കാബൂൾ : താലിബാൻ സർക്കാരിന്റെ മറവിൽ തിരച്ചിലുകൾ നടത്താനെന്ന വ്യാജേന ജനങ്ങളുടെ വീടുകളിൽ അതിക്രമിച്ച് കയറുന്നതിനെതിരെ അഫ്ഗാൻ ഇടക്കാല പ്രധാനമന്ത്രി മുല്ല ഹസൻ അഖുന്ദ്.
രാജ്യത്ത് അധികാരത്തിലെത്തിയത് മുതൽ പുതിയ സർക്കാരിന്റെ പേര് പറഞ്ഞ് താലിബാൻ ഭീകരർ നിരപരാധികളുടെ വീടുകളിൽ അതിക്രമിച്ചു കയറി വാഹനങ്ങളും വസ്തുക്കളും പിടിച്ചെടുക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇത് സംബന്ധിച്ച് കാബൂളിലെ അഭയാർഥി മന്ത്രാലയ ഓഫീസിലെ പരാതി കമ്മീഷനിൽ ഇത് സംബന്ധിച്ച് നിരവധി പരാതികൾ എത്തിയതോടെയാണ് പ്രധാനമന്ത്രി ഉത്തരവിറക്കുകയായിരുന്നു.
രാജ്യത്തിന്റെ ഏതെങ്കിലും പ്രദേശത്ത് ഒരു തിരച്ചിൽ ആവശ്യമാണെങ്കിൽ അതിന് പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ട്. അനുമതി ഇല്ലാതെ തിരച്ചിലുകൾ നടത്താൻ ആരെയും അനുവദിക്കില്ലെന്നും ഓഫീസ് വ്യക്തമാക്കി.
സൈനിക ഉദ്യോഗസ്ഥർ, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എന്നിവർ സ്വകാര്യ വീടുകൾ ഉപേക്ഷിച്ച് സൈനിക താവളങ്ങളിലേക്ക് മാറണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു. താലിബാൻ അധികാരത്തിലെത്തിയതോടെ മന്ത്രാലയങ്ങളിലെ ചില ജീവനക്കാർ അവരുടെ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പുതിയ തീരുമാനം. അതേ സമയം അഫ്ഗാനിൽ നിന്ന് പാക്കിസ്ഥാനിലേക്ക് പലായനം ചെയ്യാൻ ശ്രമിക്കുന്ന അഫ്ഗാൻ പൗരന്മാരെ അതിർത്തിയിൽ തടഞ്ഞ് താലിബാൻ ഭീകരർ. രാജ്യത്തിന്റെ തെക്കൻ അതിർത്തിയായ സ്പിൻ ബോൾഡാക്കിൽ വച്ചാണ് ജനങ്ങളെ തടഞ്ഞത്. അഫ്ഗാനിസ്ഥാനിൽ നിന്നുകൊണ്ട് രാജ്യത്തിന്റെ പുനർ നിർമാണത്തിൽ പങ്കാളിയാകാനാണ് താലിബാൻ ഭരണകൂടം ഇവരോട് ആവശ്യപ്പെടുന്നത്. എല്ലാ ദിവസവും 8000 മുതൽ 9,000 വരെ ആളുകൾ മതിയായ രേഖകൾ ഇല്ലാതെ അതിർത്തി കടക്കാൻ ശ്രമിക്കുന്നുവെന്നാണ് വിവരം. ഇവരെ പാക് സേന അഫ്ഗാനിലേക്ക് തന്നെ തിരിച്ചയക്കുന്നുണ്ട്.