ഭർതൃസഹോദരനെതിരെ വധശ്രമത്തിന് കേസ്
തിരുവനന്തപുരം: ഭർതൃസഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തിയ പോത്തൻകോട് പണിമൂല തെറ്റിച്ചിറ വൃന്ദഭവനിൽ വൃന്ദയുടെ (28) ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ് മെഡിക്കൽ കോളേജിലെ ബേൺ ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന വൃന്ദയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. സഹോദര ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചശേഷം കാറിനുള്ളിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ അണ്ടൂർക്കോണം പണിമൂല തെറ്റിച്ചിറ പുതുവൽപുത്തൻവീട്ടിൽ സിബിൻലാലിനെതിരെ (29) പൊലീസ് വധശ്രമത്തിന് കേസെടുത്തു. വിഷം ഉള്ളിൽ ചെന്നതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിബിൻ ലാൽ അപകട നില തരണം ചെയ്തെങ്കിലും ആശുപത്രിയിൽ തുടരുകയാണ്. ഇന്നലെ രാത്രി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഡിസ്ചാർജ് ചെയ്താലുടൻ ഇയാളെ കോടതിയിൽ ഹാജരാക്കും.
പോത്തൻകോട് വാവറയമ്പലം കാവുവിളയിൽ ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വൃന്ദയുടെ ഭർത്താവ് സബിൻരാജിന്റെ അനുജനാണ് സിബിൻ ലാൽ. വൃന്ദ തയ്യൽ പഠിക്കുന്ന കാവുവിളയിലെ തയ്യൽ സ്ഥാപനത്തിലെത്തിയാണ് ഇയാൾ ആക്രമണം നടത്തിയത്. കാറിലെത്തിയ സിബിൻലാൽ കുപ്പിയിലും പ്ലാസ്റ്റിക്ബാഗിലും സൂക്ഷിച്ചിരുന്ന പെട്രോൾ വൃന്ദയുടെ ദേഹത്തേയ്ക്കൊഴിക്കുകയായിരുന്നു. ഭയന്ന് നിലവിളിച്ചുകൊണ്ട് വൃന്ദ അടുത്ത വീട്ടിലേക്കോടിയെങ്കിലും പിന്തുടർന്ന സിബിൻ പപ്പായ തണ്ടിൽ പന്തം കെട്ടി അതിൽ തീ കൊളുത്തി എറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തീ കെടുത്താൻ ശ്രമിക്കുന്നതിനിടെ സിബിൻലാൽ കാറിൽ രക്ഷപ്പെട്ടു. നാട്ടുകാരാണ് വൃന്ദയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ പൊലീസ് നടത്തിയ തെരച്ചിൽ ഇയാളുടെ കാറിലെ ജി.പി.എസ് വഴി ലൊക്കേഷൻ തിരിച്ചറിഞ്ഞ് അരമണിക്കൂറിനിടെ മുട്ടത്തറയ്ക്ക് സമീപത്ത് നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. പൊലീസ് പിടികൂടിയപ്പോൾ വിഷം കഴിച്ചതായി ഇയാൾ വെളിപ്പെടുത്തിയതിനെ തുടർന്ന് പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചു. ഭർത്താവുമായി ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് വൃന്ദ അറിയിച്ചതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഭർത്താവുമായി പിണങ്ങിയ വൃന്ദ കുറച്ച്കാലമായി കുടുംബവീട്ടിലാണ് കഴിയുന്നത്. ഭർത്താവിനോടൊപ്പം ജീവിക്കണമെന്ന് സിബിൻലാൽ വൃന്ദയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് വൃന്ദ തയ്യാറായിരുന്നില്ല. വീടിനടുത്തുള്ള തയ്യൽക്കടയിൽ വൃന്ദ തയ്യൽപഠിക്കുന്നതറിഞ്ഞ സിബിൻലാൽ ബുധനാഴ്ച രാവിലെ കടയിലെത്തി ജ്യേഷ്ഠനോടൊപ്പം ജീവിക്കണമെന്ന് വൃന്ദയോടാവശ്യപ്പെട്ടു. സമ്മതമല്ലെന്ന് വൃന്ദ അറിയിച്ചതിനെത്തുടർന്ന് അവിടെനിന്നും പോയ സിബിൻലാൽ അൽപസമയത്തിന് ശേഷം പെട്രോളുമായി മടങ്ങിയെത്തി ആക്രമണം നടത്തുകയായിരുന്നു. പോത്തൻ കോട് സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം.