ബീജിംഗ്: ലോകം തങ്ങളുടെ പരിധിയിലാക്കാനുളള ചൈനീസ് ശ്രമങ്ങളുടെ ശക്തമായ തെളിവുകൾ മറ്റ് രാജ്യങ്ങൾ പുറത്തുവിടാറുണ്ട്. എന്നാൽ ശരിക്കും ലോകം മുഴുവൻ അവർ നിരീക്ഷിക്കുന്നുണ്ടെന്നതിന് തെളിവായി ചൈനീസ് മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.
ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ ദി ഗ്ലോബൽ ടൈംസ് തന്നെ അത്തരം ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചു. ഒരു സർവകലാശാലയിലെ കുട്ടികളുടെ ചിത്രം ഒപ്പിയെടുത്തത് ബഹിരാകാശത്തുളള ഉപഗ്രഹം വഴിയായിരുന്നു. ജിലിൻ-1 ഉപഗ്രഹം ഉപയോഗിച്ചായിരുന്നു ഇത്. ഉപഗ്രഹത്തിലെ ഏഴാം നമ്പർ ക്യാമറയിൽ കുട്ടികളുടെ ചിത്രം ഭംഗിയായി പതിഞ്ഞു.
ചൈനയിലെ ആദ്യ വാണിജ്യ സാറ്റലൈറ്റ് ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്. ഭൂമിയുടെ വളരെ അടുത്താണ് ഇതിന്റെ ഭ്രമണപഥം. ചൈനീസ് സർക്കാർ അധീനതയിലുളള ചാങ്‌ചുൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഒപ്‌റ്റിക്ക്സ്, ഫൈൻ മെക്കാനിക്‌സ് ആന്റ് ഫിസിക്‌സിന് കീഴിലെ ദി ചാങ് ഗുവാങ് സാറ്റലൈറ്റ് കമ്പനി 2030ഓടെ ഭൂമിയെ ഇത്തരത്തിൽ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങളുടെ നക്ഷത്രസമൂഹം ഉണ്ടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജിലിൻ-1 നക്ഷത്രസമൂഹം എന്നാണ് ഇതിന് പേര്. 138ഓളം ഹൈ പെർഫോമൻസ് ഒപ്‌റ്റിക്കൽ റിമോട്ട് സെൻസിംഗ് ഭൂനിരീക്ഷണ സാറ്റലൈറ്രുകൾ വഴി പരമാവധി 10 മിനുട്ടിനിടയിലെ ഭൂമിയിലെ എല്ലാ കാര്യങ്ങളും ഒപ്പിയെടുക്കുമാറ് മൂടിനിൽക്കും.
ഇതിലൂടെ കൃഷി,വനവൽക്കരണം, ഭൂമിശാസ്ത്രപരമായ നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം,സ്‌മാർട്ട് സിറ്റി, ഭൂമിയുടെ ആസൂത്രണം ഇവ സാദ്ധ്യമാകുമെന്നാണ് ചൈന പറയുന്നതെങ്കിലും മറ്റ് രാജ്യങ്ങളെ സസൂക്ഷ്‌മം നിരീക്ഷിക്കുകയും ലക്ഷ്യമാകാം.
ഇതിന് സൂചകമായൊരു കാര്യം മുൻപ് സൗത്ത് ഏഷ്യ മിറർ പത്രം റിപ്പോർട്ട് ചെയ്‌തിരുന്നു. പാകിസ്ഥാൻ ചൈനയിൽ നിന്നും ഇത്തരം സാറ്റലൈറ്റുകൾ വാങ്ങി. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ ക്യാമ്പുകളുടെ കൃത്യമായ സ്ഥലം അറിയാനായിരുന്നു അത്.
2020 സെപ്‌തംബറിൽ ഒൻപത് ജിലിയൻ-1 സാറ്റലൈറ്റുകൾ ചൈന കടലിൽ നിന്നും വിക്ഷേപിച്ചു. ഭാരം കുറഞ്ഞ എന്നാൽ മികച്ച ക്യാമറയുളള കൃത്രിമ ഉപഗ്രഹങ്ങളായിരുന്നു ഇവ. 20202 ഡിസംബറിൽ ചാങ് ഗുവാങ് സാറ്റലൈറ്റ് കമ്പനി നിക്ഷേപമായി 375 മില്യൺ അമേരിക്കൻ ഡോളറാണ് ശേഖരിച്ചത്. ഇതും ചൈനയുടെ ജിലിയൻ-1 നക്ഷത്രസമൂഹത്തിനായാണ്. ഈ വർഷം അവസാനത്തോടെ 60 ഉപഗ്രഹങ്ങൾ ഈ നക്ഷത്ര സമൂഹത്തിലെത്തിക്കാനും പിന്നീട് വരുന്ന എട്ട് വർഷങ്ങൾ കൊണ്ട് 78 ഉപഗ്രഹങ്ങൾ അയക്കാനുമാണ് ശ്രമങ്ങൾ നടക്കുന്നത്. ഇത് 2030ഓടെ സാക്ഷാത്‌കരിക്കപ്പെട്ടാൽ ഇന്ത്യയുൾപ്പടെ രാജ്യങ്ങൾക്ക് അത് ഭീഷണിതന്നെയാകും.