pirayil

മലയിൻകീഴ്: പേയാട് പിറയിലെ വീട്ടിൽ ഒളിപ്പിച്ച 187 കിലോ കഞ്ചാവ് എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പേയാട് പിറയിൽ മഠത്തിൻവിള റോഡിൽ ഒലിപ് വിളാകത്ത് വീട്ടിൽ അനീഷ് (32), ഇയാളുടെ കൂട്ടാളിയും പ്രദേശവാസിയുമായ സജി (36) എന്നിവർക്കെതിരെ കേസെടുത്തു. പേയാട് കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് ഇടപാട് നടക്കുന്നതായി എക്സൈസ് കമ്മിഷണറുടെ ദക്ഷിണ മേഖല സ്‌ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 12ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 2.2 കിലോ വീതമുള്ള 87 പ്ലാസ്റ്റിക് കവറുകളിലാണ് കഞ്ചാവ് കണ്ടെത്തിയത്.

ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്ന സംഘത്തിൽ അനീഷും സജിയുമാണെന്ന് പൊലീസ് വ്യക്തമാക്കി. ആന്ധ്രയിൽ താമസിച്ച് കൊറിയർ

പാഴ്സലായിട്ടാണ് സംഘം കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത്. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ ഒന്നാംപ്രതിയും വീട്ട് ഉടമയുമായ അനീഷ് (32) സ്ഥലത്തില്ലായിരുന്നു. കൂട്ടാളി സജി (36) അപ്പോഴേക്കും ഓടി രക്ഷപ്പെട്ടു.

കഴിഞ്ഞ ആറുമാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കഞ്ചാവ് വേട്ടയാണിത്. തച്ചോട്ടുകാവ്, പേയാട് സിനിമാ തിയേറ്ററിന് മുന്നിൽ പാർക്ക് ചെയ്‌തിരുന്ന ഇന്നോവ കാറിൽ സൂക്ഷിച്ചിരുന്ന 500 കിലോയിലേറെ കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തിരുന്നു. തുടർന്ന് എക്സൈസ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങൾ ഒരാഴ്ചയായി പേയാട് പിറയിൽ ഭാഗത്ത് നിരീക്ഷണം നടത്തിവരികയായിരുന്നു. റെയ്ഡിൽ എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് സി.ഐ ആർ. രാജേഷ്, എ. പ്രദീപ്‌ റാവു, നെയ്യാറ്റിൻകര എക്സൈസ് സി.ഐ എ.പി.ഷാജഹാൻ, കമ്മിഷണർ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ആദർശ്, വൈശാഖ് വി. പിള്ള, എ.കെ. അജയകുമാർ, പ്രവിന്റീവ് ഓഫീസർ ഫിലിപ്പ് തോമസ്, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ കെ.എൻ. സുരേഷ് കുമാർ, എം.അസിസ്, നജ്മുദ്ദീൻ, എസ്. ശിവൻ എന്നിവരും നെയ്യാറ്റിൻകര,​ കാട്ടാക്കട എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.