തിരുവനന്തപുരം: വാഹന പാർക്കിംഗിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ എ.എസ്.ഐയെ സി.ഐ കൈയേറ്റം ചെയ്തതായി പരാതി. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ജവഹറിന് നേരെയാണ് കൈയേറ്റമുണ്ടായത്. വാക്കേറ്റത്തിനിടെ ജവഹറിന്റെ മൊബൈൽ ഫോണും സി.ഐ തട്ടിയെടുത്തെറിഞ്ഞതായും പറയപ്പെടുന്നു. നെടുമങ്ങാട് സി.ഐ രാജേഷിനെതിരെയാണ് പരാതി. ജവഹറിന്റെ പരാതിയിൽ സംഭവത്തിൽ ഫോർട്ട് അസി.കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
പഴവങ്ങാടിയിൽ നോ പാർക്കിംഗ് മേഖലയിൽ സി.ഐ വാഹനം നിറുത്തിയിട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. നിരോധിത മേഖലയായതിനാൽ ജവഹർ ട്രാഫിക് പൊലീസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലിടാനായി വാഹനത്തിന്റെ ഫോട്ടോയെടുത്തു. ഈ സമയത്ത് സി.ഐ മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും കാറിനകത്തേക്ക് ശക്തിയായി എറിയുകയുമായിരുന്നു. രോഷാകുലനായ സി.ഐ തന്നെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും തന്റെ മൊബൈൽ ഫോൺ എറിഞ്ഞുതകർത്തുവെന്നും ചൂണ്ടിക്കാട്ടിയാണ് ജവഹർ പരാതി നൽകിയിരിക്കുന്നത്.
ആൾക്കൂട്ടം നോക്കിനിൽക്കെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐയോട് സി.ഐയുടെ അപമര്യാദയോടെയുള്ള പെരുമാറ്റം.
പിന്നീട് ജവഹർ ഫോർട്ട് പൊലീസിൽ വിവരമറിയിക്കുകയും സ്ഥലത്തേക്ക് കൂടുതൽ പൊലീസുകാർ എത്തുകയും ചെയ്തു. സി.ഐ അസഭ്യം പറഞ്ഞെന്നും ജവഹറിന്റെ പരാതിയിലുണ്ട്. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ സി.ഐ നിഷേധിച്ചു. വാഹനം പാർക്ക് ചെയ്തതിന്റെ പേരിൽ ജവഹർ തന്നെ അസഭ്യം വിളിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നുവെന്നാണ് സി.ഐയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും അടിസ്ഥാനമാക്കി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.