ദുബായ്: ഐ.പി.എല്ലിൽ ഇന്നലെ ആവേശം അവസാന ഓവറോളം നീണ്ട മത്സരത്തിൽ കൊൽക്കത്ത നൈറ്ര് റൈഡേഴ്സിനെ 5 വിക്കറ്രിന് തോൽപ്പിച്ച് കിംഗ്സ് ഇലവൻ പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷ നിലനിറുത്തി.
ആദ്യം ബാറ്ര് ചെയ്ത കൊൽക്കത്ത നൈറ്ര് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 165 റൺസ് നേടി. മറുപടിക്കിറങ്ങിയ കൊൽക്കത്ത മൂന്ന് പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തി (168/5). അവസാന ഓവറുകളിൽ നിറഞ്ഞാടിയ ഷാരൂഖ് ഖാനാണ് നിർണായക ഘട്ടത്തിൽ തകർപ്പൻ ഫിനിഷിംഗുമായി പഞാബിനെ വിജയതീരത്തെത്തിച്ചത്. 9 പന്ത് നേരിട്ട് 1 ഫോറും 2 സിക്സും ഉൾപ്പെടെ 22 റൺസുമായി ഷാരൂഖ് പുറത്താകാതെ നിന്നു. ക്യാപ്ടൻ കെ.എൽ രാഹുൽ (55 പന്തിൽ 67), മായങ്ക് അഗർവാൾ (27 പന്തിൽ 40, മൂന്ന് വീതം സിക്സും ഫോറും) എന്നിവർ തുടക്കം മുതൽ പുറത്തെടുത്ത മികച്ച ബാറ്രിംഗും പഞ്ചാബ് വിജയത്തിൽ നിർണായകമായി. വരുൺ ചക്രവർത്തി കൊൽക്കത്തയ്ക്കായി രണ്ട് വിക്കറ്ര് വീഴ്ത്തി.
നേരത്തേ 49 പന്തിൽ 9 ഫോറും 1 സിക്സും ഉൾപ്പെടെ 67 റൺസ് എടുത്ത വെങ്കിടേഷ് അയ്യരാണ് കൊൽക്കത്തയുടെ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. രാഹുൽ ത്രിപതി (26 പന്തിൽ 34), നിതിഷ് റാണ (18 പന്തിൽ 31) എന്നിവരും കൊൽക്കത്ത ബാറ്രിംഗ് നിരയിൽ തിളങ്ങി. ശുഭ്മാൻ ഗില്ലും (7), ഒയിൻ മോർഗനും (2) നിരാശപ്പെടുത്തി.