കൊച്ചി: സംസ്ഥാനത്ത് പെട്രോൾ വില 104 രൂപയും ഡീസൽ വില 97 രൂപയും കടന്നു. തിരുവനന്തപുരത്ത് ഇന്നലെ 25 പൈസ വർദ്ധിച്ച് പെട്രോളിന് 104.13 രൂപയായി. 32 പൈസ ഉയർന്ന് 97.03 രൂപയാണ് ഡീസലിന്. രണ്ടും എക്കാലത്തെയും ഉയർന്ന വിലയാണ്.
വാണിജ്യ സിലിണ്ടർ
വില കൂട്ടി
വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറിന്റെ (19 കിലോഗ്രാം) വിലയും കൂട്ടി. തിരുവനന്തപുരത്ത് 35.5 രൂപ വർദ്ധിച്ച് വില 1,745.5 രൂപയായി. കൊച്ചിയിൽ 35.5 രൂപ ഉയർന്ന് വില 1,728 രൂപ. കോഴിക്കോട്ട് വില 1,755 രൂപ; വർദ്ധന 36 രൂപ. സെപ്‌തംബർ ഒന്നിന് 19 കിലോ സിലിണ്ടറിന് 74.5 രൂപ വർദ്ധിപ്പിച്ചിരുന്നു.
വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ (14.2 കിലോ) മാറ്റമില്ല; തിരുവനന്തപുരത്ത് 894 രൂപ. കൊച്ചിയിൽ 891.5 രൂപ; കോഴിക്കോട്ട് 893.5 രൂപ.
എൽ.എൻ.ജി, സി.എൻ.ജി
വിലയും കൂടിയേക്കും
ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിന്റെ വില മില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് (എം.എം.ബി.ടി.യു) 2.90 ഡോളറായി കേന്ദ്രം ഉയർത്തി. 1.79 ഡോളറായിരുന്നു നേരത്തേ വില. പ്രകൃതിവാതകത്തിൽ നിന്നാണ് വ്യാവസായിക, ഗതാഗത ആവശ്യങ്ങൾക്കുള്ള എൽ.എൻ.ജി., സി.എൻ.ജി എന്നിവ നിർമ്മിക്കുന്നതെന്നതിനാൽ ഇവയുടെ വിലയും വൈകാതെ കൂടിയേക്കും.