ചെന്നൈ: സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ വ്യോമസേനാ ഫ്ളൈറ്റ് ലെഫ്റ്റനന്റിനെ കോർട്ട് മാർഷൽ ചെയ്യാൻ കോയമ്പത്തൂർ കോടതി അനുമതി നൽകി.
കേസിൽ വ്യോമസേനയുടെ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി പൊലീസിനെ സമീപിച്ചതാണ് തർക്കത്തിനിടയാക്കിയത്. പ്രതി സേനാംഗമായതിനാൽ കോർട്ട് മാർഷലിന് അനുമതി നൽകണമെന്നും ജയിലിലടയ്ക്കാൻ തമിഴ്നാട് പൊലീസിന് അനുമതിയില്ലെന്നും കാട്ടി വ്യോമസേന കോടതിയെ സമീപിക്കുകയായിരുന്നു.
ഛത്തീസ്ഗഢ് സ്വദേശിയായ 29കാരനാണ് പ്രതി. പരിശീലനത്തിനായി കോയമ്പത്തൂർ റെഡ്ഫീൽഡ്സിലെ വ്യോമസേനാ അഡ്മിനിസ്‌ട്രേറ്റീവ് കോളേജിലെത്തിയ യുവതി സ്വന്തം മുറിയിൽ വച്ചാണ് പീഡിപ്പിക്കപ്പെട്ടത്.
ഒരു കായിക മത്സരത്തിനിടെ പരിക്കേറ്റ് മുറിയിലെത്തി മരുന്ന് കഴിച്ച് ഉറങ്ങുകയായിരുന്നുവെന്നും പിന്നീട് ഉണരുമ്പോൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസിലായെന്നും വനിത ഉദ്യോഗസ്ഥ പരാതിയിൽ പറഞ്ഞു. തുടർന്ന് അവർ വ്യോമസേനയ്ക്കും പിന്നീട് പൊലീസിനും പരാതി നൽകുകയായിരുന്നു. വ്യോമസേനയിലെ ചില മുതിർന്ന ഉദ്യോഗസ്ഥർ പരാതി പിൻവലിക്കാൻ നിർബന്ധിച്ചു. സേനയുടെ ഭാഗത്ത് നിന്ന് അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് ഉണ്ടായത്. സേനയുടെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് പൊലീസിനെ സമീപിച്ചതെന്നും പരാതിക്കാരി പറഞ്ഞു.
വ്യോമസേന പരാതി കൈകാര്യം ചെയ്ത രീതിയിൽ അതൃപ്തിയുണ്ടെന്ന് വനിതാ ഉദ്യോഗസ്ഥ പരാതിപ്പെട്ടതിനാലാണ് നടപടിയുമായി മുന്നോട്ട് പോയതെന്ന് കോയമ്പത്തൂർ പൊലീസ് വ്യക്തമാക്കി.