വകുപ്പ് തല നടപടി വരും
കോഴിക്കോട്: കഞ്ചാവ് കേസിലെ പ്രതിയായ ബ്യൂട്ടീഷ്യൻ യുവതിക്ക് 500 രൂപ നൽകിയ സംഭവത്തിൽ എസ്.ഐക്കെതിരെ അന്വേഷണ റിപ്പോർട്ട്. കോഴിക്കോട് കുന്ദമംഗലം സ്റ്റേഷനിലെ എസ്.ഐയാണ് പൈസ നൽകി വെട്ടിലായത്. 18.7 കിലോഗ്രാം കഞ്ചാവുമായാണ് തൃശൂർ മുല്ലശേരി സ്വദേശി ലീന (43), സുഹൃത്തും പാലക്കാട് സ്വദേശിയുമായ സനലിനെ (34)യും ലീനയെയും സുഹൃത്ത് പാലക്കാട് സ്വദേശിയായ സനലിനേയും (34) കുന്ദമംഗലം ടൗണിൽ വച്ച് ആഗസ്റ്റ് 30ന് രാവിലെ 6.30 ഓടെയാണ് പൊലീസും ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫും ചേർന്ന് പിടികൂടിയത്. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കഞ്ചാവുമായി വിൽപനയ്ക്ക് പോവുകയായിരുന്നു ഇവർ. ഒന്നര മാസമായി ഇരുവരും ചേവരമ്പലത്ത് വാടകയ്ക്ക് താമസിച്ചായിരുന്നു ബിസിനസ് നടത്തിവന്നത്. ലീനയ്ക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ കുന്ദമംഗലം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. സെപ്തംബർ 18ന് ചോദ്യം ചെയ്യലിന് ശേഷം ജയിലിൽ തിരികെയെത്തിക്കുന്നതിന് മുമ്പുള്ള ദേഹപരിശോധനയിലാണ് ലീനയിൽ നിന്ന് 500 രൂപയുടെ നോട്ട് കണ്ടെത്തിയത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് പണം എസ്.ഐ. നൽകിയതാണെന്ന് ലീന വെളിപ്പെടുത്തിയത്.ജയിലിൽ നിന്നിറങ്ങിയശേഷം തിരിച്ച് നൽകിയാൽ മതിയെന്ന് പറഞ്ഞാണ് എസ്.ഐ. പണം നൽകിയതെന്നും ലീന വനിതാ പൊലീസിന് മൊഴി നൽകി. ഇക്കാര്യങ്ങളെല്ലാം വനിതാ പൊലീസ് സ്റ്റേഷനിൽ റെക്കാഡായി രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവം സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ റിപ്പോർട്ട് ചെയ്തതോടെ കോഴിക്കോട് സിറ്റി പൊലീസ് ചീഫ് എ.വി. ജോർജ് അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് അസി. കമ്മിഷണർ കെ. സുദർശൻ അന്വേഷണം നടത്തി. എസ്.ഐയുടെ നടപടിയിൽ ദുരുദ്ദേശമുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ആരോപണ വിധേയനായ എസ്.ഐ മുമ്പും നടപടി നേരിട്ടയാളാണ്.