bribery

ഭോപാൽ: ചെറിയ തുകകൾ കൈക്കൂലിയായി വാങ്ങുന്നതിൽ തെറ്റില്ലെന്ന് ബി എസ് പി എം എൽ എ രാംബായി. ചെറിയ ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വരികയും പെട്രോൾ ഉൾപ്പെടെയുള്ള ദൈനംദിന ചിലവുകൾ ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുകയും ചെയ്യുമ്പോൾ കൈക്കൂലി വാങ്ങാൻ ഉദ്യോഗസ്ഥർ നിർബന്ധിതരായി തീരുകയാണെന്ന് എം എൽ എ പറഞ്ഞു.

ചെറിയ തുകകൾ കൈക്കൂലിയായി വാങ്ങുന്നത് കറിയിൽ ഉപ്പിടുന്നത് പോലെ സർവ്വസാധാരണമാണെന്ന് രാംബായി പറയുന്ന ഒരു വീഡിയോ മൂന്ന് ദിവസങ്ങൾക്കു മുമ്പ് സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മദ്ധ്യപ്രദേശിലെ ദമോഹ് നിയോജകമണ്ഡലത്തിൽ നിന്നുള്ള എം എൽ എയായ രാംബായി, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതിയുമായി തന്നെ സമീപിച്ച ഗ്രാമവാസികളോടാണ് കൈക്കൂലിയെ അനുകൂലിച്ച് സംസാരിച്ചത്.

ഒരു സ്വകാര്യ ടി വി ചാനലിനോട് സംസാരിക്കുന്നതിനിടയിൽ വിവാദ വീഡിയോയിലുള്ള എം എൽ എയുടെ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു രാംബായി കൈക്കൂലി വാങ്ങുന്നതിനെ അനുകൂലിച്ച് വീണ്ടും സംസാരിച്ചത്. കൈക്കൂലി തന്റെ ഗ്രാമത്തിലെ മാത്രം പ്രശ്നമല്ലെന്നും രാജ്യം മുഴുവൻ ഇത് പടർന്നു പിടിച്ചിരിക്കുകയാണെന്നും ഇതെല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും രാംബായി ന്യായീകരിച്ചു. ഇതിനുമുമ്പും ഇത്തരത്തിലുള്ള നിരവധി വിവാദ പ്രസ്താവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് രാംബായി.