തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ വിശദമായ അന്വേഷണം നടത്തുന്നതിന് വിജിലൻസ് ശുപാർശ. സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലടക്കമായിരുന്നു അന്വേഷണം. സുധാകരനെതിരെ നൽകിയ പരാതിയിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്നായിരുന്നു പ്രാഥമികമായി അന്വേഷിച്ചത്. ഇതിന് ശേഷമാണ് വിശദമായ അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയിരിക്കുന്നത്.
കണ്ണൂർ ഡി സി സി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് സുധാകരൻ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് പരാതി. കഴിഞ്ഞ ജൂൺ ഏഴിനാണ് പ്രശാന്ത് ബാബു വിജിലൻസിന് പരാതി നൽകിയത്. സുധാകരനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ എന്തെങ്കിലും നിയമതടസ്സമുണ്ടോ എന്ന് വിജിലൻസ് നിയമോപദേശം തേടിയിട്ടുണ്ട്.
1987 മുതല്‍ 93 വരെ സുധാകരന്‍റെ ഡ്രൈവറായിരുന്ന പ്രശാന്ത് ബാബു, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായും നഗരസഭാ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ കൈയിൽ സുധാകരനെതിരെ എല്ലാ വിധ തെളിവുകളുമുണ്ടെന്നും മമ്പറം ദിവാകരൻ അടക്കമുള്ള നേതാക്കൾ നേരിട്ടാണ് തനിക്ക് ഈ തെളിവുകൾ കൈമാറിയതെന്നും പ്രശാന്ത് പറഞ്ഞു.