sudhakaran-satheesan

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനെതിരായ വിജിലൻസ് അന്വേഷണത്തെ എതിർക്കുന്ന നിലപാട് കോൺഗ്രസോ സുധാകരനോ ഒരു കാലത്തും എടുത്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബ്രണ്ണൻ കോളേജുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടന്ന ഒരു വാഗ്വാദത്തിന്റെ പശ്ചാത്തലത്തിൽ സുധാകരനുമായി പിണങ്ങിപോയ അദ്ദേഹത്തിന്റെ ഡ്രൈവറെ കൊണ്ട് പരാതി കൊടുപ്പിക്കുകയായിരുന്നുവെന്ന് സതീശൻ പറഞ്ഞു.

ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നാണ് സുധാകരൻ പറഞ്ഞത്. എന്നാൽ വിജിലൻസ് അന്വേഷണത്തെ രാഷ്ട്രീയ വിരോധം തീർക്കാൻ ഉപയോഗിച്ചാൽ തങ്ങൾ അതിനെ രാഷ്ട്രീയമായി നേരിടുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കണ്ണൂർ ഡി സി സി ഓഫീസ് നിർമാണവുമായി ബന്ധപ്പെട്ട് സുധാകരൻ അഴിമതി നടത്തിയെന്നും അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നുമാണ് സുധാകരന്റെ മുൻ ഡ്രൈവറായ പ്രശാന്ത് ബാബുവിന്റെ പരാതി. കഴിഞ്ഞ ജൂൺ ഏഴിനാണ് പ്രശാന്ത് ബാബു വിജിലൻസിന് പരാതി നൽകിയത്. സുധാകരനെതിരെ നൽകിയ പരാതിയിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന പ്രാഥമിക അന്വേഷണത്തിനു ശേഷം വിശദമായ അന്വേഷണത്തിന് വിജിലൻസ് ഇന്ന് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.