murder

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠിയെ കഴുത്തറുത്ത് കൊന്നത് പ്രണയനൈരാശ്യം മൂലമെന്ന് അറസ്റ്റിലായ അഭിഷേക് ബൈജു പൊലീസിനോട് പറഞ്ഞു. നിതിനയുമായി രണ്ടുവർഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്നും ചോദ്യം ചെയ്യലിൽ അഭിഷേക് പറഞ്ഞു. കൊലപ്പെടുത്തണമെന്ന് ഉദ്യേശിച്ചിരുന്നില്ലെന്നും കത്തികൊണ്ടുവന്നത് സ്വന്തം കൈ ഞരമ്പ് മുറിച്ച് പേടിപ്പെടുത്താനാണെന്നും പ്രതി പൊലീസിന് മൊഴിനൽകി.

നിതിന കൊല്ലപ്പെടുന്നത് അമ്മയുമായി ഫോണിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് . രണ്ടുദിവസം മുമ്പ് നിതിനയുടെ ഫോൺ അഭിഷേക് പിടിച്ചുവാങ്ങിയിരുന്നു. ഈ ഫോൺ തിരിച്ചുനൽകുന്നതിനുവേണ്ടിയാണ് നിതിനയെ കാണാനെത്തിയത്. കൊലയ്ക്കുശേഷം പൊലീസെത്തുംവരെ തൊട്ടടുത്ത ബെഞ്ചിൽ ഇരുന്ന അഭിഷേക് ഒരു കൂസലും കൂടാതെയാണ് പൊലീസ് ജീപ്പിലേക്ക് കയറിതെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

ക്യാമ്പസിനകത്ത് പുതുതായി പണി കഴിപ്പിക്കുന്ന സിവിൽ സർവീസ് അക്കാദമിക്ക് സമീപത്താണ് കൊലപാതകം നടന്നത്. കെട്ടിട നി‌ർമാണ തൊഴിലാളികളാണ് ആദ്യം സംഭവസ്ഥലത്ത് എത്തുന്നത്. അവർ ഓടിയെത്തുമ്പോൾ കാണുന്നത് കഴുത്തിന് മുറിവേറ്റ് കിടക്കുന്ന നിതിനയേയും കയ്യിൽ ചെറിയ മുറിവുമായി അടുത്തുള്ള ബെഞ്ചിൽ വിശ്രമിക്കുന്ന അഭിഷേകിനെയുമാണ്. പണിസ്ഥലത്തേക്ക് വന്ന വാഹനത്തിൽ നിതിനയെ ആശുപത്രിൽ എത്തിച്ചത്.