കോട്ടയം: നിതിനയെ കൊലപ്പെടുത്തിയ ശേഷം ഒരു കൂസലുമില്ലാതെ അടുത്തുള്ള ബഞ്ചിൽ വിശ്രമിക്കുകയായിരുന്നു അഭിഷേക് ബൈജുവെന്ന് ദൃക്സാക്ഷികൾ. പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനകത്ത് പുതുതായി പണി കഴിപ്പിക്കുന്ന സിവിൽ സർവീസ് അക്കാദമിയുടെ കെട്ടിട നിർമാണ തൊഴിലാളികളാണ് ആദ്യം സംഭവസ്ഥലത്ത് എത്തുന്നത്. അവർ ഓടിയെത്തുമ്പോൾ കാണുന്നത് കഴുത്തിന് മുറിവേറ്റ് കിടക്കുന്ന നിതിനയേയും കയ്യിൽ ചെറിയ മുറിവുമായി അടുത്തുള്ള ബെഞ്ചിൽ വിശ്രമിക്കുന്ന അഭിഷേകിനെയുമാണ്. പണിസ്ഥലത്തേക്ക് വന്ന വാഹനത്തിൽ നിതിനയെ ആശുപത്രിലേക്ക് എത്തിച്ചതും ഇവരാണ്.
"പണിക്കിടയിൽ ഒരു പെൺകുട്ടിയുടെ നിലവിളി കേട്ടിട്ടാണ് ഞങ്ങൾ ഓടിയെത്തുന്നത്. എത്തിയപ്പോൾ തന്നെ ഇവിടെ മുഴുവൻ രക്തമായിരുന്നു. നല്ല ആഴത്തിലുള്ള മുറിവായിരുന്നു പെൺകുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ അതു വഴി വന്ന വാഹനത്തിൽ പെൺകുട്ടിയെ കയറ്റി വിടുകയായിരുന്നു," കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ കോൺട്രാക്ട് വർക്ക് ഏറ്റെടുത്ത് ചെയ്യുകയായിരുന്ന ബിജു മാത്യു മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൃത്യത്തിനു ശേഷം രക്ഷപ്പെടാനുള്ള ശ്രമമൊന്നും അഭിഷേക് നടത്തിയില്ലെന്നും അടുത്ത് തന്നെയുള്ള ഒരു ബഞ്ചിൽ ഇരിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. പൊലീസ് ജീപ്പിൽ ഒരു മടിയും കൂടാതെയാണ് അഭിഷേക് കയറിയത്. മുഖത്ത് ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. കോളേജ് ലാബിൽ ഉപയോഗിക്കുന്ന ഒരു തരം കത്തി കൊണ്ടാണ് അഭിഷേക് നിതിനയെ ആക്രമിച്ചത്. പൊലീസ് പിടികൂടുന്ന സമയത്ത് പ്രതിയുടെ വലത്തേകൈയിൽ ഒരു മുറിവുണ്ടായിരുന്നെന്നും ദൃക്സാക്ഷികൾ സൂചിപ്പിച്ചു.