തിരുവല്ല: കോൺഗ്രസുമായി ബന്ധപ്പെട്ട സ്ഥാനങ്ങളിൽ നിന്നുള്ള രമേശ് ചെന്നിത്തലയുടെ രാജി സംഘടനാപരമായ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട്, കരുണാകരൻ ഫൗണ്ടേഷൻ, വീക്ഷണം പ്രത്രം, ജയ് ഹിന്ദ് ചാനൽ എന്നിവയുടെ ചുമതലയിൽ നിന്നുള്ള രമേശ് ചെന്നിത്തലയുടെ രാജിയെക്കുറിച്ച് തിരുവല്ലയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല. രാജി സംബന്ധിച്ച കാര്യങ്ങൾ പാർട്ടിയിൽ ചർച്ചചെയ്യും. പരസ്യ പ്രതികരണത്തിന് താൻ മുതിരില്ലെന്നും വി.ഡി സതീശൻ പറഞ്ഞു. സീതത്തോട് ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ചില ഉന്നത സി.പി.എം നേതാക്കളുടെ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. ഈ വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.