തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് അപകടമരണമാണെന്ന നിഗമനത്തിലെത്തിയ സി.ബി.ഐ. അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. സി.ബി.ഐ അന്വേഷണ സംഘത്തലവൻ അനന്തകൃഷ്ണനാണ് ഇത് സംബന്ധിച്ച് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് നൂറിലധികം പേരുടെ മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ബാലഭാസ്കറിന്റെ കുടുംബത്തെയും മാനേജർമാരായിരുന്ന വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി എന്നിവരെ ചോദ്യംചെയ്യുകയും ചെയ്തു. ഇവരെ രണ്ടുപേരെ കൂടാതെ കലാഭവൻ സോബി, ഡ്രൈവർ അർജുൻ എന്നിവരെ നുണപരിശോധനയ്ക്കും വിധേയരാക്കിയിരുന്നു. എന്നാൽ നുണപരിശോധനയിൽ കലാഭവൻ സോബിയുടെയും അർജുന്റെയും വാദങ്ങൾ തെളിയിക്കാനായില്ലെന്നാണ് റിപ്പോർട്ട്.
അപകടത്തിന് മുമ്പ് ബാലഭാസ്കറിന്റെ വാഹനത്തെ ഒരു സംഘം ആക്രമിച്ചെന്നായിരുന്നു കലാഭാവൻ സോബിയുടെ വാദം. അപകട സമയത്ത് വാഹനമോടിച്ചത് ബാലഭാസ്കറാണെന്നായിരുന്നു അർജുന്റെ മൊഴി. എന്നാൽ ഈ രണ്ട് വാദങ്ങളും നുണപരിശോധനയിൽ തെളിയിക്കാനായില്ലെന്നാണ് സി.ബി.ഐ. വൃത്തങ്ങൾ റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ബാലഭാസ്കറിന്റെ മരണം അപകടമരണമല്ലെന്നും ദുരൂഹതയുണ്ടെന്നുമുള്ള നിലപാടിലാണ് മാതാപിതാക്കളും ബന്ധുക്കളും. സിബിഐ റിപ്പോർട്ടിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.