കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി തനിക്ക് ഉണ്ടായിരുന്നത് പ്രൊഫഷണൽ ബന്ധം മാത്രമായിരുന്നെന്നും അല്ലാതെ വരുന്ന വാർത്തകളിൽ യാതൊരു യാഥാർത്ഥ്യവുമില്ലെന്ന് ശ്രുതി ലക്ഷ്മി. പ്രവാസി മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട ചില നൃത്തപരിപാടികളുമായി സഹകരിച്ചത് മാത്രമാണ് തനിക്ക് മോൻസണുമായുള്ള അടുപ്പമെന്നും ശ്രുതി ലക്ഷ്മി പറഞ്ഞു. ഒരു ഡോക്ടർ എന്ന നിലയിൽ മോൻസൺ തന്നെ ചികിത്സിച്ചിട്ടുണ്ടായിരുന്നെന്നും മോൻസണിന്റെ ചികിത്സാ തനിക്ക് ഏറെ പ്രയോജനം ചെയ്തതായും താരം വ്യക്തമാക്കി.
"അദ്ദേഹം ഒരു ഡോക്ടർ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചിൽ. അത് സാധാരണ മുടി കൊഴിച്ചിൽ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളിൽ ചികിൽസിച്ചിട്ടും മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോൾ മാറി. ഡോക്ടർ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു," ശ്രുതി ലക്ഷ്മി പറഞ്ഞു. എന്നാൽ മോൻസൺ ഒരു ഡോക്ടർ അല്ല എന്ന വാർത്ത ഞെട്ടലോടെയാണ് താൻ കേട്ടതെന്നും താരം പറഞ്ഞു.
ഒരു പരിപാടിക്കിടെ തന്റെ അമ്മയും സഹോദരിയുമാണ് മോൻസണെ പരിചയപ്പെടുന്നത്. അതിനു ശേഷം പ്രവാസി മലയാളിയുടെ പരിപാടികളുടെ ഡാൻസ് പ്രോഗ്രാം തന്റെ ടീമിനെയാണ് ഏൽപിച്ചിരുന്നത്. അതിനു ശേഷം മോൻസണിന്റെ പിറന്നാൾ ആഘോഷത്തിനും വിളിച്ചു. കൊവിഡ് സമയം ആയിരുന്നതിനാൽ താനും ചേച്ചിയും ഉൾപ്പെടെ വളരെ കുറച്ചുപേരാണ് നൃത്തം ചെയ്തത്. ആ വിഡിയോ ആണ് ഇപ്പോൾ വളരെ മോശമായി പ്രചരിച്ചുകൊണ്ടിരിക്കുന്നതെന്ന് ശ്രുതി ലക്ഷ്മി വ്യക്തമാക്കി.
എല്ലാവരോടും നല്ല രീതിയിൽ പെരുമാറിയിട്ടുള്ള വ്യക്തിയാണ് മോൻസൺ. പരിപാടികൾക്ക് പേയ്മെന്റ് കൃത്യമായി തരും. ആർട്ടിസ്റ്റുകൾ അതു മാത്രമേ നോക്കാറുള്ളൂ. താൻ പ്രതിഫലത്തേക്കാൾ കൂടുതൽ സുരക്ഷിതമായി തിരികെ വീട്ടിൽ എത്തുക എന്നുള്ളതിനാണ് മുൻഗണന കൊടുക്കുന്നത്. ആ സുരക്ഷിതത്വം അവിടെ കിട്ടിയിരുന്നെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.