ലക്‌നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അദ്ദേഹത്തിന്റെ ഓഫീസിൽ ചെന്നുകണ്ട് ആശംസകളറിയിച്ച് ബോളിവുഡ് താരം കങ്കണാ റണാവത്. ലക്‌നൗവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയ നടി സൗഹൃദ സന്ദർശനത്തിനാണ് എത്തിയതെന്നാണ് നൽകുന്ന സൂചന.
അയോദ്ധ്യയിലെത്തി ശ്രീരാമചന്ദ്രന്റെ അനുഗ്രഹം വാങ്ങാൻ മുഖ്യമന്ത്രി നടിയോട് ആവശ്യപ്പെട്ടു. ഇതിന് നന്ദിയായാണ് രാമനെപ്പോലെ തപസ്വിയായ രാജാവ് ഇവിടെ ഭരിക്കുന്നുവെന്ന് കങ്കണ പറഞ്ഞത്. ഇരുവരും തമ്മിൽ കൂടിക്കാഴ്‌ചയുടെ ഉദ്ദേശ്യം പുറത്തുവിട്ടിട്ടില്ല.
ബിജെപിയ്‌ക്ക് അനുകൂലമായി പ്രസ്‌താവനകൾ നടത്താറുളള കങ്കണ മുംബയിൽ ശിവസേന സർക്കാരിനെ ഉൾപ്പടെ രാഷ്‌ട്രീയ പ്രതിയോഗികളെ രൂക്ഷമായി വിമർശിക്കാറുണ്ട്. കങ്കണ നായികയായ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്‌പദമാക്കിയുളള 'തലൈവി' എന്ന ചിത്രം ഇപ്പോൾ ഒടിടി വഴി പുറത്തിറങ്ങിയിട്ടുണ്ട്.