ന്യൂഡൽഹി: ലൈസസൻസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് കാട്ടി പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെല്ലിനും വൊഡാഫോൺ ഐഡിയയ്ക്കും (വീ) കേന്ദ്ര ടെലികോം വകുപ്പ് 3,050 കോടി രൂപ പിഴ വിധിച്ചു. മൂന്നാഴ്‌ചയ്ക്കകം പിഴയടയ്ക്കണമെന്ന നോട്ടീസ് കമ്പനികൾക്ക് ലഭിച്ചുവെന്നാണ് സൂചന. കേന്ദ്രമോ വൊഡാഫോൺ ഐഡിയയോ ഇത് സ്ഥിരീകരിച്ചില്ലെങ്കിലും ടെലികോം വകുപ്പിന്റെ തീരുമാനം 'അനീതിയും ദുഃഖകരവും" ആണെന്ന് എയർടെൽ വ്യക്തമാക്കി.
വീ 2,000 കോടി രൂപയും എയർടെൽ 1,050 കോടി രൂപയുമാണ് പിഴയടയ്ക്കേണ്ടത്. വീയുടെ പിഴയിൽ 950 കോടി രൂപ ഐഡിയയുടേതാണ്. നടപടികൾക്ക് ആധാരമായ സംഭവം 2016ലാണ്. ആ വർഷം പ്രവർത്തനം ആരംഭിച്ച റിലയൻസ് ജിയോയ്ക്ക് പോയിന്റ്സ് ഒഫ് ഇന്റർകണക്ഷൻ (പി.ഒ.ഐ) സൗകര്യം എയർടെല്ലും വൊഡാഫോണും 21 സർക്കിളുകളിലും ഐഡിയ 19 സർക്കിളുകളിലും നിഷേധിച്ചുവെന്നാണ് ആരോപണം.
ജിയോയും പി.ഒ.ഐയും
ഒരു നെറ്റ്‌വർക്കിൽ നിന്ന് വോയിസ് കോളുകൾ മറ്റൊന്നിലേക്ക് പോകുന്ന സംവിധാനമാണ് പോയിന്റ്സ് ഒഫ് ഇന്റർകണക്ഷൻ (പി.ഒ.ഐ). ജിയോയുടെ ഉപഭോക്താക്കളുടെ കോളുകൾക്ക് ഈ സൗകര്യവും വൊഡാഫോൺ, ഐഡിയ, എയർടെൽ എന്നിവ നിഷേധിച്ചുവെന്നും ഇത് ഉപഭോക്തൃ താത്പര്യങ്ങൾക്ക് എതിരും ലൈസൻസ് ചട്ടങ്ങൾക്ക് വിരുദ്ധവുമാണെന്നാണ് ടെലികോം വകുപ്പിന്റെ അഭിപ്രായം. എന്നാൽ, ബാലിശവും ഗൂഢോദ്ദേശ്യത്തോടു കൂടിയതുമാണ് ഈ ആരോപണങ്ങളെന്ന് എയർടെൽ പ്രതികരിച്ചു.