nidhina

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന നിഥിനയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അഭിഷേകിന്റെ മൊഴി പുറത്ത്. പ്രണയം തുടരാൻ നിഥിനയോട് അഭ്യർത്ഥിക്കാനും, അവൾ അതിനു തയ്യാറായില്ലെങ്കിൽ സ്വന്തം കൈത്തണ്ട മുറിച്ചു ഭീഷണിപ്പെടുത്താനുമായിരുന്നു തന്റെ പദ്ധതിയെന്ന് അഭിഷേക് പൊലീസിനോട് പറഞ്ഞു.

കൈത്തണ്ട മുറിക്കുമ്പോൾ സഹതാപം പിടിച്ചു പറ്റാമെന്നായിരുന്നു അഭിഷേകിന്റെ പ്രതീക്ഷ. എന്നാൽ കാമ്പസിൽവച്ചു സംസാരിക്കാൻ ശ്രമിച്ചെങ്കിലും നിഥിന ഒന്നും മിണ്ടിയില്ല. ഇതോടെ തന്റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്ന് പ്രതി പറഞ്ഞതായി ഡി വൈ എസ് പി ഷാജു ജോസ് പറഞ്ഞു.

നിഥിനയ്ക്ക് അഭിഷേകിനേക്കാൾ പ്രായമുണ്ടായിരുന്നു.വീട്ടുകാർക്ക് ഈ ബന്ധത്തോടു താൽപര്യമില്ലായിരുന്നു. എന്നാൽ അഭിഷേക് പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല. ഒരു വർഷം മുൻപ് നിഥിന തന്റെ വീട്ടിൽ എത്തിയിരുന്നതായും പ്രതി പൊലീസിന് മൊഴി നൽകി. കൃത്യം നടത്തിയ ശേഷം പൊലീസ് എത്തുന്നതു വരെ അഭിഷേക് സംഭവ സ്ഥലത്തു തന്നെ നിന്നു. ഇയാളുടെ ഷർട്ടും ദേഹത്തെ രക്തത്തിന്റെ സാംപിളും പൊലീസ് ശേഖരിച്ചു.