jyyyu

കാബൂൾ : അഫ്ഗാനിൽ താലിബാൻ അധികാരത്തിലെത്തിയപ്പോൾ നാടും വീടും ഉപേക്ഷിച്ച് ഒരു പിടി സ്വപ്നങ്ങളുമായി പലായനം ചെയ്യാൻ നിർബന്ധിതരായവരാണ് അഫ്ഗാൻ വനിതാ ഫുഡ്ബോൾ താരങ്ങൾ. ഇന്ന് അവർ പോ‌ർച്ചുഗലിൽ സുരക്ഷിതരാണ്. ഇനി സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകാമെന്നുറപ്പില്ലെങ്കിലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് ഇവർ. കഴിഞ്ഞ ആഗസ്റ്റിൽ അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെയാണ് വനിതാ ഫുഡ്ബോൾ താരങ്ങൾ നാടുവിട്ടത്. വനിതാ കളിക്കാർക്ക് കളി തുടരാനുള്ള സാഹചര്യം അഫ്ഗാനിൽ ഉണ്ടാകില്ലെന്നതിനാലും ജീവന് ഭീഷണിയുള്ളതിനാലും മറ്റു രാജ്യങ്ങളിൽ അഭയം തേടാനുള്ള ശ്രമം നടത്തുകയായിരുന്നു.

അഫ്ഗാൻ ദേശീയ വനിതാ ഫുട്ബാൾ ടീമിന്റെ മുൻ ക്യാപ്റ്റൻ ഫർഖുന്ദ മുഹ്തജാണ് വനിതാ താരങ്ങൾക്ക് പോർച്ചുഗലിൽ അഭയം നൽകുന്നതിന് ഇടപെടൽ നടത്തിയത്. കാനഡയിൽ ഒരു സർവകലാശാലയിൽ ഫുഡ്ബോൾ പരിശീലകയായി ജോലി ചെയ്യുകയായിരുന്ന ഫുർഖുന്ദ മുഹ്തജ് വനിതാ താരങ്ങളെ കാണാൻ ഫർഖുന്ദ കാനഡിയിൽ നിന്ന് പോർച്ചുഗലിൽ എത്തിയിരുന്നു.

വനിതാ താരങ്ങളും കുടുംബാംഗങ്ങളുമടക്കം 80 പേർക്കാണ് പോർച്ചുഗൽ അഭയം നൽകിയത്. സെപ്റ്റംബർ 19 നാണ് സംഘം പോർച്ചുഗലിൽ എത്തിയത്. ധാരാളം വെല്ലുവിളികൾ നേരിട്ടാണ് ഇവർ പോർച്ചുഗലിലെത്തിയതെന്ന് ഫർഖുന്ദ പറഞ്ഞു. കായിക ജീവിതം അവസാനിപ്പിക്കില്ലെന്നും ഫുഡ്ബോൾ പരിശീലനം തുടരണമെന്നുമാണ് ഇവരുടെ ആഗ്രഹം.