pea

തൃശൂർ: വൈദികസേവനത്തിൽ നിന്നും വിരമിച്ചവർ താമസിക്കുന്ന രാമവർ‌മ്മപുരം വിയ്യാനിഭവൻ ഡയറക്‌ടറായ ഫാ.ദേവസി പന്തല്ലൂക്കാരൻ(65) മയിലിനെ കൊന്ന കേസിൽ അറസ്‌റ്റിൽ. തൃശൂർ ഫോറസ്‌റ്റ് ഫ്‌ളയിംഗ് സ്‌ക്വാഡ് റെയ്‌ഞ്ച് ഓഫീസർ ഭാസി ബാഹുലേയനാണ് ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്.

വിയ്യൂ‌ർ പൊലീസ് സ്‌റ്റേഷന് എതിർവശത്തുള‌ള വിയ്യാനിഭവൻ പരിസരത്ത് പക്ഷികൾ കടക്കാതിരിക്കാൻ വലയിട്ടിട്ടുണ്ട്. ഈ വലയിൽ ഇന്ന് വൈകിട്ട് കുടുങ്ങിയ മയിലുകളെ വൈദികൻ വടികൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം കസേരയിൽ വച്ച് മൂടിയിരിക്കുകയായിരുന്നു. ദേശീയ പക്ഷിയെ കൊലപ്പെടുത്തിയതിനും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂളിൽ പെടുന്ന സംരക്ഷിക്കപ്പെടുന്ന പക്ഷിയായതിനാലും ഇവയെ കൊല്ലുന്നതും ജഡം കൈവശം വയ്‌ക്കുന്നതും കുറ്റകരമാണ്.

കസ്‌റ്റ‌ഡിയിലെടുത്ത വൈദികനെയും മയിലുകളുടെ ജഡവും കേസിന്റെ തുടരന്വേഷണത്തിന് പട്ടിക്കാട് ഫോറസ്‌റ്റ് സ്‌റ്റേഷന് കൈമാറി. മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മയിലുകളെ കൊല്ലുന്നത്.