തിരുവനന്തപുരം: തുല്യതാപരീക്ഷയില്‍ മികച്ച വിജയം നേടിയ പട്ടികവര്‍ഗ വിഭാഗക്കാരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് സാമ്പത്തികസഹായം ഉള്‍പ്പെടെയുള്ള പിന്തുണ നല്‍കുമെന്ന് പട്ടികജാതി - പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സാക്ഷരതാമിഷന്‍ നടത്തിയ ഹയര്‍സെക്കന്‍ഡറി തുല്യതാപരീക്ഷയില്‍ വിജയിച്ച പട്ടികവര്‍ഗ വിഭാഗക്കാരെ അഭിനന്ദിക്കുന്നതിനു വേണ്ടി നടത്തിയ ഓണ്‍ലൈന്‍ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഹയര്‍സെക്കന്‍ഡറി തുല്യതാപരീക്ഷയിൽ വിജയിക്കുന്ന ആദിവാസി വിഭാഗത്തില്‍പെടുന്നവർക്ക് വീട് അനുവദിക്കുന്ന പദ്ധതികൾക്ക് മുന്‍ഗണന നല്‍കും.
223 ആദിവാസി പഠിതാക്കള്‍ കൊവിഡ് മഹാമാരിയെ അതിജീവിച്ചും ഹയര്‍സെക്കന്‍ഡറി തുല്യതാപരീക്ഷയെഴുതി എന്നത് അഭിമാനകരമായ കാര്യമാണ്. അതിലേറെ അഭിമാനകരമാണ് പരീക്ഷയെഴുതിയവരില്‍ 173 പേര്‍ വിജയിച്ചുവെന്നത്. അവസരം നല്‍കിയാല്‍ പഠിച്ച് മുന്നേറും എന്നതിന്റെ തെളിവാണ് ഈ വിജയം. വയനാട് ജില്ലയില്‍ നിന്ന് മാത്രം 62 പേര്‍ വിജയിച്ചു എന്നതും നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് ആദിവാസി മേഖലയിലെ കൊഴിഞ്ഞുപോക്ക് അവസാനിപ്പിക്കാനും കൊഴിഞ്ഞുപോയവരെ കണ്ടെത്താനുമുള്ള പ്രവര്‍ത്തനം ട്രൈബല്‍ വകുപ്പിന്റെ ഭാഗമായി നടത്തുന്നുണ്ട്. അതിന് ഏറ്റവും പ്രയോജനമാകുന്നതാണ് സാക്ഷരതാമിഷന്റെ പ്രവര്‍ത്തനം.
ആദിവാസി ഊരുകള്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനുള്ള സാധ്യതകളാണ്. ഇന്ററ്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാകാത്ത ഇടങ്ങളില്‍ അതെത്തിക്കാനുള്ള ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. ഇത് പൂര്‍ത്തിയാവുന്നതോടെ തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാകും. ആദിവാസികളായ രക്ഷിതാക്കള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം നല്‍കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സാക്ഷരതാമിഷന്‍ സ്വീകരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.