തിരുവനന്തപുരം: കഴക്കൂട്ടം - കാരോട് ബൈപ്പാസിലെ ടോൾ സമരം അവസാനിച്ചു. പത്ത് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് സൗജന്യയാത്ര അനുവദിക്കാമെന്ന് ടോൾ കമ്പനി അംഗീകരിച്ചതോടെയാണ് സമരം അവസാനിച്ചത്. നേരത്തെ മാസം 285 രൂപാ നിരക്കിൽ പ്രദേശവാസികൾക്ക് പാസ് അനുവദിക്കാമെന്ന് കമ്പനി അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാർ ഇതിനു വഴങ്ങാതെ വന്നതോടെയാണ് ടോൾ സമരം നീണ്ടുപോയത്. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് പ്രദേശവാസികൾക്ക് പ്രത്യേകപാസ് അനുവദിക്കാൻ തീരുമാനമായത്. സമരം അവസാനിച്ച സാഹചര്യത്തിൽ നാളെ മുതൽ തിരുവല്ലത്ത് ടോൾ പിരിവ് പുനരാരംഭിക്കും.