jrd-tata

ന്യൂഡൽഹി: പൊതുമേഖലയിലെ ഏക വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ പുതിയ ഉടമയെ താമസിയാതെ അറിയാം. ടെൻഡറുകൾ കഴിഞ്ഞദിവസം കേന്ദ്രസർക്കാർ തുറന്നിരുന്നു. സർക്കാർ രഹസ്യമായി നിശ്‌ചയിച്ച റിസർവ് വിലയേക്കാൾ കൂടിയ തുക ടെൻഡറിൽ സമർപ്പിച്ചവർക്ക് സ്വന്തമാകും.

എയർ ഇന്ത്യയുടെ സ്ഥാപകരായ ടാറ്റാ സൺസും സ്‌പൈസ് ജെറ്റ് ചെയർമാൻ അജയ് സിംഗുമാണ് രംഗത്തുള്ളത്. ടാറ്റാ സൺസ് സ്വന്തമാക്കുമെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഇതു ശരിയല്ലെന്നും തീരുമാനം എടുത്തിട്ടില്ലെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

വില്പനയുടെ ട്രാൻസാക്‌ഷൻ അഡ്വൈസറാണ് ധനകാര്യ ടെൻഡറുകൾ പരിശോധിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ മന്ത്രിതല സമിതിക്ക് റിപ്പോർട്ട് നൽകും. ധനമന്ത്രി നിർമ്മല സീതാരാമൻ, വാണിജ്യമന്ത്രി പീയുഷ് ഗോയൽ, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. കേന്ദ്ര കാബിനറ്റാണ് പുതിയ ഉടമയെ തിരഞ്ഞെടുക്കുക.

മടക്കം തറവാട്ടിലേക്കോ?

എയർ ഇന്ത്യയെ സ്വന്തമാക്കാൻ കൂടുതൽ സാദ്ധ്യത കല്പിക്കപ്പെടുന്നത് ടാറ്റാ സൺസിനാണ്. ടാറ്റാ സൺസിന്റെ മുൻ ചെയർമാനും ഇന്ത്യയിലെ ആദ്യ ലൈസൻസുള്ള പൈലറ്റുമായ ജഹാംഗീർ രത്തൻജി ദാദാഭോയ് ടാറ്റ എന്ന ജെ.ആർ.ഡി ടാറ്റ 1930ൽ സ്ഥാപിച്ച ടാറ്റാ എയർ സർവീസസാണ് (പിന്നീട് ടാറ്റാ എയർലൈൻസ്) എയർ ഇന്ത്യയായി മാറിയതും കേന്ദ്രസർക്കാരിന്റെ സ്വന്തമായതും.

നിലവിൽ എയർ ഏഷ്യ ഇന്ത്യ, വിസ്‌താര എന്നീ സ്വകാര്യ വിമാനക്കമ്പനികളുടെ മുഖ്യ ഓഹരി പങ്കാളിത്തം ടാറ്റയ്ക്കുണ്ട്.

ചരിത്രം

1930: ടാറ്റാ സൺസിന്റെ അന്നത്തെ ചെയർമാൻ സർ ദോറാബ്‌ജി ടാറ്റ നൽകിയ രണ്ടുലക്ഷം രൂപ മൂലധനവുമായി ജെ.ആർ.ഡി ടാറ്റ സ്ഥാപിച്ചതാണ് ടാറ്റാ എയർലൈൻസ്.

1932: ഒക്‌ടോബർ 15ന് ആദ്യ സർവീസ്. ഒറ്റ എൻജിനുള്ള ഹാവിൽലാൻഡ് വിമാനം. കറാച്ചിയിൽ നിന്ന് അഹമ്മദാബാദ് വഴി ബോംബെയിലേക്ക്. കത്തുകളാണ് (മെയിൽ) കൈകാര്യം ചെയ്‌തിരുന്നത്.

1940: പാസഞ്ചർ സർവീസ് തുടങ്ങി.

1946: എയർ ഇന്ത്യയായി.

1948: കമ്പനിയുടെ 49 ശതമാനവും കേന്ദ്രസർക്കാരിന്

1953: മേജർ ഓഹരികളും കേന്ദ്രസർക്കാർ സ്വന്തമാക്കി, കമ്പനിയെ ദേശസാത്കരിച്ചു. ജെ.ആർ.ഡി ടാറ്റ തന്നെ എയർ ഇന്ത്യയെ നയിച്ചു.

1977: ജനതാ പാർട്ടി സർക്കാർ ജെ.ആർ.ഡി ടാറ്റയെ പുറത്താക്കി.

എയർ ഇന്ത്യയുടെ പ്രതാപം മങ്ങിത്തുടങ്ങി.

1990: തുടർവർഷങ്ങളിൽ സ്വകാര്യ കമ്പനികൾ സർവീസ് തുടങ്ങി. എയർ ഇന്ത്യ കടബാദ്ധ്യതകളിലേക്ക്

100% ഓഹരികൾ

എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ് എന്നിവയുടെ 100 ശതമാനവും എയർ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനവും ഓഹരികളാണ് സർക്കാർ വിറ്റൊഴിയുന്നത്.

എയർ ഇന്ത്യയുടെ 62,000 കോടി രൂപയുടെ കടബാദ്ധ്യത സർക്കാർ 23,286 കോടി രൂപയായി കുറച്ചു.

ടെൻഡർ വിലയുടെ 85 ശതമാനം ബാക്കി ബാദ്ധ്യത വീട്ടാനുപയോഗിക്കും. 15 ശതമാനം സർക്കാർ ഖജനാവിലേക്ക് മാറ്റും.

ടെൻഡറിൽ 3000 കോടി അധികം നൽകി ടാറ്റ ?

 റിസർവ് തുക എത്രയെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. 15,000 കോടി മുതൽ 20,000 കോടി രൂപവരെ പ്രതീക്ഷിക്കുന്നു.

 ടാറ്റ 3,000 കോടി രൂപ അധികം സമർപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. അജയ് സിംഗിനേക്കാൾ 5,000 കോടി മുന്നിലാണിതെന്ന് കരുതുന്നു.

 എയർ ഇന്ത്യയ്ക്ക് ഇന്ത്യയിൽ 4,400 ആഭ്യന്തര സ്ളോട്ടുകളും 1,800 അന്താരാഷ്ട്ര സ്ളോട്ടുകളും പാർക്കിംഗിനായി വിമാനത്താവളങ്ങളിലുണ്ട്. വിദേശത്തെ സ്ളോട്ടുകൾ 900.