വയസൻ പടയെന്ന് വിളിച്ച് പരിഹസിച്ചവരുടെ വായടച്ച് ചെന്നൈ സൂപ്പർ കിംഗ്സ് ഐ.പി.എൽ പതിന്നാലാം സീസണിൽ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി. യു.എ.ഇ വേദിയായ കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് കാണാതെ ആദ്യം പുറത്തായ നാണക്കേടിന് പ്രായശ്ചിതം ചെയ്തിരിക്കുകയാണ് ഡാഡ്സ് ആർമി. ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ ആറ് വിക്കറ്രിന്റെ വിജയം നേടിയാണ് തല ധോണിയും സംഘവും പ്ലേ ഓഫിൽ കടക്കുന്ന ആദ്യടീമായത്. അവസാന ഓവറിലെ നാലാം പന്തിൽ ഹൈദരാബാദ് പേസർ സിദ്ധാർത്ഥ് കൗളിനെ ലോംഗ് ഓണിന് മുകളിലൂടെ തന്റെ സിഗ്നേച്ചർ ഷോട്ടിലൂടെ സിക്സിന് പറത്തി ധോണി ചെന്നൈയുടെ പ്ലേ ഓഫ് പ്രവേശനം രാജകീയമാക്കി.
ആദ്യം ബാറ്ര് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്ര് നഷ്ടത്തിൽ 134 റൺസെടുത്തു. മറുപടിക്കിറങ്ങിയ ചെന്നൈ 2 പന്ത് ശേഷിക്കെ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു (139/4).
സീസണിൽ ഇതുവരെ കളിച്ച 11മത്സരങ്ങളിൽ 9 എണ്ണത്തിലും ജയിച്ച ചെന്നൈ 18 പോയിന്റാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്. യു.എ.ഇയിൽ പുനരാരംഭിച്ച രണ്ടാം ഘട്ടത്തിൽ എല്ലാ മത്സരത്തിലും ചെന്നൈ ജയിച്ചു.
11-ാം തവണയാണ് ചെന്നൈ പ്ലേ ഓഫിൽ എത്തുന്നത്.
3 തവണ ചാമ്പ്യൻമാരായിട്ടുണ്ട്.
നിർണായകമായത്
കഴിഞ്ഞ തവണത്തെ തകർച്ചയിൽ നിന്ന് ഇത്തവണ തിരിച്ചുവരവിന് നിർണായകമായ ഘടങ്ങളിൽ ചിലത് ഇതാണ്:
ഓപ്പണർമാരായ ഫാഫ് ഡുപ്ലെസിസിന്റെയും റുതുരാജ് ഗെയ്ക്വാദിന്റേയും മികച്ച ഫോം ഇവർ നൽകുന്ന തുടക്കം ചെന്നൈയുടെ വലിയ പ്ലസ് പോയിന്റാണ്. ഇത്തവണ ഏറ്രവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ ഡുപ്ലെസിസ് 435 റൺസുമായി മൂന്നാമതും റുതുരാജ് 407 റൺസുമായി അഞ്ചാമതുമുണ്ട്.
ബാറ്ര് കൊണ്ടും ബാളുകൊണ്ടും ഒരുപോലെ തിളങ്ങുന്ന പ്രായം തളർത്താത്ത പോരാളി ഡ്വെയിൻ ബ്രാവോയുടെ പ്രകടനം. കളിച്ച 7 മത്സരങ്ങളിൽ നിന്ന് 11 വിക്കറ്രുകൾ നേടിക്കഴിഞ്ഞു ബ്രാവോ. 6.5 ആണ് എക്കോണമി. ഈ സീസണിൽ കണക്കുകൾ പ്രകാരം ചെന്നൈ ബൗളർമാരിൽ ഒന്നാം സ്ഥാനത്താണ് ബ്രാവോ. ബാറ്റിംഗിലും തകർപ്പൻ. യു.എ.ഇയിലെ സാഹചര്യങ്ങൾ ശരിക്കും മുതലെടുത്തു.
ഒന്നാം നമ്പർ ആൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ സാന്നിധ്യം. കൊൽക്കത്തയ്ക്കെതിരെ ചെന്നൈ അവസാന പന്തിൽ ജയം നേടിയ മത്സരത്തിൽ 8 പന്തിൽ 2 വീതം സിക്സും ഫോറും ഉൾപ്പെടെ 22 റൺസെടുത്ത ജഡേജയുടെ പ്രകടനമാണ് നിർണായകമായത്.
ബ്രേക്ക് ത്രൂ രാജാക്കൻമാരായ ഷർദ്ദുൽ താക്കൂറും ദീപക് ചഹറും. ഓരോ മത്സരം കഴിയുന്തോറും കൂടുതൽ മെച്ചപ്പെടുന്നു. ഇത്തവണ 11 മത്സരങ്ങളും കളിച്ച ഇരുവരും 11 വിക്കറ്രും നേടി.
പോരായ്മകൾ
ധോണിയും റെയ്നയും ഫോം വീണ്ടെടുക്കാത്തത് ചെന്നൈയ്ക്ക് വലിയ തലവേദനയാണ്.
കഴിഞ്ഞ സീസണിൽ ടീമിനെ പലപ്പോഴും ഒറ്റയ്ക്ക് ചുമലിലേറ്റിയ യുവതാരം സാം കറൻ ഇത്തവണ രണ്ടാം ഘട്ടത്തിൽ ഫോമിലേക്കുയർന്നിട്ടില്ല.