മുംബയ്: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽദേശ്‌മുഖിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച മുംബയ് മുൻ പൊലീസ് കമ്മിഷണർ പരംബീർസിംഗ് റഷ്യയിലേക്ക് കടന്നതായി അഭ്യൂഹം. ഇയാൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി സംസ്ഥാന ആഭ്യന്തരമന്ത്രി ദിലീപ് വത്സെപാട്ടീൽ പറഞ്ഞു. 'അദ്ദേഹത്തെപോലെ ഉയർന്ന പദവിയിലിരുന്ന ഉദ്യോഗസ്ഥന് സർക്കാരിന്റെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകാനാവില്ലെന്ന്" മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ സഹായത്തോടെ പരംബീർസിംഗ് എവിടെയാണെന്ന് അന്വേഷിക്കുകയാണെന്നും മന്ത്രി അറിയിച്ചു. റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിലും വാഹന ഉടമ മൻസുഖ് ഹിരേൻ കൊല്ലപ്പെട്ട സംഭവത്തിലും എൻ.ഐ.എ പരംബീർസിംഗിനെ വിളിപ്പിച്ചിരുന്നു. ചില സാക്ഷിമൊഴികൾ പരംബീറിന് എതിരായ സാഹചര്യത്തിലാണിത്. അറസ്റ്റ് ഭയന്ന് അദ്ദേഹം രാജ്യം വിട്ടെന്നാണ് റിപ്പോർട്ടുകൾ. ആഗസ്റ്റിൽ സമൻസ് അയച്ചിട്ടും പരംബീർ ഇതുവരെ ഹാജരായിട്ടില്ല. അദ്ദേഹത്തിന്റെ ചണ്ഡിഗഢിലുള്ള വസതിയിൽ എൻ.ഐ.എ സംഘം പോയിരുന്നു. അതിനിടെയാണ് അദ്ദേഹം രാജ്യംവിട്ടിരിക്കാമെന്ന് ചില ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചത്. മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെ പരംബീർ ഉന്നയിച്ച അഴിമതി ആരോപണം അന്വേഷിക്കുന്ന കമ്മിഷനുമുമ്പാകെയും പരംബീർ ഹാജരായിട്ടില്ല. ഹൈക്കോടതി മുൻ ജഡ്‌ജി കൈലാഷ് ഉത്തംഛന്ദ് ഛാന്ദിവാളിന്റെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മിഷൻ പരംബീറിന് പിഴവിധിച്ചിട്ടുണ്ട്. പൊലീസ് കമ്മിഷണറായിരിക്കെ, ബാർ ഉടമകളിൽനിന്ന് 100 കോടിരൂപ പിരിച്ചെടുത്തുനൽകാൻ ആഭ്യന്തരമന്ത്രിയായിരുന്ന അനിൽദേശ്‌മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു പരംബീറിന്റെ വെളിപ്പെടുത്തൽ.