sivaji-ganeshan

ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ അഭിനയകുലപതി ശിവാജി ഗണേശന്റെ 93-ാം ജന്മവാർഷിക ദിനത്തിൽ ആദരവ് അർപ്പിച്ച് ഗൂഗിൾ ഡൂഡിൽ.

ഗൂഗിൾ ഇന്ത്യയും ബംഗളൂരുവിൽ നിന്നുള്ള ആർട്ടിസ്റ്റ് നൂപുർ രാജേഷ് ചോക്സിയും ചേർന്നാണ് ഡൂഡിൽ രൂപകല്പന ചെയ്തത്.

ഇന്ത്യയിലെ ആദ്യത്തെ തനത് രീതിയിലുള്ള അഭിനേതാക്കളിലൊരാളാണ് ശിവാജി ഗണേശനെന്നാണ് ഗൂഗിളിന്റെ വിശേഷണം. രാജ്യത്തെ എക്കാലത്തെയും ഏറ്റവും സ്വാധീനമുള്ള നടന്മാരിലൊരാളാണ്.

1997ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

1928 ഒക്ടോബർ ഒന്നിന് വില്ലുപുരം ടൗണിലാണ് ശിവാജി ഗണേശന്റെ ജനനം.

വി. ചിന്നയ്യ മൺറയാർ ഗണേശമൂർത്തി എന്നാണ് യഥാർത്ഥ പേര്. 'ശിവാജി കണ്ട ഹിന്ദുരാജ്യം" എന്ന നാടകത്തിലെ മികച്ച പ്രകടനത്തിന് ശേഷമാണ് 'ശിവാജി" എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.
ഏഴു വയസിൽ നാടകസംഘത്തിൽ ചേർന്നു. തുടക്കത്തിൽ സ്ത്രീവേഷങ്ങളാണ് ചെയ്തതെങ്കിലും താമസിയാതെ നായക കഥാപാത്രത്തിലേക്കെത്തി. 1945ൽ ഇന്ത്യയിലെ അഭിനയ സാമ്രാട്ട് എന്ന വിശേഷണത്തിനുടമയായി. 1952ൽ പരാശക്തി എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചു. എം. കരുണാനിധിയായിരുന്നു ഇതിന്റെ തിരക്കഥ. തുടർന്ന് ആയിരക്കണക്കിന് ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
അഞ്ച് പതിറ്റാണ്ടുകളോളം നീണ്ട തന്റെ കരിയറിൽ 300 ൽ അധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 1999ൽ പുറത്തിറങ്ങിയ പടയപ്പ ആയിരുന്നു അവസാന ചിത്രം. 1960ൽ വീരപാണ്ഡ്യ കട്ടബൊമ്മൻ എന്ന ചിത്രത്തിലെ അഭിനയത്തിന് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ നടനാണ്. 1962ൽ ഇന്ത്യയുടെ സാംസ്‌കാരിക പ്രതിനിധിയായി അദ്ദേഹം യു.എസ് സന്ദർശിച്ചു. അന്നത്തെ പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ ക്ഷണ പ്രകാരം യു.എസിൽ എത്തുന്ന ആദ്യ ഇന്ത്യൻ കലാകാരനാണ് ഗണേശൻ.
1995ൽ ഫ്രാൻസ് അദ്ദേഹത്തിന് ഏറ്റവും ഉയർന്ന അലങ്കാരമായ ഷെവലിയർ ഒഫ് ദി നാഷണൽ ഓർഡർ ഒഫ് ദി ലീജിയൻ ഒഫ് ഹോണർ നൽകി ആദരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൊണ്ട് അദ്ദേഹം 2001 ജൂലായ് 21ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു.