drdgfg

ബീജിംഗ് : ചൈനയിൽ വൈദ്യുതി ക്ഷാമം അതിരൂക്ഷം. ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി ചൈനീസ് സർക്കാർ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതോടെ ചൈനയിലെ പല പ്രവിശ്യകളിലും ദിവസേന മണിക്കൂറുകളോളം നീളുന്ന പവർ കട്ട് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ദിവസേന എട്ടു തവണ വരെ പവർകട്ട് ഉണ്ടാകാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. വൈദ്യുതി ക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ പ്രധാന വ്യവസായ ആസ്ഥാനങ്ങളായ ജാങ്സു, ഗ്വാങ്‌ഡോങ് പ്രവിശ്യകളിലെ ഫാക്ടറികൾ അടച്ചു പൂട്ടലിന്റെ വക്കിലാണ്. മിക്ക ഫാക്ടറികളും ആഴ്ചയിൽ രണ്ടു ദിവസമായി പ്രവർത്തനം ചുരുക്കിയിട്ടുണ്ട്. വടക്കുകിഴക്കൻ ചൈനയിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾ വൈദ്യുതിയില്ലാതെ വലയുകയാണ്. പല പ്രവിശ്യകളിലും കുടിവെള്ളവും മുടങ്ങി. രാജ്യത്ത് ഒരാഴ്ചയിലേറെയായിട്ട് ട്രാഫിക് ലൈറ്റുകളും തെരുവുവിളക്കുകളും പ്രവർത്തന രഹിതമാണ്. താപവൈദ്യുത നിലയങ്ങളിൽ ഉപയോഗിക്കുന്ന കൽക്കരിക്കു ചൈനയിൽ ക്ഷാമം നേരിടുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ. കയറി. ചൈനയിൽ 60 ശതമാനം വൈദ്യുതിയും കൽക്കരി ഉപയോഗിച്ചാണ് ഉൽപാദിപ്പിക്കുന്നത്. എന്നാൽ രാജ്യത്ത് പ്രധാനമായും കൽക്കരി ഇറക്കുമതി ചെയ്തിരുന്നത് ആസ്ട്രലിയയിൽ നിന്നാണ്. എന്നാൽ ആസ്ട്രേലിയയിൽ നിന്നുള്ള ഇറക്കുമതി നിലച്ചതോടെ കാര്യങ്ങൾ വഷളായി. അതേ സമയം പ്രകൃതിയ്ക്ക് ദോഷം ചെയ്യുന്ന വാതകങ്ങൾ ഏറ്റവും കൂടുതൽ പുറന്തള്ളുന്നത് ചൈനയിലെ വ്യാവസായിക ലോകമാണെന്ന പഴി കേൾക്കാതിരിക്കാനാണ് ചൈനയുടെ പുതിയ ശ്രമമെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ ഫെബ്രുവരിയിൽ ബീജിംഗിലും സമീപനഗരങ്ങളിലുമായി നടക്കുന്ന ശീതകാല ഒളിംപിക്സിനു മുന്നോടിയായി അന്തരീക്ഷ മലിനീകരണ തോത് കുറച്ചുകൊണ്ടുവരാനാണ് ചൈനയുടെ ശ്രമം. ലോകരാജ്യങ്ങൾ കൊവിഡിൽ നിന്ന് കര കയറി വരുന്ന സാഹചര്യത്തിൽ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്കടക്കം ആവശ്യം കൂടിയതോടെ പുതിയ നിയന്ത്രണം രാജ്യത്തെ ഉത്പാദന കമ്പനികൾക്ക് തലവേദനയായിട്ടുണ്ട്. ഉത്പന്ന ക്ഷാമം വരുന്നതോടെ ലോകമെമ്പാടും വിലക്കയറ്റം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതു കൂടാതെ ചൈനയുടെ ഈ വർഷത്തെ വളർച്ച 8.2ൽ നിന്ന് 7.7ശതമാനം ആയി കുറയാമെന്നാണ് വിലയിരുത്തുന്നത്.