covishield-

സിഡ്നി: ഇന്ത്യൻ നിർമ്മിത കൊവിഡ് വാക്സിനായ കൊവിഷീൽഡിന് അനുമതി നൽകി ആസ്‌ട്രേലിയ. അന്താരാഷ്ട്ര യാത്രയ്ക്കുള്ള അംഗീകൃത വാക്സിനായി കൊവിഷീൽഡിനെ അംഗീകരിച്ചതായി ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ അറിയിച്ചു. കൊവിഷീൽഡിനൊപ്പം ചൈനീസ് നിർമ്മിത വാക്സിനായ സിനോവാകിനും അംഗീകാരം നൽകിയിട്ടുണ്ട്.

ഇതോടെ കൊവിഡ് വ്യാപനത്തെ തുടർന്നുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ആസ്ട്രേലിയയിലേക്ക് തിരിച്ചെത്താനാകും. ഉപരിപഠനത്തിനായി ആസ്ട്രേലിയയിലെത്തുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമാണ്. അതിനാലാണ് കൊവിഷീൽഡിനും സിനോവാകിനും അംഗീകാരം നല്കാൻ ആസ്ട്രേലിയ തീരുമാനിച്ചത്.
കർശന നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി. വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്ക് രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾക്ക് അനുമതിയുണ്ട്. എന്നാൽ രാജ്യത്ത് അംഗീകരിച്ച വാക്സിനെടുത്തവർക്കും ഹോം ക്വാറന്റൈൻ നിർബന്ധമാണ്. അതേസമയം, വാക്സിൻ സ്വീകരിക്കാത്തവർക്ക് രണ്ടാഴ്ച ഹോട്ടൽ ക്വാറന്റൈൻ നിർബന്ധമാണ്.

ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്ക് 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈനിൽ ഇളവ് ലഭിക്കുമെന്ന് ഖത്തർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 20ന് അടച്ച രാജ്യാന്തര അതിർത്തികൾ അടുത്ത മാസം തുറക്കുമെന്നും മോറിസൺ അറിയിച്ചു. 80 ശതമാനത്തിൽ കൂടുതൽ പേർ വാക്സിൻ സ്വീകരിച്ച സംസ്ഥാനങ്ങളുടെ അതിർത്തികളാണ് തുറക്കാനൊരുങ്ങുന്നത്. യാത്രക്കാർക്ക് കൊവിഡ് പരിശോധന നിർബന്ധമാണെങ്കിലും ആന്റിജൻ പരിശോധന നടത്തിയവർക്ക് ഇളവ് നൽകുന്നത് ആലോചനയിലാണെന്നാണ് റിപ്പോർട്ടുകൾ.

ഓക്‌സ്‌ഫഡ് സർവകലാശാലയും ഇംഗ്ലണ്ടിലെ അസ്ട്രാസെനക ബഹുരാഷ്ട്ര മരുന്നുകമ്പനിയും ചേർന്നാണ് കൊവിഷീൽഡ് വികസിപ്പിച്ചെടുത്തത്. ഇതിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്.