വനിതാ പിങ്ക് ബാൾ ടെസ്റ്റ് : സ്മൃതി മന്ദാനയ്ക്ക് സെഞ്ചുറി
ഗോൾഡ് കോസ്റ്റ് : ആസ്ട്രേലിയക്കെതിരായ പിങ്ക് ബാൾ ടെസ്റ്റിൽ ചരിത്ര സെഞ്ചുറി സ്വന്തമാക്കി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന. ഒന്നാം ദിനത്തിലേ പോലെ മഴ രസം കൊല്ലിയായ രണ്ടാം ദിനം സ്റ്രമ്പെടുക്കുമ്പോൾ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 267 റൺസെടുത്തിട്ടുണ്ട്. മഴയ്ക്കൊപ്പം ഇടിവെട്ടും ഉണ്ടായിതിനാൽ അവസാന സെക്ഷൻ പൂർണമായും ഉപേക്ഷിക്കേണ്ടി വന്നു.
132/1 എന്ന നിലയിൽ രണ്ടാം ദിനം പുനരാരംഭിച്ച സ്‌മൃതിയുടെ സെഞ്ചുറിയായിരുന്നു ഇന്നലത്തെ ഹൈലൈറ്ര്. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 80 റൺസായിരുന്നു സ്‌മൃതിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇന്നലെ ഇന്ത്യൻ ഇന്നിംഗ്സിലെ 52-ാം ഓവറിലെ അഞ്ചാം പന്തിൽ എല്ലിസ് പെറിയെ ലെഗ് സൈഡിൽ ബൗണ്ടറിയിലേക്ക് പായിച്ചാണ് സ്‌മൃതി ടെസ്റ്റിലെ തന്റെ കന്നി സെഞ്ചുറി കുറിച്ചത്. ആസ്ട്രേലിയൻ മണ്ണിൽ വനിതാ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമുൾപ്പെടെ ഒരുപിടി റെക്കാഡുകൾ സ്മൃതി സ്വന്തമാക്കി. സ്മൃതിയുടെ വിക്കറ്ര് തന്നെയാണ് ഇന്നലെ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗാർഡ്നറുടെ പന്തിൽ തഹിയ മക്ഗ്രാത്ത് പിടിച്ചാണ് സ്മൃതി പുറത്തായത്. 216 പന്ത് നേരിട്ട് 22 ഫോറും 1 സിക്സും ഉൾപ്പെട്ടതാണ് സ്മൃതിയുടെ 127 റൺസിന്റെ ഇന്നിംഗ്സ്. പൂനം റാവത്തിനൊപ്പം രണ്ടാം വിക്കറ്റിൽ 102 റൺസിന്റെ റെക്കാഡ് പാർട്ണർഷിപ്പ് ഉണ്ടാക്കിയിട്ടാണ് സ്മൃതി മടങ്ങിയത്.
അധികം വൈകാതെ പൂനം റാവത്ത് (36) സോഫി മോളിന്യൂക്സിന്റെ പന്തിൽ വിക്കറ്ര് കീപ്പർ അലക്സാ ഹീലി പിടിച്ച് പുറത്തായി. അമ്പയർ നോട്ടൗട്ട് വിധിച്ചിട്ടും പൂനം മടങ്ങിയത് സ്‌പോർട്സ്‌മാൻ സ്‌പിരിറ്റിന്റെ ഉദാത്ത മാതൃകയായി. ക്യാപ്ടൻ മിതാലി രാജ് (30) റണ്ണൗട്ടായപ്പോൾ അരങ്ങേറ്രക്കാരി യസ്തിക ഭാട്ടിയ
മൂണിയുടെ പന്തിൽ എല്ലിസ് പെറി പിടിച്ച് പുറത്തായി. 21 റൺസുമായി ദീപ്തി ശർമ്മയും റൺസൊന്നുമെടുക്കാതെ താനിയ ഭാട്ടിയയുമാണ് മഴയും ഇടിയും മൂലം മത്സരം നിറുത്തിവയ്ക്കുമ്പോൾ ക്രീസിൽ ഉള്ളത്. ഓസീസിനായി മോളിന്യൂക്സ് 2 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
സ്‌മൃതിയുടെ റെക്കാഡുകൾ
127- ആസ്ട്രേലിയൻ മണ്ണിൽ വനിതാ ടെസ്റ്റിൽ ഒരു വിദേശ താരം നേടുന്ന ഏറ്രുവും ഉയർന്ന സ്കോർ.ഇംഗ്ലണ്ടിന്റെ മോളി ഹൈഡ് (124) 1949ൽ കുറിച്ച റെക്കാഡാണ് സ്മൃതി മറികടന്നത്.
1-ആസ്ട്രേലിയയിൽ ടെസ്റ്രിൽ ഒരിന്ത്യൻ വനിതാ താരം നേടുന്ന ആദ്യ സെഞ്ചുറി. വനിതാ ടെസ്‌റ്റിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യൻ താരത്തിന്റെ രണ്ടാം സെഞ്ചുറി.
ആസ്ട്രേലിയയിൽ സെഞ്ചുറി നേടുന്ന ഇംഗ്ലീഷ് താരമല്ലാത്ത ആദ്യവനിതാ താരമാണ് സ്മൃതി.
ടെസ്റ്റിലും ഏകദിനത്തിലും ആസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സ്മൃതി
ടെസ്റ്റിൽ ഇന്ത്യൻ വനിതാ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. 170 പന്തിലാണ് മന്ദാന സെഞ്ചുറി തികച്ചത്. എവേ ടെസ്റ്റിൽ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമാണ് സ്മൃതി.
പൂനം റാവത്തുമൊത്ത് രണ്ടാം വിക്കറ്രിൽ കൂട്ടിച്ചേർത്ത 102 റൺസിന്റെ കൂട്ടുകെട്ടും ഇന്ത്യൻ റെക്കാഡാണ്.
പൂനത്തിന് കൈയടിച്ച് ക്രിക്കറ്ര് ലോകം
അമ്പയറുടെ തീരുമാനത്തിന് കാത്ത് നിൽക്കാതെ പവലിയനിലേക്ക് മടങ്ങിയ ഇന്ത്യൻ ബാറ്രർ പൂനം റാവത്തിന്റെ സത്യസന്ധതയ്ക്ക് കൈയടിച്ച് കായിക ലോകം. സോഫി മോളിന്യൂക്സ് എറിഞ്ഞ 81-ാമത്തെ ഓവറിലെ 4-ാം പന്തിൽ പ്രതിരോധിക്കാൻ ശ്രമിച്ച പൂനത്തിന്റെ ബാറ്രിൽ ഉരസിയ പന്ത് വിക്കറ്ര് കീപ്പർ അലക്സാ ഹീലി പിടിച്ചു. എന്നാൽ ഓസീസ് താരങ്ങളുടെ അപ്പീൽ അംഗീകരിക്കാൻ അമ്പയർ തയ്യാറായില്ല. എന്നാൽ ബാറ്റിൽ തട്ടിയിട്ടുണ്ടെന്ന് മനസിലാക്കിയ പൂനം അമ്പയറുടെ മുഖത്തേക്ക് പോലും നോക്കാതെ പവലിയനിലേക്ക് നടക്കുകയായിരുന്നു. 165 പന്ത് നേരിട്ട് 36 റൺസ് അദ്ദേഹം നേടിയിരുന്നു. പൂനത്തിന്റെ സത്യസന്ധതയ്ക്ക് അഭിനന്ദന പ്രവാഹമാണ് വിവിധ കോണുകളിൽ നിന്നുയരുന്നത്.