ഇന്നലെ അരങ്ങൊഴിഞ്ഞ സി.പി. നായർ എനിക്ക് ഗുരുസ്ഥാനീയനാണ്. അദ്ദേഹം സെക്രട്ടറിയായിരുന്ന ആഭ്യന്തര വകുപ്പിൽ വളരെ വർഷങ്ങൾക്കു ശേഷം ഞാനും ജോലി ചെയ്തു. അദ്ദേഹം മുതിർന്ന ഉദ്യോഗസ്ഥനായി വിരാജിക്കുന്ന കാലത്തു ഞാൻ സെക്രട്ടേറിയേറ്റിൽ പ്രായേണ ജൂനിയർ സെക്രട്ടറിയായിരുന്നു. എങ്കിലും നർമ്മ ഭാസുരമായ അദ്ദേഹത്തിന്റെ ഔദ്യോഗിക യോഗങ്ങളിൽ പങ്കെടുത്ത ഓർമ്മകൾ എന്നിൽ ദീപ്തമാണിപ്പൊഴും.
നർമ്മബോധമായിരുന്നു ഉദ്യോഗസ്ഥൻ എന്ന നിലയിലും അദ്ദേഹത്തിന്റെ വലിയ ആയുധം. അത് ഔദ്യോഗിക യോഗങ്ങളെ ജീവസ്സുറ്റതാക്കുക മാത്രമല്ല, പങ്കെടുക്കുന്നവരുടെ ഉള്ള തുറന്ന...... സഹകരണം നേടിയെടുക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ സാമാന്യം ദീർഘമായ അനുഭവക്കുറിപ്പുകളിലൂടെ കടന്നു പോകുമ്പോൾ സമകാലിക ചരിത്രത്തെ എത്ര ആഴത്തിൽ വിലയിരുത്താൻ സാധിച്ച ഒരുദ്യോഗസ്ഥനായിരുന്നു സി.പി. നായർ സാർ എന്ന് നമുക്ക് വിസ്മയിക്കാതിരിക്കാനാവില്ല. ഇന്നത്തെ വാർത്തകൾ നാളത്തെ ചരിത്രമാണ്. ഈ ചരിത്ര ബോധം അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങളെ ഈടുറ്റവയാക്കി. ആത്മകഥാപരമായ 'എന്തരോ മഹാനുഭാവുലു' എന്ന കൃതിയിൽ സമകാലിക സംഭവങ്ങൾക്ക് മേൽ അദ്ദേഹം ചാർത്തുന്ന ചരിത്രത്തിന്റെ തെളിച്ചം അന്യൂനമാണ്. പ്രമുഖനായ ഒരുദ്യോഗസ്ഥനായിരുന്ന ഒരാൾ എന്ന നിലയിൽ മാത്രം വിലയിരുത്തപ്പെടുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയായിരിക്കും . സർവീസിൽ നിന്ന് ഇരുപത്തിമൂന്നു വർഷങ്ങൾക്കു മുൻപാണ് അദ്ദേഹം പിരിയുന്നത്. എന്നാൽ ഈ കഴിഞ്ഞവാരം പുറത്തിറങ്ങിയ പ്രസിദ്ധീകരണങ്ങളിൽപോലും സി. പി. നായർ എന്ന എഴുത്തുകാരന്റെ സാന്നിധ്യമുണ്ടായിരുന്നു. ഏതാണ്ട് രണ്ടു പതിറ്റാണ്ടിലേറെ, ഔദ്യോഗിക മേൽവിലാസത്തിന്റെ ഒത്താശയില്ലാതെ കേരള സമൂഹത്തിൽ അദ്ദേഹം പ്രസക്തനായി നിലകൊണ്ടു. സമൂഹവുമായി അഗാധമായൊരു ധർമ്മ ബോധത്താലും മാനവികതയാലും ബന്ധം നിലനിർത്തി. തന്റെ സ്വകാര്യതയെ മാത്രം പരിഗണിച്ചുകൊണ്ട് തുരുത്തുകളിൽ കഴിയുകയാണ് മാന്യത എന്നു നിർവഹിക്കുന്ന ഒരാശയധാരക്ക് വേരോട്ടമുള്ള സമൂഹത്തിലാണ് അദ്ദേഹം നിർന്നിദ്രനായി സമൂഹസ്പന്ദനങ്ങൾക്ക് കാതോർത്തത്.
