സെപ്‌തംബറിലെ സമാഹരണം 1.17 ലക്ഷം കോടി രൂപ
കൊച്ചി: രാജ്യത്ത് സമ്പദ്‌പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നുവെന്ന് സൂചിപ്പിച്ചും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ആശ്വാസം പകർന്നും ജി.എസ്.ടി സമാഹരണം തുടർച്ചയായ മൂന്നാംമാസവും 1.10 ലക്ഷം കോടി രൂപ കടന്നു. സെപ്‌തംബറിൽ 1.17 ലക്ഷം കോടി രൂപ സമാഹരിച്ചുവെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞമാസത്തെ സമാഹരണത്തിൽ 20,578 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 26,767 കോടി രൂപ സംസ്ഥാന ജി.എസ്.ടിയും 60,911 കോടി രൂപ സംയോജിത ജി.എസ്.ടിയുമാണ്. 8,754 കോടി രൂപ സെസ് ഇനത്തിൽ ലഭിച്ചു. 2020 സെപ്‌തംബറിനേക്കാൾ 23 ശതമാനം അധികമാണ് കഴിഞ്ഞമാസത്തെ വരുമാനം. നടപ്പുവർഷം ആദ്യപാദമായ ഏപ്രിൽ-ജൂണിലെ ശരാശരി പ്രതിമാസ സമാഹരണമായ 1.10 ലക്ഷം കോടി രൂപയേക്കാൾ അഞ്ചു ശതമാനം അധികമാണ് രണ്ടാംപാദത്തിൽ (ജൂലായ്-സെപ്‌തംബർ) ഇതുവരെയുള്ളതെന്നും ധനമന്ത്രാലയം വ്യക്തമാക്കി. ജൂലായ്-സെപ്‌തംബറിലെ ശരാശരി പ്രതിമാസ സമാഹരണം 1.15 ലക്ഷം കോടി രൂപയാണ്.
സമാഹരണം മുൻ മാസങ്ങളിൽ
ഏപ്രിൽ : ₹1.41 ലക്ഷം കോടി
മേയ് : ₹1.02 ലക്ഷം കോടി
ജൂൺ : ₹92,849 കോടി
ജൂലായ് : ₹1.16 ലക്ഷം കോടി
ആഗസ്‌റ്റ് : ₹1.12 ലക്ഷം കോടി
സെപ്‌തംബർ : ₹1.17 ലക്ഷം കോടി
കേരളത്തിന്റെ വളർച്ച 14%
2020 സെപ്‌തംബറിൽ നേടിയ 1,552 കോടി രൂപയേക്കാൾ 14 ശതമാനം വളർച്ചയോടെ 1,764 കോടി രൂപ ജി.എസ്.ടിയായി കഴിഞ്ഞമാസം കേരളം നേടി. ആഗസ്‌റ്റിൽ കേരളം 31 ശതമാനം വർദ്ധനയോടെ 1,612 കോടി രൂപ നേടിയിരുന്നു.
16,584 കോടി രൂപ നേടിയ മഹാരാഷ്‌ട്രയാണ് കഴിഞ്ഞമാസം ഒന്നാമത്. തമിഴ്നാട് (7,842 കോടി രൂപ), കർണാടക (7,783 കോടി രൂപ) എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.