തിരുവനന്തപുരം: ഓഫീസിൽ സൂക്ഷിക്കേണ്ട തണ്ടപ്പേർ രജിസ്റ്റർ ഒരുമാസത്തിലധികമായി ആധാരമെഴുത്തുകാരന്റെ കൈയിൽ ഏൽപ്പിച്ച സംഭവത്തിൽ മണക്കാട് വില്ലേജിലെ സ്‌പെഷ്യൽ വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ അന്വേഷണം മുൻ പരാതികളിലേക്കും. ഓഫീസ് രേഖകൾ റിയൽ എസ്റ്റേറ്റ് സംഘങ്ങൾക്ക് കൈമാറുന്ന റവന്യു ഉദ്യോഗസ്ഥരുടെ വഴിവിട്ട നീക്കങ്ങൾ വെളിച്ചത്തുവന്നതോടെയാണ് മണക്കാട് വില്ലേജ് ഓഫീസിനെതിരെ ഏറെനാളുകളായി ഉയരുന്ന പരാതികളിൽ അടിയന്തര അന്വേഷണം നടത്താൻ റവന്യു കമ്മിഷണറേറ്റ് തീരുമാനിച്ചത്.
23നാണ് സ്‌പെഷ്യൽ വില്ലേജ് ഓഫീസറായിരുന്ന സനൽകുമാർ റവന്യു വിജിലൻസ് ടീമിന്റെ അന്വേഷണത്തെ തുടർന്ന് സസ്പെൻഷനിലായത്. ഓഫീസ് രേഖകൾ പുറത്തുള്ളവർക്ക് നൽകുന്നതായി റവന്യു വിജിലൻസിന് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നായിരുന്നു അന്വേഷണം. പരിശോധനയിൽ ആയിരം വസ്തുഉടമകളുടെ വിവരങ്ങൾ അടങ്ങുന്ന തണ്ടപ്പേർ രജിസ്റ്റർ കാണാനില്ലെന്ന് ബോദ്ധ്യപ്പെട്ടു. അടുത്തിടെ ഓഫീസിന്റെ ചുമതല ഏറ്റെടുത്ത വില്ലേജ് ഓഫീസർക്ക് ഇക്കാര്യത്തെക്കുറിച്ച് അറിയാത്തതിനാൽ റെക്കാഡുകളുടെ ഉത്തരവാദിത്തമുള്ള സ്‌പെഷ്യൽ വില്ലേജ് ഓഫീസറോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കാണാതായ രജിസ്റ്റർ ബൈൻഡ് ചെയ്യാൻ പുറത്തു കൊടുത്തിരിക്കുകയാണെന്നായിരുന്നു സ്‌പെഷ്യൽ വില്ലേജ് ഓഫീർ സനൽകുമാർ നൽകിയ മറുപടി. ഉടനടി അത് ഓഫീസിലെത്തിക്കണമെന്നു വിജിലൻസ് അധികൃതർ നിർദ്ദേശം നൽകി. തുടർന്ന് സനൽകുമാർ ഫോണിൽ മറ്റൊരാളുമായി ബന്ധപ്പെട്ട് രജിസ്റ്റർ അടിയന്തരമായി ഓഫീസിലെത്തിക്കാൻ നിർദ്ദേശിച്ചു. സംശയം തോന്നിയ വിജിലൻസ് സംഘം അതേ ഫോൺ നമ്പരിൽ വിളിച്ചു ചോദിച്ചപ്പോഴാണ് മറുതലയ്‌ക്കൽ ആധാരമെഴുത്തുകാരനാണെന്ന് ബോദ്ധ്യപ്പെട്ടത്. ശശാങ്കനെന്നൊരാളാണ് പിന്നീട് തണ്ടപ്പേർ രജിസ്റ്റർ ഓഫീസിൽ എത്തിച്ചത്. പ്രാഥമിക പരിശോധനയിൽ സ്‌പെഷ്യൽ വില്ലേജ് ഓഫീസറുടെ വഴിവിട്ടനീക്കം ബോദ്ധ്യപ്പെട്ടതിനാലാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
പരാതികൾ അനവധി
നേരത്തെ സ്ഥലം മാറിപ്പോയ വില്ലേജ് ഓഫീസറുടെ കാലത്ത് നിരവധി പരാതികളാണ് മണക്കാട് വില്ലേജിൽ നിന്നുണ്ടായിരുന്നത്. ആധാരമെഴുത്തുകാരും മണ്ണടിക്കുന്ന സംഘങ്ങളും ഭൂമാഫിയയുമാണ് വില്ലേജ് ഓഫീസിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നതെന്നായിരുന്ന പ്രധാന ആരോപണം. പുതിയ വില്ലേജ് ഓഫീസർ ചാർജെടുത്തെങ്കിലും വസ്തുവിന്റെ കരമൊടുക്കാൻ എത്തുന്നവർക്ക് തണ്ടപ്പേർ രജിസ്റ്റർ ഓഫീസിലില്ലാത്തതിനാൽ ഇതിന് കഴിയാത്ത അവസ്ഥയായിരുന്നു. ഇതേ തുടർന്നാണ് വിജിലൻസിന് പരാതി ലഭിച്ചത്.
"രജിസ്റ്ററുകൾ ബൈൻഡ് ചെയ്യാൻ കൊണ്ടുപോകണമെങ്കിൽ ഇക്കാര്യം ഓഫീസിൽ രേഖപ്പെടുത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ അവ കൊണ്ടുപോയി അന്നുതന്നെ മടക്കി കൊണ്ടുവരികയും വേണം. ബൈൻഡ് ചെയ്യാൻ ആധാരമെഴുത്തുകാരനെയല്ല ഏൽപ്പിക്കേണ്ടത് .അന്വേഷണത്തിൽ തട്ടിപ്പ് ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിക്ക് ശുപാർശ ചെയ്തത്."-സബിൻ
ഡെപ്യൂട്ടി കളക്ടർ ( വിജിലൻസ്,സൗത്ത് സോൺ )