ഓരോ പ്രശ്നത്തിനും പരിഹാരം നിർദ്ദേശിക്കലല്ല, സത്യത്തിന് നേരെ കണ്ണാടി പിടിക്കുകയാണ് തന്റെ ധർമ്മം എന്നദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു. അതിനു വേണ്ട വിഭവങ്ങളെല്ലാം അദ്ദേഹത്തിന് സ്വായത്തമായിരുന്നു. ചരിത്ര- ബോധത്തെക്കുറിച്ചു പറഞ്ഞു. ഔദ്യോഗിക മേഖലയിൽ നിന്നാർജ്ജിച്ച അനുഭവ വൈവിധ്യമായിരുന്നു മറ്റൊരു വിഭവ സ്രോതസ്. അധികാരത്തിന്റെ അകത്തളങ്ങൾ പരിചിതമായ ഒരാൾ ഓരോ സംഭവത്തെയും വിലയിരുത്തുന്നത് അനുഭവങ്ങളുടെ പിൻബലത്തോടെയായിരിക്കുമല്ലോ. അത് അദ്ദേഹത്തിന് ധാരാളമുണ്ട് താനും. ഇവയ്ക്കെല്ലാം പുറമെ, സി.പി. നായർ എന്ന ഒരു വലിയ സാഹിത്യ പണ്ഡിതനെയും ഭാഷാ സ്നേഹിയെയും നമുക്ക് മാറ്റിനിറുത്തിക്കൊണ്ടു അദ്ദേഹത്തെ...... ജീവിതത്തെ സമവലോകനം ചെയ്യാൻ കഴിയില്ല. ഭാഷയിലും സാഹിത്യത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന വ്യുൽപത്തി, ഗവേഷണം ചെയ്തു കാര്യങ്ങളുടെ സത്ത കണ്ടെത്താനുള്ള വാസന. ഇവയെല്ലാം അദ്ദേഹത്തിൻറെ പ്രതികരണങ്ങളെ മൂർച്ചയുള്ളതാക്കി. ചരിത്രത്തെ ജൈവികമായ അവബോധത്തോടെ കാണാൻ കഴിവുള്ള ഒരാൾക്ക് സമൂഹത്തെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല. അതാണ് പൈതൃകമായി കിട്ടിയ സാഹിത്യ വാസനയെയും നർമ്മ ബോധത്തെയും വിമർശനാത്മകമായി പ്രയോഗിക്കാൻ അദ്ദേഹത്തെ സജ്ജനാക്കിയത്. മനുഷ്യരുടെ ആകാര സ്വഭാവ വൈചിത്ര്യങ്ങളെ കൃത്യമായി ഒപ്പിയെടുത്തു അൽപ്പം ചില അതിഭാവുകത്വത്തിന്റെ ചായംപുരട്ടി അവതരിപ്പി ക്കുന്ന സി.പി. നായർ ശൈലി അനന്യമാണ്, അനുകരണീയമാണ്. ജന്മം കൊണ്ട് ഓണാട്ടുകരക്കാരനായ അദ്ദേഹം കർമം കൊണ്ട് തിരുവനന്തപുരത്തുകാരനാണ്. ശ്രീപദ്മനാഭൻറെ നാല് ചക്രത്തിന്റെ പ്രാധാന്യമറിഞ്ഞു വളർന്ന തിരുവനന്തപുരത്തിന്റെ മനഃ ശാസ്ത്രവും തന്ത്രങ്ങളും ഭാഷയും അദ്ദേഹത്തതിന് ഹൃദിസ്ഥം. മലയാളഗദ്യത്തിലെ ഫലിതശാഖയുടെ ചരിത്രത്തിൽ സി.പി. നായർക്ക് സ്വന്തമായ ഇരിപ്പിടം എന്നേ സ്വന്തമായി. ധിഷണയും ഹൃദയവും പ്രതിഭയും സമന്വയിച്ചതു വഴി സ്വന്തമായതാണ് ആ ഇരിപ്പിടം.
എന്നും കൃതജ്ഞൻ
എന്റെ ഒരു ഭാഷാ പ്രയോഗ വൈകല്യം തിരുത്തിയതിനു ഞാൻ അദ്ദേഹത്തോട് എന്നും കൃതജ്ഞനാണ്. സകല പ്രസംഗകരും (പണ്ഡിതരും പാമരരും ഒരുപോലെ) ഉപയോഗിക്കുന്ന തെറ്റായ വാക്കാണ് 'ഹാർദ്ദവമായി' എന്നത്. സ്വാഗത-കൃതജ്ഞത പ്രഭാഷകർക്കു ഒഴിവാക്കാൻ വയ്യാത്ത ഒരു വിശേഷണ പദം. ദർബാർ ഹാളിൽ നടന്ന ഒരു ചടങ്ങിൽ കൃതജ്ഞത പറഞ്ഞ ഞാൻ 'ഹാർദ്ദവമായി’ തന്നെ അത് പറഞ്ഞു. പുറത്തിറങ്ങിയപ്പോൾ സി. പി. നായർ സാറിന്റെ ഒരു കമന്റ് എന്നെ നോക്കി: 'ഹോ! തീരെ മാർദ്ദവമില്ലാത്ത ഹാർദ്ദവമായിപ്പോയി ജയകുമാർ!' അർത്ഥം പിടി കിട്ടിയില്ല. അടുത്ത ഏതാനും നിമിഷങ്ങൾക്കകം ഞാൻ ഭാഷാ പണ്ഡിതരുമായി സമ്പർക്കം പുലർത്തി. , ഹാർദ്ദവത്തിൽ നിന്നും ആ 'വ' യെ ഉച്ചാടനം ചെയ്തു എന്നേക്കുമായി 'ഹാർദ്ദ'മാക്കി! ഇങ്ങനെ ഒരു നൂറു വാച്യവും അവാച്യവുമായ നേട്ടങ്ങൾക്കു ഞാൻ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. മരണാനന്തരം അദ്ദേഹം ദാനം ചെയ്ത കണ്ണുകൾ ഏതോ ഒരാൾക്ക് വിളക്കാകും. ഞങ്ങളെപ്പോലെ അനേകം പേർക്ക് അദ്ദേഹം അകക്കണ്ണ് നേരത്തെ നല്കുകയുണ്ടായല്ലോ