ഡമാസ്കസ് : സിറിയയിൽ കഴിഞ്ഞ മാസം നടന്ന ഡ്രോണാക്രമണത്തിൽ മുതിർന്ന അൽഖ്വയിദ നേതാവും കൊടുംഭീകരനുമായ സലീം അബു അഹമ്മദിനെ വധിച്ചതായി യു.എസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയയിലെ ഇഡ്‌ലിബിൽ നടന്ന ആക്രമണത്തിൽ സെപ്റ്റംബർ 20 നാണ് ഇയാൾ കൊല്ലപ്പെടുന്നത്. ഡ്രോണാക്രമണത്തിൽ ആളപായങ്ങൾ ഉണ്ടായിട്ടില്ല. വടക്കൻ സിറിയയിൽ വച്ച് സലീം അബു സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടത്തുകയായിരുന്നു.
സിറിയയും അനുബന്ധ രാജ്യങ്ങളും കേന്ദ്രീകരിച്ചുള്ള അൽഖ്വയിദ ഭീകരസംഘടനയുടെ ആക്രമണങ്ങൾ ആസൂത്രണം ചെയ്ത് അവയ്ക്ക് ധനസഹായം ലഭ്യമാക്കുന്നത് സലീം അബു അഹമ്മദായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലോകരാജ്യങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ ലോകത്തെവിടെ ഭീകര സംഘടനകൾ വളർന്ന് വന്നാലും യു.എസ് ഇടപെടുമെന്ന് ഉന്നത മിലിട്ടറി ഉദ്യോഗസ്ഥർ അറിയിച്ചു.