തിരുവനന്തപുരം: നഗര വികസനത്തെ തടസപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് ബി.ജെ.പി പിന്മാറണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. വ്യക്തമായ ഭൂരിപക്ഷത്തോടെ കോർപ്പറേഷനിൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നതുമുതൽ കൗൺസിലിന്റെ പ്രവർത്തനം തടസപ്പെടുത്താനുള്ള നീക്കങ്ങളാണ് ബി.ജെ.പിയിൽ നിന്നുണ്ടായത്.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ കൊണ്ടുവന്ന ഇടതു മുന്നണിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതാണ് നഗരസഭയുടെ പ്രവർത്തനങ്ങൾ.
സോണൽ ഓഫീസുകളിൽ നടന്ന അഴിമതി കണ്ടുപിടിക്കുകയും കുറ്റക്കാരെ സസ്‌പെൻഡ് ചെയ്യുകയും പൊലീസ് അന്വേഷണത്തിന് സാഹചര്യം ഒരുക്കുകയും ചെയ്ത ഭരണസമിതിയാണ് ഇപ്പോഴുള്ളത്. അന്വേഷണത്തിൽ നിന്ന് ശ്രദ്ധ മാറ്റാനും അഴിമതിക്കാരെ സംരക്ഷിക്കാനുമുള്ള നീക്കങ്ങളിൽ നിന്ന് ബി.ജെ.പി പിന്മാറണമെന്നും വി.ശിവൻകുട്ടി ആവശ്യപ്പെട്ടു.