങൾക്ക് കൂടുതൽ രുചി പകരാൻ ഇവർ കേമൻമാരാണ്.

black-seasame

ഇനിയുമുണ്ട് കറുത്തമുത്തുകൾ നിരവധി
കറുത്ത പരിപ്പ്, കറുത്ത ഒലിവ്, കറുത്ത എള്ള്, കറുത്ത മുന്തിരി എന്നിവയും ബ്്‌ളാക്ക് ഫുഡിലെ പ്രധാനികളാണ്.കറുത്ത പരിപ്പിൽ അയൺ,ഫൈബർ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്. കറുത്ത ഒലിവിൽ മോണോസാച്ചുറേറ്റഡ് ഫാറ്റ്,മുതലായവ അടങ്ങിയിട്ടുള്ളതിനാൽ ഇവ രക്തം കട്ട പിടിക്കുന്നത് തടയുകയും, കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ സംരക്ഷണത്തിനും സഹായിക്കുന്നു. പോഷകങ്ങളാൽ സമൃദ്ധമായ കറുത്ത എള്ള് സന്ധി വേദന തടയുന്നതിനും ഏറെ ഫലപ്രദമാണ്.