കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ മ്യൂസിയത്തിലെ ശിൽപങ്ങൾ പിടിച്ചെടുത്തു. പുലർച്ചയോടെയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ഇവിടെയെത്തി പരിശോധന നടത്തിയത്. ശിൽപി സുരേഷിന്റെ പരാതിയിലാണ് നടപടി.
വിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ളവയാണ് പിടിച്ചെടുത്തത്. മോൻസണ് എട്ട് ശിൽപങ്ങളും വിഗ്രഹങ്ങളുമാണ് ശിൽപി സുരേഷ് നൽകിയത്. 80 ലക്ഷം നൽകാമെന്ന് മോൻസൺ പറഞ്ഞെങ്കിലും സുരേഷിന് എഴ് ലക്ഷം രൂപ മാത്രമാണ് കിട്ടിയത്.
മോൻസൺ തട്ടിയെടുത്ത കോടികൾ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. ജീവനക്കാരുടേത് ഉൾപ്പടെ ഉള്ള ബിനാമി അക്കൗണ്ടുകളിലേക്കാണ് ഇയാൾ പണം വാങ്ങിയിരുന്നതെന്നാണ് സൂചന. ബിനാമികളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. മോൻസണിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
.