കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിഥിന മോളുടെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. നിഥിന മോളെ കൊലപ്പെടുത്താൻ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയിരുന്നു. ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ഇത് വാങ്ങിയതെന്ന് അഭിഷേക് പൊലീസിനോട് പറഞ്ഞു.
പ്രതിയെ ഇന്ന് കാമ്പസിലെത്തിച്ച് തെളിവെടുപ്പ് നടത്തും. അഭിഷേകിനെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പെൺകുട്ടി പ്രണയം നിരസിച്ചതോടെ അമ്മയടക്കമുള്ളവർക്ക് ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നു. ഫോൺ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് നടപടി തുടങ്ങി.
നിഥിന മോളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ്‌മോർട്ടം. മൃതദേഹം ഉച്ചയോടെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ശേഷം ബന്ധുവീട്ടിൽ സംസ്‌കരിക്കും. ഇന്നലെ രാവിലെ 11.20നായിരുന്നു കൊലപാതകം നടന്നത്. രണ്ട് വർഷമായി പ്രണയത്തിലായിരുന്നെന്നും, നിഥിന പിൻമാറിയതാണ് പകയ്ക്ക് കാരണമെന്നുംഅഭിഷേക് പൊലീസിനോടു പറഞ്ഞിരുന്നു.